രചന : കൃഷ്ണമോഹൻ കെ പി ✍

ത്വരിതഗമനമെന്നാലും വഴി മറന്നില്ലാ
അരികിൽ നിന്ന ആരെയുമേ കണ്ടിടാനില്ല
ഓടിയോടിനടന്നപ്പോൾ മറന്നു പോയോ,
അവനവൻ കടമ്പയെന്ന പടിപ്പുരയിന്ന്

ഒരു കിനാവിൻ തത്വശാസ്ത്രവിധിയതോർമ്മിച്ച്
ഒടുവിലത്തെപ്പടി ചവിട്ടാൻ ഒരുങ്ങി നില്ക്കുമ്പോൾ
ഒരിയ്ക്കലൊന്നു തിരിഞ്ഞു നോക്കും നമ്മളപ്പോഴോ
ഒരു നിമിഷം ചകിതനായി നിന്നു പോയീടാം

അതിവിശിഷ്ട വേദികളിൽ തിളങ്ങി നിന്നപ്പോൾ
അകലെ നിർത്തീ ബാന്ധവങ്ങൾ എന്നുമോർക്കാതെ,
അവസരങ്ങൾ തേടിയെന്നും കുതിച്ചു പാഞ്ഞപ്പോൾ
അവിടെ സ്നേഹചിന്തകൾക്കു വിലങ്ങു വീണില്ലേ?!

പുലരി മുതലീസന്ധ്യവരെയങ്ങോടിയെത്തുമ്പോൾ
പരജനത്തിൻ മനസ്സുകാണാൻ നാം ശ്രമിച്ചില്ലാ
പരിണതപ്രജ്ഞരായിട്ടഭിനയിക്കുമ്പോൾ
പലതരത്തിൽ നമ്മെ ലോകം പരിഹസിക്കുന്നൂ.


കൃഷ്ണമോഹൻ കെ പി

By ivayana