രചന : ശിവരാജൻ, കോവിലഴികം മയ്യനാട്✍

നേരമൊരുങ്ങുന്നിരുട്ടിനെ വേല്ക്കുവാൻ
അന്തിത്തിരി തെളിച്ചില്ലയിന്നമ്പിളി
ആരൊരാൾ കാവലിന്നിട്ടെന്നറിയില്ല മൗന-
ത്തിനെ തെല്ലുനേരമായിങ്ങനെ .

വിറയാർന്നുനിന്നെരിയുന്നൊരു പാട്ട-
വിളക്കിനിയേറെയില്ലായുസ്സതെന്നപോൽ
നേർത്തുനേർത്തൊടുവിൽ പിണങ്ങിപ്പിരിഞ്ഞൊരാ
തേങ്ങൽ മറന്നുറങ്ങുന്നൊരു പൈതൽ

തൻമണിമുത്തിനെ നെഞ്ചോടണച്ചമ്മ
നെറുകയിലുമ്മകളേകുന്നിടയ്ക്കിടെ
ഉഴറുംമനസ്സിലെയസ്വസ്ഥചിന്തകൾ
അശ്രുവായ്ത്തൂകിയിന്നമ്മതൻ മിഴികളിൽ

മിന്നലിടിവാളുമായ് വന്നു, കരിമുകിൽ
മിന്നാമിനുങ്ങുകൾ പേടിച്ചകന്നുപോയ്
കലികൊണ്ട കാറ്റത്തൊടിഞ്ഞുവീണു പടു-
വൃദ്ധനാം മുറ്റത്തെ മൂവാണ്ടൻമാവ് .

ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു പൈതൽ പാവം
വാടിത്തളർന്നുപോ’യവനെന്നാകിലും
കണ്ണുംമിഴിച്ചവൻ നോക്കിടുമ്പോൾ കള്ളൻ
കാറ്റൂതി, വെട്ടം കെടുത്തി, മദിച്ചുപോയ്

വയറിന്റെ ചുടുനീറ്റലറിയുമാ കുഞ്ഞിന്റെ
രോദനം ചിതറുന്നു, മുറിയുന്നു വാനിൽ
ഇരുൾ വന്നു, കണ്ണുകൾ പൊത്തിക്കളിക്കുമ്പോ-
ളിറുകെപ്പുണർന്നവനമ്മയെപ്പിന്നെയും

അന്തി വന്നിട്ടുമിന്നെന്തേ വരാത്തതെ –
ന്നച്ഛൻ പുലർകാലേ പോയതല്ലേ!
അന്തിക്കവല പിരിഞ്ഞുകാണില്ലേ, പി-
ന്നെന്തിത്രവൈകുവതിന്നുമേ അച്ഛൻ?

ഇത്തിരിക്കഞ്ഞി കുടിച്ചതല്ലേ, അതു-
മിന്നലെയെന്നതുമമ്മ മറന്നുവോ?
ഏറെക്കൊതിച്ചു ഞാൻ പാത്തുവച്ചിട്ടുമാ
മൂവാണ്ടൻമാങ്ങയും കട്ടുപോയാരോ!

ചിരിയൊന്നെടുത്തമ്മ ചൂടുന്നു വാടിയ
ചുണ്ടിൽ വിടരാതെയടരുമ്പോഴും
കൊഞ്ചിക്കുവാനേറെയുള്ളം കൊതിച്ചതി-
ന്നായില്ലയമ്മയ്ക്കു വിങ്ങിയാ നെഞ്ചകം

‘അച്ഛനൊന്നിങ്ങു വന്നെത്തിയാലത്താഴ-
മാക്കിടാമമ്മയെൻ മുത്തേ നിനക്കായ്’
തുള്ളികളായങ്ങടർന്ന ദുഃഖത്തിന്റെ
നീർമുത്തുടഞ്ഞു, നനഞ്ഞു പൊന്നുണ്ണിയും

ഊർന്നുവീഴുന്നോരശ്രുകണങ്ങളെ
കൈവിരൽകൊണ്ടു ബന്ധിച്ചു ബാലകൻ
അമ്മയെത്തൊട്ടുനിൽക്കുമ്പോളെന്നിലെ
നോവതെല്ലാം മറന്നുപോകുന്നു ഞാൻ

ഈശ്വരനിശ്ചയമാകിടാമിസ്ഥിതി,ഹാ !!
അല്ലെങ്കിൽ മുജ്ജന്മപാപവുമായിടാം
എന്തു ചൊല്ലേണ്ടു ഞാനുണ്ണിയോടിന്നിനി
കാലക്കണക്കിൻകണക്കറിയാത്തവൾ!

മുറ്റത്തു വന്നെത്തിനോക്കുന്നിടയ്ക്കിടെ
മാനത്തുനിന്നുമാ മിന്നലിൻതേരുകൾ
മെയ്ക്കറുപ്പാർന്ന വിൺമേഘങ്ങളൊന്നിച്ചു
പൊട്ടിച്ചിരിക്കുന്നൊരുന്മാദിപോലവേ

തുള്ളിക്കൊരുകുടംപോലെയാണെങ്കിലും
ഉള്ളം തിളയ്ക്കുമ്പോൾ വർഷവുമുഷ്ണം
ആഴത്തിലെന്തോ തിരയുന്നു കൂരിരുൾ
ആകാശഭാഷിതം കേട്ടെന്നപോലവേ

സ്വപ്നത്തിലിത്തിരി അത്താഴമുണ്ണുവാൻ
നിദ്രതേടിത്തിരഞ്ഞാക്കുഞ്ഞുകണ്ണുകൾ
പാടാൻ മറന്നുപോയെങ്കിലുമമ്മതൻ
ഹൃത്തിലെ താളമൊരു താരാട്ടുപാടി

ആരറിഞ്ഞീടുന്നോരമ്മതൻ നെഞ്ചിൽനി-
ന്നാരവമില്ലാതെയടരുന്ന നോവുകൾ
അഗ്നിക്കുമീതേയൊരഗ്നിയുണ്ടെങ്കിലീ
ജഠരാഗ്നിയല്ലാതെ മറ്റെന്തു പാരിതിൽ!

ശിവരാജൻ, കോവിലഴികം മയ്യനാട്

By ivayana