രചന : അൻസാരി ബഷീർ✍

രാമനും റഹുമാനും എന്ന എൻ്റെ കവിത ബിന്ദു ടീച്ചർ (Bindhu Vijayan )ഭാവതീവ്രതയോടെ ആലപിച്ചിരിക്കുന്നു. തിരക്കിനിടയിലും ഇത് സുന്ദരമായി എഡിറ്റ് ചെയ്തുതരാൻ സമയം കണ്ടെത്തിയ പ്രിയപ്പെട്ട ബാബുവേട്ടന് (Babu Daniel) ഹൃദയംതൊട്ട നന്ദി!
രാമനും റഹുമാനും

(ഇത് കുറച്ചു വർഷങ്ങൾക്കുമുമ്പ് കടലുണ്ടിയിൽ നടന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തെ ആസ്പദമാക്കി എഴുതിയ കവിതയാണ്.
റെയിൽവേട്രാക്കിൽ പെട്ടു പോയ സാധാരണനും ബധിരനുമായ രാമൻ എന്ന പാവംമനുഷ്യനെ രക്ഷിക്കാൻവേണ്ടി പാളത്തിലേക്ക് എടുത്തുചാടി അയാളോടൊപ്പംതന്നെ പിടഞ്ഞുമരിച്ച അബ്ദുൽ റഹ്‌മാൻ എന്ന മനുഷ്യസ്നേഹി എന്റെ മനസ്സിൽ ഉണ്ടാക്കിയ ചലനമാണ് ഈ കവിത!
നൊമ്പരമാണെങ്കിലും ഒരു മനുഷ്യനെന്നനിലയിൽ പൊതുവേയും ഭാരതീയനെന്ന നിലയിൽ പ്രത്യേകിച്ചും എനിക്ക് സന്തോഷംതന്ന സംഭവമാണ് ഇത്)

ഇരുദിക്കിൽനിന്നെത്തി,ഒരു റെയിൽച്ചക്രത്തി-
ന്നിടയിൽവെച്ചിറുകെപ്പുണർന്നുടഞ്ഞോർ,
അടരുംമനുഷ്യത്വമലർവാടികൾക്കുമേൽ
വിടരുന്നു രാമനും റഹുമാനുമായ്!
കുതറിക്കിതയ്ക്കുംമതേതരത്വത്തിൻെറ
അടരിലേയ്ക്കടരുന്നൊരഭിമാനമായ്
ഒരുജന്മമപരൻെറ ആത്മാവുരുമ്മിയൊരു
യുഗപുണ്യമായ്ത്തീർന്ന പ്രതിഭാസമായ്!
അലിവോലുമാത്മാവുമിടനെഞ്ചുമിന്ത്യൻെറ
അടിവാരശിലയെന്നൊരവബോധമായ്!
ചിതലുകൾ ചികയുന്ന ചിന്തഞരമ്പുകൾ
ചിതയിൽവെച്ചെരിയിച്ച ചിരസാന്ത്വനം !
മഞ്ഞിൻപുതപ്പിട്ട പുലരിയുടെയരയിലൊരു
മന്ത്രച്ചരടെന്നപോലെ റെയിൽപ്പാത
ജന്മം തഴുതിട്ടടച്ച കർണ്ണങ്ങൾക്കു
ജന്മിയാം രാമനാ പാളംമെതിക്കവേ
മൂളിക്കുതിച്ചുകൊണ്ടുലയുമൊരു തീവണ്ടി
മൂടൽമഞ്ഞു തുരന്നവിടേക്കു വരുകയായ്!
സുബഹിനിസ്കാരം കഴിഞ്ഞള്ളാഹുവിൻെറ
സൂക്തങ്ങളുരുവിട്ടു, റഹുമാൻ നടക്കവേ,
പാവമൊരു വൃദ്ധൻെറ ബധിരജന്മത്തിൻെറ
പാളങ്ങളിൽ പായുമാപത്തു കാൺകയായ്
രാമൻെറ ജീവൻെറയുൾവിളിയിലൂളിയി-
ട്ടാ മനുഷ്യത്വം പിടച്ചുചാടി,
പൂക്കുലത്തണ്ടങ്ങുലഞ്ഞപോൽ ജീവൻെറ
പൂർണ്ണകുംഭങ്ങൾ ചിതറിത്തെറിക്കവേ
ആരുടേതാണെന്നറിയാതെയുടലുകൾ
നാരുനാരായി പുണർന്നിരുന്നു
ഓരോമാംസത്തന്മാത്രയും തങ്ങളിൽ
പേരറിയിക്കാതെ പിണഞ്ഞിരുന്നു..
ഒരു സ്ഫോടനംകൊണ്ടു നരജീവസ്വപ്നങ്ങൾ
ചിതറിച്ചു ചാവേറുകൾ ചത്ത ഭൂമിയിൽ
സഹജൻെറ ജീവനൊന്നുതകാൻ സ്വയം ചെന്നു,
ചിതറിത്തെറിക്കുന്ന പുതിയ ചാവേറിവൻ
നാളെയാ സ്വർഗ്ഗം കവാടം തുറക്കുന്ന
വേളയിൽ അള്ളാഹു കൈപിടിക്കുന്നവൻ
രക്തസാക്ഷിത്വമാം രത്നപ്രതാപത്തി-
ന്നുത്തുംഗവേദിയിലുപവിഷ്ടനാണവൻ!
പ്രാണനെ പ്രാണനാൽ ത്രാണംചെയ്യുന്നൊ-
രാണത്തമേയിന്ന് നീയെൻെറ നായകൻ!
വേരുകൾ ചികയാതെ വേദനയിലൊഴുകുന്ന
കാരുണ്യമേയിന്നു നീതന്നെയെൻമതം !
ഇസ്ലാമിന്നീറ്റില്ലം ഈന്തപ്പനപ്പന്തൽ
ഇഴയിട്ടഭൂമികയിലായിരിക്കാം!
ആ ദർശനത്തിൻെറ അസ്ഥികൾ അറേബ്യയുടെ
ആദർശമണ്ണിൽ മനഞ്ഞതാകാം
ഇരുമിഴിച്ചിരാതുകൾ ഇറാഖിലാകാം
ഇതളിട്ട കൈയുകൾ ഇറാനിലാകാം
തീരാത്ത കഥ ചൊല്ലി, ഒഴുകുന്ന നൈലിൻെറ
തീരത്ത് കാൽകൾ നനയ്ക്കയാകാം
വിശ്വാസനാളം നിവർന്നുനീണ്ടങ്ങനെ
വിശ്വത്തിലാകെ പടർന്നിരിക്കാം.
എങ്കിലും ഇസ്ലാമിന്നിടനെഞ്ചെന്നിന്ത്യയുടെ
ഈറൻതടങ്ങളിലുണർന്നിരിപ്പൂ…

അൻസാരി ബഷീർ

By ivayana