രചന : രാജീവ് ചേമഞ്ചേരി ✍

തിരക്കിട്ടെഴുതപ്പെടുന്നൊരീ രംഗം…
തെരുവിൽ കാഴ്ച്ചയായ് മാറ്റുന്ന നേരം!
തീരാക്കടക്കെണിതൻ ഉന്മാദകേളീഭാവം?
തിക്കിതിരക്കിയാളുകൾക്കെന്നുമുത്സവം-

താഴ്മയിൽ ഭാഷയെ ചടുലമായ് വിളമ്പി..
തരംതിരിക്കുന്നൊരു ചാണക്യസൂത്രങ്ങൾ!
താഴെ ചമ്രം പടിഞ്ഞിരുന്ന് കേൾക്കുന്നു…..
തീരും വരെയേവരും വികസനഗാഥയായ്?

തെക്ക് നിന്നും വടക്കോട്ടുള്ള യാത്രാദൂരം-
തെന്നിമായുന്ന കൊള്ളിമീൻ വേഗമായ്?
തീ തിന്ന് കഴിയുന്ന ജീവിതയാത്രയ്ക്കിന്നും –
തിളച്ചു മറയുന്നയതിക്രൂരമാം കമ്പോളമായ്?

തിരക്കഥയിലത്രയുമെഴുതാതെസത്യം-
തിക്കിതിരുക്കുന്നൊരക്ഷരക്കളവുകൾ!
തിളങ്ങുന്നമാധ്യമനേർക്കുനേർ ചർച്ചയിൽ-
തമ്മിൽ വാക്ക് യുദ്ധമായ് പുനർജ്ജനിക്കും?

തീർത്തും ലജ്ജതൻ ലാഞ്ചലില്ലാതെയിവർ-
തന്നിഷ്ടകഥകൾ രചിക്കുന്നു നിയമത്തിൽ!
തീരാനഷ്ടത്തിൻ കണ്ണീരാഴിയിലുഴലുന്നു…..
തിരക്കഥയിലെ സമ്മതിദായകരീ ഭൂവിൽ?


രാജീവ് ചേമഞ്ചേരി

By ivayana