രചന : സണ്ണി കല്ലൂർ✍

കറുത്തപക്ഷം…
വനത്തിലെ പൊന്തകാടിനുള്ളിൽ അവൻ നിശ്ചലമായി ഇരിക്കുകയാണ്. ഉടയോരും ശിഷ്യൻമാരും ഈ പരിസരത്ത് എവിടെയോ ഉണ്ട്. ചൂളംവിളി കേൾക്കുന്നതുവരെ ഇവിടം വിട്ട് പോകാൻ പാടില്ല. ഒരിക്കൽ വലിയ പാമ്പ് കാലിനു മുകളിലൂടെ ഇഴഞ്ഞുപോയി. ആദ്യം രാത്രിയിൽ ഭയം തോന്നുമായിരുന്നു. കാഴ്ച കുറവ്, ഇന്ന് നിലത്തുകൂടി പോകുന്ന ഉറുമ്പിനെ പോലും കാണം, ഇലകൾ ഉരുമ്മുന്ന സ്വരം… ചെറുമൃഗങ്ങൾ പലപ്പോഴും അടുത്തു വന്നിട്ടുണ്ട്.


ഊര് ശരിക്ക് ഓർമ്മയില്ല. ചെറിയ ചെറ്റകുടിലിൽ അധികം പേർ, തനിക്ക് എപ്പോഴും വിശപ്പ്, ദേഹം മുഴുവൻ ചൊറി. അത്രയും മാത്രം.
മുഖത്ത് താടിയും മീശയും വളർന്നു. കൈകാലുകളിൽ ശക്തിയുണ്ട്. വേഗത്തിൽ ഓടാം, നിലത്ത് പതിഞ്ഞ് എത്ര സമയം വേണമെങ്കിലും കിടക്കാം വേട്ടയാടാനും കെണി വയ്ക്കാനും അറിയാം, വലരിയിൽ മീനിനെ കുത്തി കോർത്തെടുക്കാൻ തനിക്കാണ് കഴിവ്. പലപ്രായത്തിലുള്ള അഞ്ചു പേർ കൂടെയുണ്ട് സംസാരം വളരെ കുറവ്.


വനത്തിനുള്ളിൽ എന്നോ ഒരു ദിവസം രാത്രിയിൽ എത്തിയതായി അറിയാം, നാലു കുടികൾ അടുത്തടുത്തായി ഉണ്ട്, ചെരുവിലാണ് പൂജ നടത്തുന്നത് അനേകം ബിംബങ്ങൾ.. പാമ്പും പക്ഷിയും പോലെ തോന്നുന്ന കറുത്ത രൂപിയാണ് തൻറ ദൈവം. ബലി കൊടുക്കണം.
അതിരാവിലെ മൂപ്പൻറ ശംഖുവിളി…. അരുവിയിൽ കുളിച്ച് ദൈവങ്ങളെ തൊഴുത് പിന്നെ കളരിയിലേക്ക്. തലേദിവസത്തെ ഭക്ഷണം കഴിച്ച് കൂട്ടുകാരൊന്നിച്ച് കാട്ടിലേക്ക്. മുയലും കാട്ടുമാക്കാനുമെല്ലാം വേട്ടയാടപ്പെടും ഉച്ചയോടെ ഇറച്ചി ചുട്ടെടുത്ത ഭക്ഷണം മതിയാവോളം ഇപ്പോൾ തനിക്കും ഒരു പാത്രം മദ്യം കുടിക്കുവാൻ കിട്ടുംപിന്നെ വിശ്രമമാണ്.

സന്ധ്യക്ക് എഴുന്നേറ്റാൽ രാത്രി വെളുക്കുന്നതുവരെ കഠിനമായ പരിശീലനങ്ങൾ. കുറുവടി, നീണ്ട് കനമുള്ള പോത്തിൻറ എല്ല്. ആണ് പ്രധാന ആയുധം. വേട്ടക്കിടയിൽ മൂർച്ചയേറിയ തേറ്റയുള്ള കാട്ടുപന്നിയുടെ മുന്നിൽ ചെന്നു പെട്ടു. താടിക്ക് പരിക്കേറ്റെങ്കിലും പന്നിയെ ഒറ്റക്ക് നേരിട്ടു. അന്നു മുതൽ കൂട്ടുകാർക്ക് തന്നോട് വലിയ ബഹുമാനമാണ്.


കുറുക്ക ചെളിയും കാട്ടിലകളുടെ നീരും ദേഹത്തു പുരട്ടും മനുഷ്യഗന്ധം മറ്റു മൃഗങ്ങൾക്ക് മനസ്സിലാകില്ല. കാളയുടെ കൊമ്പുള്ള തലയോട്ടി പാകപ്പെടുത്തി തലയിൽ ഉറപ്പിച്ച് മൃഗങ്ങളുടെ തോലു ധരിക്കും കാട്ടിലൂടെ അതിവേഗം നീങ്ങുവാനും ശത്രുക്കുളുടെ മുന്നിൽ ചാടിവീണ് ഭയപ്പെടുത്തി ഒരു നിമിഷം കൊണ്ടു് അപായപ്പെടുത്താനും ഒടിയൻമാർക്ക് കഴിയും. എന്താണ് സംഭവിച്ചതെന്ന് വിവരിക്കാൻ ആരും ഉണ്ടാകില്ല.


കൊല ദേവപ്രീതിയാണ്. ചെയ്തേ പറ്റു.
കുടിയിലെ ആറാട്ടിൻറ തലേദിവസം. അസ്തമനത്തിന് മുൻപ് യാത്ര തുടങ്ങിയതാണ്. ഉടയോൻ കൂടെ നാലൊ അഞ്ചോ പേർ. വനത്തിലൂടെ നടന്ന്. കുറച്ചു ജനവാസമുള്ള പ്രദേശത്ത് എത്തി. ഇരുട്ടാവാൻ ചോളവയലിൽ ഒളിച്ചിരുന്നു. പിന്നെ നടപ്പ് തുടർന്നു. നടപ്പാതയിലെത്തിയപ്പോൾ തന്നെ തനിച്ചാക്കിയിട്ട് എല്ലാവരും പോയി.
വെളുത്ത വസ്ത്രം ധരിച്ച ഒരു മനുഷ്യൻ ഈ വഴി വരും വധിക്കണം. അവൻ കുറ്റിക്കാടിനിടയിൽ ഇലകൾ കൊണ്ടു മറച്ച് കാത്തിരിക്കുകയാണ്. അയാൾ എപ്പോഴാണ് വരുന്നത്. തൻറ കഴിവുകൾ തെളിയിക്കാനുള്ള അവസരം. തൻറ കൂടെ വന്നവർ എവിടെ… ആരേയും കാണുന്നില്ല.


പതിവുപോലെ മൃഗത്തിൻറ തുകൽ തോളിലും തലയിൽ കൊമ്പുകളും അതി വേഗത്തിൽ നാലുകാലിൽ വേണം ആക്രമിക്കുവാൻ. മനുഷ്യൻ ആണെന്ന് ശത്രുക്കൾക്ക് തോന്നാൻ പാടില്ല. കാത്തിരുന്നു.
ദൂരെ വെളിച്ചം കണ്ടു തുടങ്ങി. രണ്ടു പന്തങ്ങൾ നാലിലധികം പേർ ഉണ്ടാകണം. അവൻ നിലത്ത് പതിഞ്ഞു കിടന്ന് നോക്കി. വെളുത്ത വസ്ത്രം ധരിച്ചയാൾ എവിടെ. കുറേശ്ശെ ശബ്ദം കേട്ടു തുടങ്ങി. കണ്ണുകൾ അടച്ച് നിശ്ചലനായി , കൂടുതൽ ആളുകൾ ഉണ്ട്. പല ശബ്ദങ്ങൾ. മദ്ധ്യഭാഗത്ത് ആജാനുബാഹുവായ ഒരാൾ മുന്നിലും പിന്നിലും മൂന്നു പേർ വിതം..


അവർ അടുത്തടുത്തു വരികയാണ്. അവരുടെ കൈയ്യിൽ ആയുധങ്ങൾ മൃഗങ്ങളെ കീഴടക്കാനും കൊല്ലാനും എളുപ്പമാണ്. മനുഷ്യരെ വിചാരിക്കുന്നതു പോലെ എളുപ്പമല്ല.
നടുവിൽ നടക്കുന്ന മനുഷ്യൻറ കാതിൽ വലിയ കടുക്കൻ വലതു കൈയ്യിൽ വടിയുണ്ട്. കിളുന്ത് ഇലയുടെ നിറമുള്ള വസ്ത്രം.


അവൻറ ദേഹം തളരുന്നു. അവർ അവനെ കടന്നു പോയി.
തോൽക്കാൻ പാടില്ല. അവൻ എഴുന്നേറ്റ് അൽപം ദൂരെയായി അവർക്കൊപ്പം നടക്കാൻ തുടങ്ങി.
പന്തത്തിൻറ വെളിച്ചത്തിന് പിന്നാലെ നീണ്ട നിഴലുകൾ. വയലിൽ നിന്നും ഉയർന്ന പറമ്പിലേക്ക് പടവുകൾ, അവൻ കാട്ടു പൂച്ചയെപ്പോലെ വേഗത്തിൽ അവരുടെ പിന്നിലെത്തി മുൻപ് നടന്നവർ പടവുകൾ കയറി മുകളിലെത്തി, അപ്പോഴേക്കും അവൻ തൻറ ഇരയുടെ മേൽ ചാടി വീണുകഴിഞ്ഞിരുന്നു.
പെട്ടെന്നുള്ള ആക്രമണത്തിൽ അവർ പതറിപ്പോയി. പന്തങ്ങൾ നിലത്തു വീണു. പിന്നിലുള്ളവർ പടവിൽ നിന്നും തെന്നി വശത്തേക്ക് മറിഞ്ഞു.
ആരോ കരഞ്ഞു, ഭയം നിറഞ്ഞ ആക്രോശങ്ങൾ, അതിനിടെ അവൻ അവിടം വിട്ട് പോയിരുന്നു.


അകലെ എത്തിയ ഉടനെ വൃക്ഷത്തിൽ കയറി അവർ അവിടെ തന്നെ നിൽക്കുകയാണ്, പന്തങ്ങൾ വീണ്ടും തെളിഞ്ഞു, ഒരാൾ നിലത്തു വീണു കിടക്കുന്നു. കൂടെയുള്ളവർ അയാളെ ഉയർത്താൻ ശ്രമിക്കുന്നു. മറ്റുള്ളവർ ആയുധങ്ങളുമായി എതിരിടാനുള്ള തയ്യറെടുപ്പിലാണ്.
എല്ലുംമുട്ടിയിൽ നനവ്, കൈത്തലം മുഴുവൻ ചോരയാണ്. അവൻ നാക്കു കൊണ്ട് തൊട്ടു. ചുടു രക്തം മനുഷ്യൻറ ചോര. വലിയ സന്തോഷം തോന്നി. താൻ വിജയിച്ചു. തഴെയിറങ്ങി മരത്തിൽ ചാരിയിരുന്നു. കാലിന് പരിക്കു പറ്റിയിട്ടുണ്ട്, സാരമില്ല പക്ഷേ തിരിച്ചു പോകാൻ വഴി അറിയില്ല, അവൻ ആലോചിച്ചു. ഒട്ടിപ്പിടിക്കുന്ന ചോര അവൻ ഇലകൾ പറിച്ച് ഒപ്പിയെടുത്തു.


ദൂരെ പന്തം കാണാനില്ല മരച്ചില്ലകളിൽ പ്രകാശം കാണുന്നുണ്ട്. എന്താണ് സംഭവിച്ചതെന്ന് അവന് ഇപ്പോഴും അറിയില്ല.
ആരോ അവൻറ തോളത്തു തൊട്ടു. അറിയാതെ ഞെട്ടി വടിയിൽ പിടി മുറുക്കി. അയാൾ തുകൽ കുപ്പായം അവനെ പുതപ്പിച്ചു. അപ്പോഴാണ് ഓട്ടത്തിനിടയിൽ അതു നഷ്ടപ്പെട്ടകാര്യം അവൻ അറിഞ്ഞത്
ഉടയോൻ മുളനാഴിയിൽ നിന്നും മദ്യം അവനെ കുടിപ്പിച്ചു പുറത്ത് തലോടി തലയിൽ കൈവച്ചു. അവർ യജമാനൻറ ശവം കൊണ്ടു പോയി. കുന്തക്കാരൻ അവിടെ വീണു കിടക്കുന്നു. കാവൽക്കാർ വീണ്ടും വരുമായിരിക്കും.. ശിഷ്യൻ അവനോട് പറഞ്ഞു.
താൻ ഒന്നും ഓർക്കുന്നില്ല. ഏതായാലും തൻറ കൂടെ വന്നവർ എല്ലാം തനിക്ക് ചുറ്റും ഉണ്ട്.

നാല് തലമുറകൾക്ക് മുൻപ്, വിജന പ്രദേശങ്ങളിൽ, വനങ്ങളിൽ ഒടിയൻമാർ ഉണ്ടായിരുന്നു. വാടകകൊലയാളികൾ, യാത്രക്കാരേയും കച്ചവടസംഘങ്ങളേയും പതിയിരുന്ന് ആക്രമിച്ച് മോഷണം കൊല ഇതായിരുന്നു അവരുടെ കുലതൊഴിൽ. മെയ് വഴക്കമുള്ള പോരാളികൾ… മൃഗങ്ങളുടെ രൂപത്തിലും വേഗതയിലും മരങ്ങളിലൂടെ അപ്രത്യക്ഷമാവാനും അവർക്ക് കഴിവുണ്ടായിരുന്നു.


അവരെ പറ്റിയുള്ള അൽഭുതകരമായ കഥകൾ നാടാകെ പരന്നു. രാത്രിയിൽ പുറത്തിറങ്ങാൻ മനുഷ്യർക്ക് ഭയം.
വൈദ്യുതിയും വീതിയേറിയ വഴികളും വാഹനങ്ങളും വന്നു. ജനം പെരുത്തു. അതോടെ ഒടിയൻമാർ അപ്രത്യക്ഷമായി..
ആധുനികലോകത്തെ നവമനുഷ്യർ ഒടിയൻമാർ ചെയ്തതിനേക്കാളും പതിൻമടങ്ങ് ക്രൂര കൊലപാതകങ്ങൾ പച്ചയായി പകൽ ചെയ്യുന്നു.
പൊടിപ്പും തൊങ്ങലും ചിത്രങ്ങൾ സഹിതം നാലിരട്ടിയായി വിവരിച്ച് പത്രമാദ്ധ്യമങ്ങൾ അത് വിറ്റ് കാശാക്കുന്നു.


നിലത്ത് പിടക്കുന്ന ഹൃദയം കാണുമ്പോൾ കൂടെ നിന്ന് സെൽഫി എടുക്കുന്നകാലം…
ഒടിയൻമാരുടെ അറിവില്ലായ്മ, അന്ധവിശ്വാസങ്ങൾ, ആചാരങ്ങൾ ഏറ്റവും ഉപരി വിശപ്പ്, അവരുടെ തെറ്റുകൾ നമുക്ക് ക്ഷമിക്കാം…

സണ്ണി കല്ലൂർ

By ivayana