രചന : പ്രവീൺ സുപ്രഭ✍
ചിറകുകൾ മുറിഞ്ഞു ഞാൻ പെറ്റുവീണത്
മതവിഷം കൂർപ്പിച്ച വാളുവീശി
പരസ്പരംവെട്ടിമുറിഞ്ഞുനീറി
അലർച്ചകൾകൊണ്ട് കാതുപൊള്ളുന്ന,
ഒന്നെന്ന സ്നേഹം ഞരമ്പുകളിൽ
ഇന്നലെവരെ ഒഴുകിയവരുടെ
ചിതറിവീണചോരകൊണ്ട്
ചുടലപോലും തണുക്കുന്ന ,
ഉയിരോടെതീയിട്ട
പച്ചമാംസം കരിഞ്ഞപുക
ശ്വാസനാളിയിൽകൂടിക്കടന്നു
ശ്വാസകോശത്തെ ഞെരുക്കുന്ന
കറുത്തിരുണ്ടൊരു രാവിലായിരുന്നു.
ശുഷ്കശൽക്കംപൊടിഞ്ഞു
അതിലേറേ ദ്രവിച്ചു
അര്ദ്ധ മൃതമായോരെന്നെ
ദുരിതകാലത്തിൻറെ
ബാലകാണ്ഡം കടത്തിയോർ ,
പട്ടിണിക്കനലുകൾ പാകിയ
വിഭജനമുറിവുകളിൽ
പുതുവെളിച്ചത്തിന്റെ
തീ വിത്തുപാകിയോർ ,
ബഹുവിശ്വാസത്തിൽ
വികർഷിച്ചു പോകുമ്പോഴും
ഒന്നെന്നസ്വത്വബോധത്തിൽ
ഒന്നായിഇറുകിപ്പുണർന്നിരുന്നവർ നമ്മൾ,
ബഹുശതവർഷങ്ങൾക്കുശേഷം
എനിക്കിതാപിന്നെയും ശ്വാസം മുടങ്ങുന്നു ,
എന്റെശ്വാസകോശങ്ങൾ
ജീവശ്വാസമില്ലാതെ പിടയുന്നു ,
വിഭജനപ്പെരുമ്പറമുഴങ്ങും മുൻപേ
എന്റെ കാതുകൾ
നോവുതിന്നുകരളുവെന്തവരുടെ
തൊണ്ടപൊട്ടിക്കരയുന്ന
നൊമ്പരച്ചീളുകളാൽ നീറിനിറയുന്നു .,
മതംവരച്ചിട്ട അതിരുകൾ കൊണ്ട്
വെട്ടിമുറിഞ്ഞുമരിച്ചുവീഴും മുൻപ്
എന്റെനെഞ്ചത്തു കത്തുന്ന
അനേകായിരം പട്ടടകളാൽ
ഇന്നെനിക്കുപൊള്ളുന്നു
ഭേദഗതികൾ പകുത്തു മാറ്റും മുൻപ്
ഉരുവിട്ടകന്നഉറ്റവരുടെ
ഉടലുകരിയുന്ന പുകയിൽ
ഇന്നെനിക്കുശ്വാസം മുട്ടുന്നു …
കാലമെത്തും മുൻപേ ചത്തുപോയവരുടെ
ഗതികിട്ടാ ചാവുഭൂതങ്ങളുടെ ശാപത്തിൽ
ഞാനിതാ വെന്തുനീറുന്നു …
അധികാരമുദ്രയുള്ള
തിളങ്ങുന്നചെങ്കോലുമായ്
ഒപ്പമുള്ളവരേ
പ്രാണവായുവാലെൻറെ
ശ്വാസകോശങ്ങളിൽ
ജീവന്റെ തിരിതെളിക്കൂ …
മരണം മഴപോലെപെയ്യുന്ന
നരകനേരങ്ങളിൽ
പകയുടെ നാവുകൾക്കു വിലങ്ങിടൂ ..
കൂടുടഞ്ഞകൊടുങ്കാറ്റുപോൽ
വിഷരേണുക്കൾ ചുറ്റിലും
തീപിടിച്ചു പാറുമ്പോൾ
പരപരിഹാസത്തിന്റെ
ജാലകങ്ങൾക്കു കൊളുത്തിടൂ ..
നോവിന്റെ ഉണങ്ങാഉറവകൾ കിനിയുന്ന
മരണമെന്ന മഹാനഷ്ടം
എനിക്കുംനിനക്കുമൊരുപോലെന്നു
സ്വയം തിരിച്ചറിയുക….
——