രചന : മംഗളാനന്ദൻ ✍

ഒരു മെയ്ദിനത്തിന്റെ
ജാഥ, ചെങ്കൊടിയേന്തി
തെരുവിൽക്കൂടി വീണ്ടും
വരവായ്, അതിലേക്ക്
തൊഴിലില്ലായ്മാവേത-
നത്തിന്റെ ക്യൂവിൽ നിന്നു
വഴിമാറി ഞാൻ വന്നു
കയറിക്കൂടി വേഗം.
പണ്ടൊരു നാളിൽ “ചിക്കാ-
ഗോ”വിന്റെ തെരുവുകൾ
കണ്ടൊരു പോരാട്ടത്തിൻ
കഥകൾ വീണ്ടും കേട്ടു.
തെരുവിൽ വെടിയേറ്റു
വീണ പേരറിയാത്ത
അരുമ സഖാക്കളേ,
നിങ്ങൾക്കു വീണ്ടും സ്വസ്തി.
തടവിൽ വിചാരണ
കഴിഞ്ഞു കഴുമര –
ക്കുടുക്കിൽ കുരുങ്ങിയ
കൂട്ടരേ,യഭിവാദ്യം!
പേശിതൻ ബലവും കു-
ബുദ്ധിയും സാമ്രാജ്യങ്ങൾ
കാശിനു വിപണനം
ചെയ്യുമീ ലോകത്തെന്നും
ചങ്ങലക്കുരുക്കുക-
ളൊളിഞ്ഞു കിടക്കുന്നു
നിങ്ങളെപ്പൂട്ടാൻ, നവ-
കാലത്തിൻ സഖാക്കളേ !
പുതിയ സാമ്രാജ്യത്വ-
മോഹങ്ങളദൃശ്യമായ്
പണിതീടുന്നു പുത്തൻ
കോളനികളെ വീണ്ടും.
നവകോളനികളിൽ
സ്വാർഥത വളരുന്നു,
ഭുവിയിൽ മനുഷ്യത്വം
മണ്ണടിയുന്നു വീണ്ടും.
നരജീവിതത്തില-
സ്വാസ്ഥ്യങ്ങൾ പെരുകുമ്പോൾ
തെരുവിലൊരിടത്തും
സമരം തീരുന്നില്ല!

മംഗളാനന്ദൻ

By ivayana