രചന : വി.കെ.മുസ്തഫ ✍
ഗൾഫിലേക്ക് വരുമ്പോൾ നോക്കെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന വിശാലമായ മരുഭൂമിയും അതിലൂടെ അലഞ്ഞു നടക്കുന്ന ഒട്ടകങ്ങളുമൊക്കെയായിരുന്നു ഫാസിലിൻ്റെ മനസ്സിൽ. ദുബൈയിലെത്തി വർഷങ്ങൾ പലത് കഴിഞ്ഞിട്ടും മരുഭൂമിയോ ഒരു ഒട്ടകത്തെയോ കാണാൻ അവന് കഴിഞ്ഞില്ല.
ഒരു രാത്രിയിൽ വന്നിറങ്ങി അടുത്ത ദിവസം മുതൽ റസ്റ്റോറൻ്റിൽ ജോലി ചെയ്യാൻ തുടങ്ങിയതാണ്. ജോലിയും റൂമുമായി വർഷങ്ങൾ പറന്നു പോയി.
അവധിക്ക് നാട്ടിലേക്ക് പോയതും ഒരു രാത്രിയിൽ തന്നെ. എയർപ്പോട്ടിലേക്കുള്ള വഴിയിൽ വണ്ടിയിലിരുന്നു അവൻ പുറത്തേക്ക് നോക്കി. എവിടെ മരുഭൂമിയും അനാധിയായ ഒട്ടകങ്ങളും?
വർണ്ണങ്ങളിൽ കുളിച്ചു നിൽക്കുന്ന കെട്ടിടങ്ങളും അതിവേഗ പാതയിൽ ഒഴുകുന്ന വാഹനങ്ങളുമല്ലാതെ മറ്റൊന്നുമില്ല.
പള്ളിയിൽ നിന്നും പരിചയപ്പെട്ട വിസിറ്റ് വിസയിൽ ജോലി അന്യേഷിക്കുന്ന പയ്യനെ പകരക്കാരനാക്കിയാണ് ഫാസിൽ പോയത്.
നാട്ടിൽ നിന്നും തിരിച്ചു വന്നപ്പോൾ പയ്യൻ റസ്റ്റോറൻ്റിൽ വിസയൊക്കെയടിച്ച് സ്ഥിരക്കാരനായിരിക്കുന്നു. തൻ്റെ കട്ടിലും കിടക്കയുമൊക്കെ പയ്യൻ കയ്യടക്കിയിരിക്കുന്നു. മാറാൻ പറഞ്ഞിട്ട് കേൾക്കുന്നുമില്ല.
വേലയും കൂലിയുമില്ലാത്ത ചിലർ നിലത്ത് കിടക്കുന്നുമുണ്ട്.
എന്ത് ചെയ്യണമെന്നറിയാതെ ചുമരും ചാരി നിൽക്കുമ്പോൾ റൂമിലുള്ള സുലൈമാനിക്ക സഹതാപത്തോടെ പറയുന്നു:
ഒട്ടകത്തിനിടം കൊടുത്ത അറബിയുടെ ഗതിയായി പോയല്ലോ ഫാസിലെ നിനക്ക്?