ഫോട്ടോഗ്രാഫിക് മാന്ത്രികൻ വിടവാങ്ങിയിട്ട്
പത്തൊൻപത് വർഷം പിന്നിട്ടു. ചില ഇതിഹാസങ്ങൾ അങ്ങനെയാണ് ഓർമ്മകളുടെ ഒരു സാഗരം ഒരുക്കിയിട്ട് വിട പറയും.വിക്ടറും അങ്ങിനെയായിരുന്നു.
മിഴിവാർന്ന ചിത്രങ്ങളുടെ ഒരു മാന്ത്രികച്ചെപ്പ് സമ്മാനിച്ചിട്ട് ജീവിതത്തിന്‍റെ അവസാന ഫ്രെയിമില്‍ നിന്ന് കുടയും ചൂടി വിക്ടര്‍ മരണത്തിലേക്ക് നടന്നുപോയിട്ട് ഒരുവര്‍ഷം കൂടി കടന്നു പോവുന്നു.
ഇടുക്കി ജില്ലയിലെ വെള്ളിയാനിയിലുണ്ടായ ഉരുള്‍പൊട്ടലിന്‍റെ ചിത്രമെടുക്കാനാണ് മലയാള മനോരമ ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജ്ജ് പോയത്. തോരാതെ പെയ്ത പേമാരിയും മിന്നലും ഉരുള്‍പൊട്ടലുമെല്ലാം തുടരെതുടരെ വിക്ടറിന്‍റെ ക്യാമറയില്‍ ഒരു മാന്ത്രികൻ്റെ വിദ്യ പോലെ പതിഞ്ഞുകൊണ്ടിരുന്നു.
മഴയുടെ രൗദ്രഭാവങ്ങളുടെ ചിത്രങ്ങള്‍ എടുത്തിട്ടും എടുത്തിട്ടും മതിവരാതെ ഇരുള്‍ വന്ന വഴിയിലൂടെ വിക്ടര്‍ നടന്നു. വിക്ടറിന്‍റെ സുഹൃത്ത് ജിയോ ടോമി നോക്കുമ്പോള്‍ അങ്ങകലെ മലമുകളിലെത്തിയിരുന്നു വിക്ടര്‍. കൂടുതല്‍ മുകളിലേക്ക് കയറിപ്പോകുന്ന വിക്ടറിനെ ജിയോ ക്യാമറയില്‍ പകര്‍ത്തി. പാന്‍റ് മുകളിലേക്ക് തെറുത്ത് വച്ച്, കുടയും ചൂടി മലമുകളിലേക്ക് ഏകാഗ്രതയോടെ നടന്നു നീങ്ങുന്ന വിക്ടര്‍.
പൊട്ടി വരുന്ന ഉരുള്‍ വിക്ടര്‍ കണ്ടുകാണില്ല, കല്ലും വെള്ളവും കുത്തിയൊലിച്ച ആ ഹുങ്കാരത്തില്‍ വിക്ടര്‍ നിലവിളിച്ചിരുന്നുവോ അറിയില്ല. മരണത്തിന്‍റെ നീലമലയിലേക്ക് നടന്നുപോയ വിക്ടറിന്‍റെ ഓര്‍മ്മ നെഞ്ചിലേറുകയാണ് മലയാളികള്‍.
മറന്നുവെച്ചപോലെ പൊട്ടിത്തകര്‍ന്ന ആ ക്യാമറ.വിക്ടര്‍ ജോര്‍ജിന്റെ ചിത്രങ്ങള്‍ക്ക് കഥപറയാനുള്ള കഴിവുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം അക്ഷരങ്ങളേക്കാള്‍ ചിത്രങ്ങളില്‍ കണ്ണുകളുടക്കുന്ന കാലത്ത് പലരുടെയും മനസ്സില്‍ ആഴത്തില്‍ പതിഞ്ഞ പേര് വിക്ടര്‍ ജോര്‍ജ് എന്നാവുന്നത്.
എല്ലാം വളരെ പെട്ടെന്നായിരുന്നു. വളരെ ഭംഗിയായി കുറെ കാര്യങ്ങള്‍ ചെയ്ത് വിക്ടര്‍ കടന്നുപോയി. ചില ജീവനുള്ള ചിത്രങ്ങള്‍ മാത്രം ബാക്കിവെച്ച്.കാഴ്‌ചകളിൽ അപൂർവങ്ങളും അനശ്വരവുമായ മുഹൂർത്തങ്ങൾ സമ്മാനിച്ച വിക്‌ടർ ജോർജ് ഓര്‍മകളിലിന്നും മലയാളത്തിന് മഴയുടെ കണ്ണീര്‍തണുപ്പാണ്. 2001ലെ മഴയുള്ള ജൂലൈ മാസത്തിലെ ദുരന്ത ഓർമകൾക്ക് ഇന്ന് 19 വയസ്. മഴയുടെ പിന്നാലെയായിരുന്നു വിക്‌ടർ എന്നും. വെണ്ണിയാനി മലയിലെ ചെളിയിൽ പുതഞ്ഞ നിലയിൽ കണ്ടെത്തിയ വിക്ടറിന്റെ ക്യാമറയിൽ അവസാനം പതിഞ്ഞതെല്ലാം മഴയുടെ കോപമുഖങ്ങളാണ്.
മഴയായിരുന്നു വിക്ടറിന്റെ ക്യാമറയുടെ ഇഷ്ട ഇനം. നമ്മള്‍ നേരിട്ട് കണ്ട മഴയായിരുന്നില്ല വിക്ടറിന്റെ ക്യാമറയിലൂടെ കാണുന്ന മഴ. ഒരോ മഴയുടെ പിന്നാലെ ആയിരുന്നില്ല, മഴയോടോപ്പം ഭ്രാന്തമായി അലഞ്ഞ ആ മനുഷ്യന്‍ ഒടുവിലതോ മഴയോട് അലിഞ്ഞു ചേരുകയായിരുന്നു.
സാധാരണ ആംഗിളുകളില്‍ ഒരിയ്ക്കലും വിക്റ്റര്‍ തൃപ്തനായില്ല. ഇന്ത്യന്‍ മണ്സൂണിനെക്കുറിച്ചുള്ള അലക്സാണ്ടര്‍ ഫ്രേസറുടെ ‘ചേസിംഗ് ദ മണ്‍സൂണ്‍’ എന്ന പുസ്തകം വിക്ടറിനെ വല്ലാതെ സ്വാധീനിച്ചിരുന്നു.തൊണ്ണൂറുകളില്‍ മനോരമയുടെ ചീഫ്ന്യൂസ് ഫോട്ടോഗ്രാഫര്‍ ആയിരുന്ന വിക്റ്റര്‍ സിഖ് കലാപക്കാഴ്ച്ചകളില്‍ മനം മടുത്ത് ഒരു ആശ്വാസമെന്നോണം തന്റെ കാമറ പ്രകൃതിയിലേയ്ക്ക് തിരിച്ച് വയ്ക്കുകയായിരുന്നു.
കോളേജ് കാമ്പസിൽ നിന്നും
വിക്ടർ എടുത്ത ഒരു ചിത്രം വളരെ രസകരമായിരുന്നു. ഒരു ഇലക്ഷൻ പ്രചരണത്തിൽ വോട്ട് ചോദിക്കുന്ന കുമാരൻമാരുടെ നടുവീലുടെ പോകുന്ന നാണംകുണുങ്ങിപ്പെണ്ണിൻ്റെ ചിത്രം എന്നും മിഴിവാർന്ന ഓർമ്മച്ചിത്രം തന്നെയാണ്.
കോട്ടയത്ത് കുറച്ചുനാൾ പത്രത്തിൽ പ്രവർത്തിച്ചതിനു ശേഷം വിക്ടർ തന്റെ ശ്രദ്ധ പ്രകൃതി ഛായാഗ്രഹണത്തിലേക്ക് തിരിച്ചു. പ്രകൃതിയുടെ ആക്രമണത്തിനു വിധേയമായ പരിസ്ഥിതിയും മനുഷ്യന്റെ ദുരയും വിക്ടറിന്റെ ഛായാചിത്രങ്ങൾക്ക് വിഷയങ്ങളായി. കുട്ടനാട്ടിലെ കായലുകള്‍, ഭാരതപ്പുഴ, വന്യജീവികൾ (പ്രത്യേകിച്ചും പാമ്പുകൾ), ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിന്റെ പശ്ചാത്തല ചിത്രീകരണം, കേരളത്തിലെ മൺസൂൺ എന്നിവ വിക്ടറിന്റെ പ്രിയപ്പെട്ട വിഷയങ്ങളായി.
രണ്ടുവര്‍ഷത്തോളം തന്റെ മഴപ്പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്നു വിക്ടര്‍.മഴയുടെ വിവിധ ഭാവങ്ങള്‍ തേടിയുള്ള യാത്രകള്‍ .കൊഞ്ചിയും പ്രണയിച്ചും പിണങ്ങിയും മഴ വിക്ടറിന്റെ മുന്നില്‍ പെയ്തുകൊണ്ടിരുന്നു.മഴ കടലിന്റെ ആത്മാവില്‍ പെയ്യുന്ന കാഴ്ചകള്‍ക്കായി കന്യാകുമാരിയിലും കോവളത്തും ശംഖുമുഖത്തും കാത്തിരുന്നു.മഞ്ഞില്‍ കലരുന്ന മഴയ്ക്ക് വേണ്ടി മൂന്നാര്‍ നെല്ലിയാമ്പതി എന്നിവിടങ്ങളില്‍ നിരന്തരമായ യാത്രകൾ.രണ്ടുവർഷത്തോളം വിക്ടർ റെയിൻ ബുക്ക് എന്ന തന്റെ പദ്ധതിയിൽ പ്രവർത്തിച്ചു. മൂന്നാറിലെയും നെല്ലിയാമ്പതിയിലെയും കുന്നുകളിൽ പട്ടുനൂൽ പോലെയുള്ള മഴയുടെ വിവിധ ഭാവങ്ങളും വിക്ടർ കാമറയിൽ പകർത്തി.
ഇടുക്കിയിൽ മഴക്കാലത്ത് വെള്ളത്തിൽ മുങ്ങിപ്പോയ ഒരു അയ്യപ്പക്ഷേത്രത്തിൽ ഒരു വഞ്ചിയിലിരുന്ന് പൂജനടത്തുന്ന പൂജാരിയുടെ ചിത്രം എടുക്കുവാൻ വിക്ടർ ശ്രമിച്ചു. ഹൈറേഞ്ച് മലനിരകളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും സൃഷ്ടിക്കുന്ന മഴയുടെ ക്രോധവും വിക്ടറിനെ ആകർഷിച്ചു. ‘മഴബുക്ക്’ എന്നൊരു നൂതന ആശയം വിക്ടര്‍ ജോര്‍ജ് തുടങ്ങിവെച്ചിട്ടുണ്ടായിരുന്നു. മഴയുടെ രൌദ്രവും, സുന്ദരവുമായ നിരവധി ഭാവങ്ങള്‍ ഇതിലോരോന്നിലും നമുക്ക് കാണാന്‍ കഴിയും. മഴയുടെ ഒരു സംഗീതം വിക്റിനെ ഭ്രമിച്ചിട്ടുണ്ടാവാം.
1955 ഏപ്രിൽ 10-നു കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിനടുത്തുള്ള കാണക്കാരി ഗ്രാമത്തിലാണ് വിക്ടർ ജോർജ്ജ് ജനിച്ചത്. തന്റെ സഹോദരനായിരുന്നു ഫോട്ടോഗ്രഫിയുടെ ആദ്യപാഠങ്ങൾ പഠിപ്പിച്ചുകൊടുത്തത്. ഒരു വിനോദമായി തുടങ്ങിയ ഫോട്ടോഗ്രഫി പിന്നീട് ഒരു മുഴുവൻ സമയ പ്രവൃത്തി ആയി മാറുകയായിരുന്നു. 1981-ൽ വിക്ടർ മലയാള മനോരമയിൽ ചേർന്നു. 1985 മുതൽ 1990 വരെ മനോരമയുടെ ഡെൽഹി ബ്യൂറോയിൽ പ്രവർത്തിച്ചു. 1986-ലെ ദേശീയ ഗെയിംസിന്റെ ചിത്രങ്ങൾ വിക്ടറിനെ അന്താരാഷ്ട്ര പ്രശസ്തനാക്കി.അനിതാ സൂദ്,കവിതാ സൂദ് എന്നീ നീന്തൽക്കാരികളുടെ അമ്മ (അല്പം തടിച്ച സ്ത്രീ) വനിതകളുടെ 400 മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിൽ ഗാലറിയിൽ നിന്ന് അവരെ പ്രോൽസാഹിപ്പിക്കുന്നതിന്റെ ശക്തമായ ചിത്രങ്ങൾ വിക്ടറിന് ഒരുപിടി അവാർഡുകളും ഖ്യാതിയും നൽകി. സൗത്ത് ഏഷ്യൻ ഫെഡറേഷൻ ഗെയിംസിൽ (കൽക്കട്ട, 1989) ഇന്ത്യൻ റിലേ ടീം ബാറ്റൺ താഴെയിടുന്നതിന്റെ ചിത്രവും പ്രശസ്തമായിരുന്നു. 1990 മുതൽ വിക്ടർ മലയാള മനോരമ കോട്ടയം ബ്യൂറോയുടെ ചീഫ് ഫോട്ടോഗ്രാഫർ ആയിരുന്നു. വിക്ടറിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങൾ പ്രശസ്തമായിരുന്നു.മഴ എന്ന നിശ്ചലച്ചിത്ര പരമ്പര വിക്ടറിന്റെ കൃതികളിൽ പ്രശസ്തമാണ്. വിക്ടറിൻ്റെ ഫോട്ടോഗ്രാഫിക് ആൽബം കാണുക.
മലയാളത്തിൻ്റെ ഫോട്ടോഗ്രാഫിക്ക് വസന്തത്തിന് ആദരാഞ്ജലി.
Muraly Raghavan