രചന : പ്രദീപ്കുമാർ✍

90 കളിൽ ഒരു സാധാരണ ആന കുടുംബത്തിൽ ഇടുക്കിയിലെ മതികെട്ടാൻ ചോലയിൽ ജനിച്ച അടക്കവും ഒതുക്കവും ഉണ്ടായിരുന്ന ശാന്തൻ എന്ന സുന്ദരനായ കുട്ടി കൊമ്പൻ എങ്ങിനെയാണ് ചിന്നക്കനാലിനെയും ശാന്തൻ പാറയെയും വിറപ്പിച്ച അരിക്കൊമ്പൻ എന്ന കൊലയാളി ഒറ്റയാൻ ആയി മാറിയത് തന്റെ മുപ്പത്തി അഞ്ചാമത്തെ വയസ്സിൽ.
പതിനൊന്നു മനുഷ്യ കൊലപാതകങ്ങൾ, മുപ്പതോളം പേരെ ആക്രമിച്ചു മുറിവേൽപ്പിച്ചു, നൂറ്റി എമ്പതോളം കെട്ടിടങ്ങൾ തകർത്തു, അതിൽ തന്നെ മുപ്പതോളം റേഷൻ കടകൾ.


കാട്ടു കൊള്ളക്കാരൻ വീരപ്പനെ വെല്ലുന്ന കുപ്രസിദ്ധൻ ആകാൻ എങ്ങിനെ സാധിച്ചു ശാന്തൻ എന്ന കുട്ടികാലത്തെ നാണം കുണുങ്ങി ആനയ്ക്ക്.
എന്തായിരിക്കും അവന്റെ ജീവിതത്തിൽ സംഭവിച്ചത്.
അതൊരു നീണ്ട കഥയാണ്.
ഏറെ വർഷങ്ങൾ പിന്നോട്ട് പോകണം അതറിയാൻ.
അതിൽ വിശപ്പിന്റെ വിളികളുണ്ട്, ദു:ഖമുണ്ട്, പ്രണയമുണ്ട്, വിരഹമുണ്ട്, സംഘർഷങ്ങളുണ്ട്.


വർഷം 1995.
അന്ന് ശാന്തന് അഞ്ചു വയസ്സ് പ്രായം.
അപ്പൻ കറുപ്പൻ കൊമ്പനോടും അമ്മയോടും ഒപ്പം കാടിറങ്ങി.
ദൂരെ കണ്ട വെളിച്ചം ലക്ഷ്യമാക്കി അവർ നടന്നു, നല്ല വിശപ്പും ദാഹവും മൂവരെയും അവശരാക്കിയിട്ടുണ്ട്.
അമ്പത് മീറ്റർ അകലെ വച്ചേ റേഷൻ അരിയുടെ ഗന്ധം അപ്പൻ തിരിച്ചറിഞ്ഞു.
കടയുടെ മുന്നിൽ ചെന്ന് തുമ്പിക്കൈ അകത്തേക്ക് നീട്ടി അപ്പൻ.
അകത്ത് കടക്കാരൻ വാറുണ്ണി.
ഉണ്ടക്കണ്ണും കപ്പടാ മീശയുമുള്ള അജാനബാഹു.


പെട്ടെന്ന് അപ്പന്റെ തുമ്പിക്കൈയിലേക്ക് വാറുണ്ണി റേഷൻ മണ്ണെണ്ണ എടുത്ത് ഒഴിച്ചു.
വല്ലാത്തൊരു അലർച്ചയായിരുന്നു അപ്പന്റേത്,
നീറ്റലും വേദനയും സഹിക്കാൻ വയ്യാതെ കാടുകയറിയ അപ്പൻ അന്നേയ്ക്ക് എഴിന്റെ അന്ന് ചരിഞ്ഞു.
അന്ന് തുടങ്ങിയ പകയാണ് ശാന്തനെ ഇന്നത്തെ കൊലയാളി അരികൊമ്പനിൽ എത്തിച്ചത്.


വർഷം 2005.
ശാന്തൻ ഇപ്പോൾ ആശാന്തനാണ്.
ഒറ്റയ്‌ക്കെ സഞ്ചരിക്കൂ.
എന്തിനോടും പക, ആരെയും കൂസാത്ത തലയെടുപ്പ്.
ഉയർന്ന മസ്തകം, നീളം കുറവ് എങ്കിലും കൂർത്ത കൊമ്പുകൾ, നീളമേറിയ തുമ്പിക്കൈ.
ഒറ്റ നോട്ടത്തിൽ തന്നെ തലയെടുപ്പുള്ള അതിസുന്ദരനായ കൊമ്പൻ.
ശാന്തന് റേഷൻ കട കണ്ടാൽ അപ്പോൾ പഴയ ഓർമ്മകൾ വരും,
പിടഞ്ഞു മരിച്ച അപ്പനെ ഓർമ്മ വരും.
പിന്നെ മുന്നിൽ കാണുന്നതെല്ലാം ഞൊടിയിടയിൽ തകർക്കും.
റേഷൻ അരി മാത്രം അകത്താക്കും.


റേഷൻ മുതലാളി മാരെ കണ്ടാൽ പഴയ വാറുണ്ണി യെ ഓർമ്മ വരും , ഒറ്റ ചവിട്ടിനു കൊല്ലും.
ഇന്നിപ്പോൾ മതികെട്ടാൻ ചോലയിലെ പ്രധാനി, പൂപ്പാറയും സിങ്കു കണ്ടവും പെരിയ കനാലും വിറപ്പിച്ചു നിർത്തിയിരിക്കുന്നു.
തന്റെ ഒരേ ഒരു എതിരാളി ചക്ക കൊമ്പനെ ശാന്തൻ പാറയെത്തന്നെ വിറപ്പിച്ച ഒരു മല്ല യുദ്ധത്തിലൂടെ അടിയറ പറയിപ്പിച്ചു നിർത്തിയിരിക്കുന്നു.
ഇപ്പോൾ എതിരാളികൾ ആരും ഇല്ലാത്ത രാജാവ്.
രാത്രി കാലങ്ങളിൽ അടുക്കള ഭാഗത്ത് അവന്റെ കാൽ പെരുമാറ്റം കേട്ടവർ ജീവനും കൊണ്ടോടി.


റേഷൻ അരിയുടെ മണം അടിച്ച എല്ലാ
അടുക്കളകളും അവൻ തകർത്തു.
പതിയെ ശാന്തന് പുതിയ പേര് കിട്ടി.. അരികൊമ്പൻ.
ചിന്നക്കനാൽ, പൂപ്പാറ, ശാന്തൻ പാറ, ഉടുമ്പൻ ചോല, നെടുങ്കണ്ണം, പാമ്പാടും പാറ, പുലിയൻ മല, ആമയാർ, വണ്ടൻമേട്, അണക്കര മുതൽ കുമളി വരെ അവൻ രാത്രി കാലങ്ങളിൽ മനുഷ്യരെ മുൾമുനയിൽ നിർത്തി.
അവനെ സ്നേഹിക്കാനും ഇവിടെയൊക്കെ ആന പ്രേമികൾ ഉണ്ടായിരുന്നു എന്നത് അതിശയോക്തി.


ഏത് കൊമ്പനും ഉണ്ടാകും ഒരു പ്രണയം, ഇവിടെയും ഈ ഗജകേസരിയെ തളയ്ക്കാൻ അവൾക്ക് കഴിഞ്ഞു.. പേര് കറുമ്പി.
കാട്ടിലെ ഏറ്റവും സുന്ദരിയായ പിടിയാന.
ചക്കകൊമ്പൻ ഏറെ കൊതിച്ചവൾ.
ചിന്നക്കനാലിൽ വെള്ളം കുടിക്കാൻ വരുമ്പോൾ മൊട്ടിട്ട പ്രണയം.
ആരെയും കൂസാത്ത ഭാവവും തലയെടുപ്പും അവളെ അവന്റെ ആരാധികയാക്കി മാറ്റി.
ഇന്നവർക്ക് ഓമനിക്കാൻ ഒരു കുട്ടി കുറുമ്പൻ കൂടിയുണ്ട്.


2023 ഏപ്രിൽ 29.
കോരി ചൊരിയുന്ന വേനൽ മഴയത്ത് ഇടതൂർന്ന വനത്തിന്റെ പച്ചപ്പിന്റെ മറവിൽ നിന്നും കറുമ്പി ആ കാഴ്ചകൾ നിറഞ്ഞു തുളുമ്പുന്ന കണ്ണുകളോടെ കണ്ടു.
ആരുടെ മുന്നിലും തല കുനിക്കാത്ത തന്റെ പ്രിയൻ ഇരുകാലികൾ തൊടുത്തു വിട്ട മയക്കു വെടിക്ക് മുന്നിൽ മയങ്ങി നിൽക്കുന്നത്.
അഞ്ച് വെടിയിലും തളരാത്ത തലയെടുപ്പ്.
നാല് കുങ്കി ആനകളോട്.. വിക്രം, സൂര്യൻ, കോന്നി സുരേന്ദ്രൻ, കുഞ്ചു ഇവരോട് അവസാന നിമിഷം വരെ നടത്തിയ ചെറുത്തു നിൽപ്പ്.
അവസാനം നൂറോളം വരുന്ന ഇരുകാലികൾ വണ്ടിയും ആയുധങ്ങളും ആയി കുങ്കി ആനകളുടെ സഹായത്തോടെ തന്റെ കൊമ്പനെ ബന്ധനസ്ഥനാക്കിയപ്പോൾ തന്റെ മോനെ തുമ്പിക്കൈ ചേർത്ത് അടുത്തു നിർത്തി അവൾ പൊട്ടി പൊട്ടി കരഞ്ഞു.
വണ്ടി നീങ്ങി..


നൂറു കണക്കിന് ഇരുകാലികൾ വണ്ടികളിൽ പുറകെ.
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഒക്കെ യാത്ര പോകുമ്പോൾ അകമ്പടി പോകുന്നപോലെ പോലീസ് വണ്ടികൾ ബീക്കൺ ലൈറ്റുകൾ ഇട്ടു പുറകെ.
ആംബുലൻസ്,
ഫയർ എൻജിനുകൾ.. കൂടെ നൂറു കണക്കിന് വണ്ടികൾ.
റോഡിന്റെ ഇരു വശത്തും കൈവീശി യാത്ര അയക്കാൻ കോരി ചൊരിയുന്ന മഴയത്തും ആയിരങ്ങൾ.
അവരുടെ സംസാരത്തിൽ നിന്നും ദൂരെ പെരിയാർ ടൈഗർ റിസേർവിലെ മൂന്നൂറ്‌ ഏക്കർ വരുന്ന മേദകാനത്തിനു സമീപമാണ് ഇനിയുള്ള വാസസ്ഥലം എന്നറിഞ്ഞു.
അവിടെ നിറയെ മുളങ്കാടും, ഈറ്റക്കാടും, പച്ചപ്പുല്ലും ഒക്കെ ഉണ്ടെന്നു പറയുന്നു.
എന്ത് ഉണ്ടായിട്ടും എന്ത്..


തങ്ങൾ കൂടെ ഇല്ലാതെ, എന്നെയും മോനെയും പിരിഞ്ഞു ഇനി ജലപാനം പോലും കഴിക്കാതെ കൂടുതൽ പ്രകോപിതൻ ആകുമോ തന്റെ പ്രിയതമൻ.
ഇരുകാലികൾ തന്റെ പ്രിയന്റെ കഴുത്തിൽ കെട്ടിയിരിക്കുന്ന റേഡിയോ കോളർ എന്തോ വഴി അവർ കാര്യങ്ങൾ അറിയും പോലും.
ഞാനും മോനും ഇനി എന്ത് ചെയ്യും.
ഇനി ചക്കകൊമ്പന്റെ വെപ്പാട്ടി ആയി ജീവിക്കുന്നതിലും ഭേദം ചിന്നക്കനാലിൽ ചാടി ആത്മഹത്യ ചെയ്യുന്നതാണ്.
കോരി ചൊരിയുന്ന ആ മഴയത്തു തന്റെ മകനെയും ചേർത്തു അവൾ വിദൂരത യിലേക്ക് നടന്നു മറഞ്ഞു.
നിറഞ്ഞ കണ്ണുകളോടെ..
അവൾ പുലമ്പി..
പ്രിയനേ..
വിട..
രാജാവായിരുന്നു നിങ്ങൾ..
തലകുനിക്കാത്ത ചക്രവർത്തി.
ശുഭം.
സ്നേഹപൂർവ്വം..
പ്രദീപ്കുമാർ.😍
(PK.🤓)

By ivayana