സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതിയായ സരിത്തിനെ എന്‍ഐഎ സംഘം ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫീസിലെത്തിയാണ് വിവരങ്ങള്‍ ചോദിച്ചറിയുന്നത്. അതേസമയം കേസിലെ പ്രധാനി ഫൈസല്‍ ഫരീദിനായി സംസ്ഥാനം മുഴുവന്‍ വലവിരിച്ചിരിക്കുകയാണ് അന്വേഷണ സംഘം. ഇയാളാണ് കേസിന്റെയും സ്വര്‍ണക്കടത്തിന്റെയും മാസ്റ്റര്‍ ബ്രെയിനെന്നാണ് വിലയിരുത്തല്‍. വിദേശത്താണോ ഇയാള്‍ ഉള്ളതെന്നും സംശയിക്കുന്നുണ്ട്.
ഫൈസല്‍ ഫരീദിനായി എന്‍ഐഎ വലവിരിച്ചിരിക്കുകയാണ്. സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന വന്‍ തുക ഫൈസലും സംഘവും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉപയോഗിക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഫൈസല്‍ ഫരീദിന്റെ പേര് പ്രതിപ്പട്ടികയിലെത്തിയത് വെറുതെയല്ലെന്ന് എന്‍ഐഎ പറയുന്നു. സരിത്തിന്റെ മൊഴിയിലാണ് അജ്ഞാതനായ സ്വര്‍ണക്കടത്തുകാരനെ കുറിച്ച് അന്വേഷണ ഏജന്‍സികള്‍ അറിഞ്ഞത്.
കേസില്‍ ഒരാഴ്ച്ചയായി ഒളിവില്‍ കഴിയുന്ന സ്വപ്‌ന സുരേഷും സന്ദീപ് നായരും എന്‍ഐഎയുടെ കസ്റ്റഡിയിലായതായിട്ടാണ് സൂചന. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോള്‍ കേസ് മുഴുവന്‍ ഫൈസല്‍ ഫരീദിനെ ചുറ്റിപ്പറ്റിയാണ്. ഏതെങ്കിലും കാരണവശാല്‍ സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അനുകൂലമായി വിധി വന്നാല്‍ പോലും ഇവര്‍ക്കെതിരെ യുഎപിഎ വകുപ്പുകള്‍ നിലനില്‍ക്കുന്നത് കാരണം അറസ്റ്റ് ഉറപ്പാണ്.സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വര്‍ണം കടത്താന്‍ ഉപയോഗിച്ച ബാഗുകള്‍ എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നാണ് ഇവ കണ്ടെത്തിയത്. ഐസിസിന്റെ ദക്ഷിണേന്ത്യാ ഘടകവുമായി സ്വര്‍ണം കടത്തിയവര്‍ക്ക് ബന്ധമുണ്ടെന്നാണ് സൂചന. ഇവര്‍ക്ക് തമിഴ്‌നാടുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്.