രചന : സെഹ്റാൻ✍
ഒടുവിൽ വ്യർത്ഥതയുടെ
നെടുവീർപ്പുകൾ ബദ്ധപ്പെട്ട്
നിയന്ത്രണത്തിലാക്കി അവൾ
പറഞ്ഞുതുടങ്ങുന്നു;
ഏകാന്തതയുടെ ഈർപ്പം
തങ്ങിനിൽക്കുന്ന ഭിത്തികളിൽ
പടർന്നുകയറുന്ന പച്ചനിറപ്പായലുകൾ…
കാലുകൾ കുഴഞ്ഞുപോകുന്ന
വിഷാദത്തിന്റെ ചതുപ്പുനിലങ്ങളിലെ
ഏകാന്തനടത്തങ്ങൾ…
വിളറിയ പകലുകളുടെ ഉഷ്ണപ്പെരുക്കത്തിലേക്ക്
ഊളിയിട്ടാണ്ടു പോകുന്ന
ഓർമ്മകളുടെ പരൽമീനുകൾ…
തലകീഴായ മരവേരുകളിൽ
ഊഞ്ഞാലാടുന്ന മതിഭ്രമക്കാഴ്ച്ചകളുടെ
സൂചിമുഖിപ്പക്ഷികൾ…
ഇരുൾക്കോട്ടകൾ ചവിട്ടിമെതിക്കുന്ന
ഉറക്കില്ലാക്കണ്ണുകളുള്ള
കറുത്ത കുതിരക്കുളമ്പടികൾ…
അവൾ പറഞ്ഞുകൊണ്ടേ…
മനോരോഗ ചികിത്സകന്റെ കോട്ടുവാ.
അസഹനീയ വായ്നാറ്റം.
അവളുടെ വാക്കുകൾക്ക് നേരെ തുറന്നുപിടിച്ച
അയാളുടെ കാതുകൾ.
അവൾ പറഞ്ഞുകൊണ്ടേ…
ആശുപത്രിയുടെ ജാലകത്തിലിരുന്ന
പൂച്ച വിരസതയോടെ
അഞ്ചാം നിലയിൽ നിന്നും
താഴോട്ട് ചാടുന്നു!
പെൺകുട്ടി ആശുപത്രിയുടെ
പുറത്തേക്ക്.
മരുന്നുകളായ് രൂപാന്തരപ്പെടാൻ
തുടിക്കുന്ന അക്ഷരങ്ങളെഴുതപ്പെട്ട
വെളുത്ത പേപ്പർ അവളുടെ കൈയിൽ…
മരുന്നുകളുടെ തലോടൽ.
ഉറക്കം.
ഉണർച്ച.
നീണ്ടുകിടക്കുന്ന പാലം.
ദ്രവിച്ച കൈവരികൾ.
ഇടർച്ചയുടെ കാലടികൾ
പെറുക്കിയെടുക്കുന്ന
ഒരാഴ്ച്ചക്കാലം!
അവളുടെ കാഴ്ച്ചക്കിപ്പുറം
ജീവനറ്റ പൂച്ചയുടെ
ചോരയിൽക്കുതിർന്ന ദേഹം
കാക്കകൾ കൊത്തിവലിക്കാൻ
തുടങ്ങിയിരിക്കുന്നു!