അരവിന്ദൻ പണിക്കാശ്ശേരി ✍
കുന്നംകുളത്ത് ഇന്നലെ അത്യപൂർവ്വമായ ഒരു പിറന്നാളാഘോഷം നടന്നു. സുഹൃത്തുക്കളും നാട്ടുകാരും കൂടി ബഹുമുഖ പ്രതിഭ വി.കെ. ശ്രീരാമന്റെ സപ്തതി ആചരിക്കാൻ തീരുമാനിച്ചിരിരുന്നു. കുന്നംകുളം തൃശ്ശൂർ റോഡിലുള്ള ബഥനി വിദ്യാലയമാണ് വേദിയായി നിശ്ചയിച്ചത്. കേരളമങ്ങോളമുള്ള സ്നേഹിതരും ആരാധകരും അവിടെ ഒത്തുകൂടി.
കെ.എൻ.ഷാജി എഡിറ്റ് ചെയ്ത ‘വേറിട്ട ശ്രീരാമൻ’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനവും മണിലാൽ സംവിധാനം ചെയ്ത ഡോക്യുമെന്റെറിയുടെ പ്രദർശനവും ആയിരുന്നു മുഖ്യ ആകർഷണം. ഉപചാരത്തിന്റെ കള്ളവാക്കുകൾ കലരാതെ അടുത്ത സുഹൃത്തുക്കളും സഹപ്രവർത്തകരും ശ്രീരാമേട്ടന് സപ്തതി മംഗളം നേർന്നു. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാരംഭിച്ച സ്നേഹവിരുന്ന് 9 മണിവരെ നീണ്ടു. സംഗീത നിശയോടെയാണ് സമാപിച്ചത്.
മുമ്പൊരിക്കൽ ശ്രീരാമേട്ടന്റെ ‘അന്യോന്യ’ത്തിൽ കടന്നിരിക്കാൻ കഴിഞ്ഞതിന്റെ സ്നിഗ്ദ്ധമായ ഓർമ്മ മനസ്സിലുണ്ട്. കവി റഫീക് അഹമ്മദിന്റെ കന്നി പുസ്തകത്തിന്റെ പ്രകാശനമായിരുന്നു അന്നത്തെ കർമ്മം. റഫീക്കിന്റെ പുലിയിറക്കം, ആനമയിലൊട്ടകം പോലുള്ള കവിതകൾ വാരികയിൽ വന്നപ്പോൾ വായിച്ചിരുന്നു. ഗാനരചയിതാവ് എന്ന ഖ്യാതി അന്നായിട്ടില്ല.
കുഞ്ഞുണ്ണി മാഷാണ് ആ പുസ്തക പ്രകാശനത്തിന്റെ കാര്യം പറഞ്ഞത്. ശ്രീരാമന്റെ ഫോൺനമ്പർ കുറിച്ച്തന്നിട്ട് മാഷ് പറഞ്ഞു:
ശ്രീരാമൻ കാറയക്കാമെന്ന് പറഞ്ഞിരുന്നു. അത് വേണ്ടെന്ന് പറയണം.യാത്ര ചെയ്യാൻ പ്രയാസം. കാലിലെ വരട്ട്ചൊറി കോപിച്ചിരിക്കുന്നു. നടക്കാൻ വയ്യാ.
ശ്രീരാമേട്ടനെ വിളിച്ച് കാര്യം പറഞ്ഞു.
“സാരല്യാ. മാഷെ പിന്നെ കൊണ്ടരാം. ഇപ്പോൾ അരവിന്ദൻ വരൂ. പെരുമ്പിലാവിലാണ്. വിളിച്ചാൽ മതി..”
അദ്ദേഹം പറഞ്ഞു. ആ യാത്രയും ആ അന്യോന്യവും ഇന്നും മറന്നിട്ടില്ല.അന്നാണ് ശ്രീരാമേട്ടന്റെ സംഘാടന വൈഭവം ബോധ്യമായത്. പേരും പ്രശസ്തിയുമില്ലാത്ത ഒരാളുടെ പുസ്തകത്തിന്റെ പ്രകാശനത്തിന് ഒരു പകൽ മുഴുവൻ ചെലവഴിക്കുക. കേരളമങ്ങോളമുള്ള കവികളേയും കലാകാരന്മാരേയും വിളിച്ചു വരുത്തുക – ഇയാൾക്കെന്താ ഭ്രാന്തുണ്ടോ എന്ന് ചിലർ സംശയിച്ചതായി ശ്രീരാമേട്ടൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. കുറച്ച് കിറുക്ക് തനിയ്ക്കുണ്ടെന്ന് സമ്മതിക്കുകയും ചെയ്തു.
ഉന്മാദത്തിന്റെ വക്കോളമെത്തിയ സാഹചര്യങ്ങൾ മുമ്പും ശ്രീരാമന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.
മാതൃഭൂമിവാരികയിൽ വർഷങ്ങൾക്ക് മുമ്പ് വായിച്ച ഒരു ലേഖനം ഓർമ്മവരുന്നു.
അനിയൻ നാട്ടിൽ പണിയൊന്നുമെടുക്കാതെ നടന്ന് അലമ്പാവണ്ട എന്ന് കരുതി ജ്യേഷ്ഠൻ വിസയെടുത്ത് ഒമാനിലേക്ക് കൂട്ടിക്കൊണ്ടുപോയിരിക്കയാണ്. ഏതോ കൺസ്റ്റ്രക്ഷൻ കമ്പനിയിലെ സ്റ്റോർകീപ്പറുടെ പണിയ്ക്കാണ്. തൊഴിലാളികൾ കുടിക്കുന്ന ദാഹനീരിന് പോലും ബോട്ടിലിൽ അടയാളം വയ്ക്കുന്ന ലെബനീസ് സൂപ്പർവൈസറുടെ കീഴിലാണ് പണിയെടുക്കേണ്ടത്.
ഹഠയോഗം പഠിച്ചിരുന്നുവെങ്കിൽ റൂവിയിൽ നിന്ന് ചാവക്കാട്ടേയ്ക്ക് കടലിന് മുകളിലൂടെ നടക്കാമായിരുന്നല്ലോ എന്ന് ചിന്തിക്കുന്ന ശ്രീരാമനെ അതിൽ കാണാം. മരുഭൂമിയിൽ കഴിയേണ്ടിവരുന്ന ഓരോ പ്രവാസിയുടെയുള്ളിലും ഉയരാറുള്ള ചിന്തകൾ തന്നെ.
രണ്ട് കൊല്ലം കഴിഞ്ഞേ തിരിച്ച് പോകാൻ പറ്റൂ. അങ്ങനെയാണ് കമ്പനിയുടെ ചട്ടം.
കണ്ണൊന്ന് വെട്ടിത്തുറക്കുന്നതിന് മുമ്പ് ഇരുപത് നിലയുള്ള ആറ് ദുർഗ്ഗങ്ങൾ മാനത്തേക്ക് പൊന്തണം.
ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് അയാൾ ദിവസവും കാണിപ്പയ്യൂരിന്റെ പഞ്ചാംഗം നോക്കി കാലഗണന നടത്തും. കന്നി,തുലാം,വൃശ്ചികം,ധനു, സപ്തമി,അഷ്ടമി,നവമി, ഏകാദശി,ദ്വാദശി,ത്രയോദശി..
അങ്ങനെ നാളും കൂറും ഗണിച്ച് എട്ടൊമ്പത് മാസം കഴിഞ്ഞപ്പോൾ ഇടവപ്പാതി പിറന്നു. പിന്നെ മിഥുനമായി. തിരുവാതിര ഞാറ്റുവേല കഴിഞ്ഞു.പത്ത് വെയിലും പത്ത്മഴയും കൊണ്ട് വെച്ച തൈത്തെങ്ങെല്ലാം വേര് പിടിച്ച് കാണും .ബി.സി.53- ന്റെ കോൺഗ്രീറ്റ് പ്ലാന്റിനടുത്ത് സിമന്റ് ഗോഡൗണിലിരുന്ന് അയാൾ ഓർത്തു.
കടൽക്കാക്കകൾ പറ്റി പ്പിടിച്ച പാറയുടെ മേലെ കയറി നിന്ന് കടൽപ്പരപ്പിന് മുകളിലൂടെ തെക്ക് കിഴക്കായി നോക്കി. അവിടെയാണ് പഴയ പൊന്നാനിത്താലൂക്ക്. തന്റെ കൗമാര കാലങ്ങളിലെന്നോ മരിച്ചുപോയ അച്ഛമ്മ സർപ്പക്കാവിൽ വിളക്ക് വയ്ക്കുന്നത് ഭൂമിശാസ്ത്രത്തിന്റെ വിലക്കുകളെ ലംഘിച്ച് ശ്രീരാമൻ കണ്ടു.
“കൊച്ചോ, പടിഞ്ഞാറ്റീടെ ജനലും വാതിലൊക്കെ അടച്ച് കുറ്റിട്ടോ.രാത്രി കാറ്റുംമഴേം ഒറപ്പാ..”
അയാൾ അച്ഛമ്മയുടെ ശബ്ദം കേട്ടു.
“ഞാൻ വീണ്ടും അച്ഛമ്മയുടെ ശബ്ദം കേൾക്കാൻ ചെവി വട്ടം പിടിച്ചു. ചുറ്റിലും ആരുമില്ലെന്ന് ഉറപ്പ് വരുത്തി ഉറക്കെ വിളിച്ചു :
‘യാ ഫത്താഫ്..
സർവ്വ ശക്തനായ തമ്പുരാനേ..’
“ആ നിമന്ത്രണം ആകാശവീഥികൾ തേടിയുയർന്നു. ആകാശത്തിന്റെ തെക്ക് കിഴക്കേ കോണിലൊരു നക്ഷത്രം പൊട്ടി.അത് സ്വാതന്ത്ര്യത്തിന്റെ അടയാളം കാട്ടി.എനിക്ക് ഭ്രാന്തായി..”
ഡോക്ടർ അഹമ്മദ് എന്ന പാക്കിസ്ഥാനി ഡോക്ടറാണ് ഇബിൻ സിനാ ആശുപത്രിയിൽ അയാളെ ചികിത്സിക്കാനെത്തിയത്. ഇളംനീല നിറത്തിലുള്ള വിഭ്രാന്തിയുടെ കുപ്പായം ഊരിയെടുക്കുമ്പോൾ ഡോക്ടർ അഹമ്മദ് രോഗിയുടെ തോളത്ത് സ്നേഹപൂവം തട്ടിക്കൊണ്ട് പറഞ്ഞു:
“നൗ യുവാർ ഓൾറൈറ്റ്. യുവർ കമ്പനി ഹാസ് എഗ്രീഡ് ടു സെന്റ് യു ടു സെലിബ്രേറ്റ് മൺസൂൺ..”
ആ ലേഖനവും സപ്തതി ഗ്രന്ഥത്തിലുണ്ട്. വാങ്ങി വായിക്കണേ..
ഫോട്ടോ – പ്രശസ്ത ശിൽപ്പി റിയാസ് കോമു രൂപകൽപ്പന ചെയ്ത മനോഹര ശിൽപ്പം അദ്ദേഹം തന്നെ വി.കെ. ശ്രീരാമന് കൈമാറുന്നു