രചന : മനോജ്‌ കാലടി✍

നിന്റെ കൂടെയുറക്കമുണരുവോൾ
നിന്റെ കൂടെ ഉറങ്ങാതുറങ്ങുവോൾ.
നിന്റെ ശയ്യക്കരികിൽ ശയിക്കുവോൾ
നിൻ കരസ്പർശമേറ്റു നടക്കുവോൾ.

ഏതു ശൈത്യവും, ചൂടും, മഴയിലും
അലസതയൊട്ടും തീണ്ടിടാത്തോളിവൾ
നീ ഉണരുവാനല്പം വൈകിയാൽ
നിന്നെയെന്നും വിളിച്ചുണർത്തുമിവൾ.

നിൻ രഹസ്യങ്ങളെല്ലാമറിഞ്ഞവൾ
നിന്റെ ഹൃദയമിടിപ്പായി മാറിയോൾ.
നിന്റെ ലോകം പതിയെ തിരുത്തിയോൾ
നിന്റെ സമയം കവർന്നെടുത്തോളിവൾ.

തന്റെയുള്ളിലെ വലയാൽ കുരുക്കി
പതിയെ നിന്നെയടിമയായ് മാറ്റിയോൾ
നല്ല പാതിയെക്കാളും നിനക്കിവൾ
ഏറെ സൗഹൃദം പങ്കിട്ടു തന്നവൾ.

മെല്ലെ മെല്ലെ മടിയനായ് തീർന്നു നീ
ഏറെ കള്ളം പറഞ്ഞതിവൾ വഴി.
എത്ര തലയണമന്ത്രങ്ങൾ,വാർത്തകൾ
നിന്റെ കാതിലായ് ചൊല്ലിക്കഴിഞ്ഞിവൾ.

സദ്ഗുണങ്ങളിവളിൽ നീ കാണാതെ
ദുർഗുണങ്ങളെ പുൽകിക്കഴിയുമ്പോൾ
ഇവളെ തോണ്ടികളഞ്ഞുള്ള സമയങ്ങൾ
വന്നിടില്ല നാളെയെന്നറിയു നീ..!

മനോജ്‌ കാലടി

By ivayana