അവലോകനം : സതീഷ് വെളുന്തറ✍
ഫേസ്ബുക്ക് എപ്പോൾ തുറന്നാലും അവൻ. യൂട്യൂബ് തുറന്നാലോ അവിടെയും അവൻ. വാട്സ്ആപ്പ് നോക്കിയാലോ അവിടെയുമുണ്ട്. എന്നാൽ ടിവി ഒന്ന് തുറക്കാം, രക്ഷയില്ല അവിടെയും അവൻ ഉണ്ട്. അത് ന്യൂസ് ചാനൽ ആയതുകൊണ്ടാവും. എന്നാൽ മൂവി ചാനൽ ഒന്ന് നോക്കാം എന്നു കരുതി പെരുവിരൽ തുമ്പ് റിമോട്ടിനു മുകളിലൂടെ മെല്ലെ ഒന്ന് സഞ്ചരിച്ചു.
അതാ കുമ്പിടി സ്വാമി…ഏഴ് സ്ഥലത്ത് ഒരേസമയം കണ്ടിരിക്കുന്നുവത്രേ – അമ്മൂമ്മയുടെ തൽസമയ കമെന്ററി -നന്ദനം സിനിമയിൽ. എന്നാൽ റേഡിയോ ഒന്ന് തുറന്നു നോക്കാമെന്ന് കരുതി തപ്പിയെടുത്തു പൊടിതട്ടി സ്റ്റേഷൻ പിടിച്ചു. സമയം 12.30 പ്രാദേശിക വാർത്തകൾ തുടങ്ങുന്നു. പ്രധാന വാർത്തകളിൽ അവസാനമായി പറഞ്ഞ വാർത്ത ….. അരിക്കൊമ്പൻ പുതിയ സ്ഥലത്തോട് ഇണങ്ങിചേർന്നു തുടങ്ങിയതായി വനം വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. ഏതാണാവോ ഈ വൃത്തങ്ങൾ എന്ന് ആലോചിച്ചുകൊണ്ട് റേഡിയോയും നിർത്തിവച്ച് മെല്ലെ കസേരയിലേക്ക് ചാഞ്ഞു. കേക, കാകളി, കളകാഞ്ചി, തരംഗിണി അങ്ങനെ വൃത്തങ്ങൾ ധാരാളമുണ്ടല്ലോ. ഇവയിൽ ഏതെങ്കിലും ആകുമോ. ആ…. എന്തെങ്കിലുമാകട്ടെ.
പറഞ്ഞുവന്നത് എന്താണെന്ന് മനസ്സിലായി കാണുമല്ലോ. ന്യൂസ് മേക്കർ ഓഫ് ദി മില്ലേനിയം. അരിക്കൊമ്പൻ. പക്ഷേ ഭവാൻ എന്തറിയുന്നു വിഭോ എന്ന് പറഞ്ഞതുപോലെ ഈ കോലാഹലവും ബഹളവും ഒക്കെ പാവം കൊമ്പൻ അറിയുന്നുണ്ടാവുമോ എന്തോ.
ലോകത്തിൽ ഏറ്റവും കൂടുതൽ സാഹിത്യ സൃഷ്ടികൾ ഉണ്ടായിട്ടുള്ളത് ഭാരതീയ ഇതിഹാസങ്ങളിൽ ഒന്നായ മഹാഭാരതത്തെ ഉപജീവിച്ചാണ്. രണ്ടാമൂഴം, ഇനി ഞാൻ ഉറങ്ങട്ടെ തുടങ്ങിയ മലയാള കൃതികളും വിഎസ് ഖാണ്ഡേക്കറുടെ യയാതി, ശിവജി സാവന്തിന്റെ കർണ്ണൻ തുടങ്ങിയുള്ള ഇതര ഭാഷാ കൃതികളും അങ്ങനെ ധാരാളം കൃതികൾ ഉണ്ട്. പക്ഷേ ഈ അരിക്കൊമ്പൻ അവയെയെല്ലാം കടത്തി വെട്ടും. കാരണം ഇന്ത്യയിൽ മുഗൾ സാമ്രാജ്യത്തിന്റെ അധപതനത്തിന് ശേഷം ഇതുവരെ കഥയോ കവിതയോ നോവലോ അല്ലെങ്കിൽ അങ്ങനെ എന്തെങ്കിലും നാലു വരികളോ ഇതുവരെ എഴുതിയിട്ടില്ലാത്ത സകലമാന പേരും ഇപ്പോൾ അരിക്കൊമ്പന്റെ അപദാനങ്ങൾ പാടിക്കൊണ്ട് കഥയും കവിതയും രചിക്കുന്ന തിരക്കിലാണ്.
നായകനായും വില്ലനായും ഹാസ്യ കഥാപാത്രമായുമൊക്കെ അരിക്കൊമ്പൻ അങ്ങനെ നിറഞ്ഞു നിൽക്കുകയാണ്. അവന്റെ അവയവ ഭംഗിയോ അവർണ്ണനീയം. കടഞ്ഞെടുത്ത പോലുള്ള അമരം, കരി വീട്ടി പോലുള്ള നടകൾ, താമരപ്പൂവും നാണിക്കുന്ന കണ്ണിണകൾ, മയിൽപീലി തോൽക്കുന്ന പുരികക്കൊടികൾ, വെണ്ണ തോൽക്കുന്ന ഉടൽ, വെഞ്ചാമരം പോലെ വീശുന്ന ചെവികൾ,അടയ്ക്കാമരം പോലുള്ള തുമ്പിക്കൈ, ചീറ്റപ്പുലിയുടെ അടിവയർ. അരയിൽ ഒറ്റമുണ്ടും മുഖത്ത് ഹിജാബും -എന്തിനേറെ പുരുഷ സൗന്ദര്യത്തിന്റെ അല്ല ആന സൗന്ദര്യത്തിന്റെ മൂർത്തരൂപം.
കണ്ണീരുണങ്ങാതെ പുതിയ മേച്ചിൽ പുറങ്ങളിലേക്ക് – കാലിടറി കാടിറങ്ങി – തുമ്പിക്കരം ചേർത്ത് മരത്തോട് സങ്കടം പറഞ്ഞ് – ജനിച്ചുവളർന്ന നാട് അല്ല കാടു വിട്ട് -ഉറ്റവരെയും ഉടയവരെയും പിരിഞ്ഞ് -ഏകനായി അച്ഛനപ്പൂപ്പൻ മാരെ അടക്കം ചെയ്ത മണ്ണ് വെടിഞ്ഞ് – ഈ പറഞ്ഞ പേരുകളിൽ നോവലുകൾ എഴുതാൻ പ്രമുഖ പ്രസാധകർ കരാർ കൊടുത്തു കഴിഞ്ഞു.
അരിക്കൊമ്പൻ നായകനും സൂപ്പർതാരങ്ങൾ ഉപ നായകരുമായി സിനിമയെടുക്കുന്നതിനുള്ള ചർച്ചകൾ അണിയറയിൽ നടക്കുന്നു. ചാനലുകളുടെ റേറ്റിംഗ് ആണെങ്കിൽ പാറുക്കുട്ടിക്ക് നവ യൗവനം വന്നു നാൾ തോറും വളരുന്ന അവസ്ഥയിലായി എന്ന് സിവി രാമൻപിള്ള പറഞ്ഞ അവസ്ഥയിൽ എത്തി. എന്നിനി കാണുന്നു ഞാൻ പ്രിയതമൻ എന്ന് ആർത്തലച്ചു ചിന്നം വിളിച്ചുകൊണ്ട് അരി കൊമ്പന്റെ പ്രണയിനിമാർ എന്നെയും കൊണ്ടുപോ…എന്നെയും കൊണ്ടുപോ…. എന്ന മുദ്രാവാക്യമുയർത്തി സെക്രട്ടറിയേറ്റ് പടിക്കൽ സമരത്തിന് ഒരുങ്ങുന്നു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നാട്ടാനകളുടെ സംഘം കൂടി ഇറങ്ങാനിരിക്കുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.
സിംഹമോ കടുവയോ പിടിയാനയോ അല്ലാത്തതുകൊണ്ട് സാക്ഷിക്കെന്താ കൊമ്പുണ്ടോ എന്ന് ചോദിച്ചതുപോലെഅരിക്കൊമ്പനെന്താ കൊമ്പുണ്ടോ എന്ന് ചോദിക്കാമായിരുന്നു.
ചില സാമ്പിൾ കവിതകൾ ഇതാ. അരി കൊമ്പൻ സിന്ദാബാദ്, കാടിന്റെ മക്കൾ നീണാൾ വാഴട്ടെ, കാടു കയ്യേറ്റക്കാർ തുലയട്ടെ, ധീരാ വീരാ അരിക്കൊമ്പാ ധീരതയോടെ നയിച്ചോളൂ. പക്ഷേ ദോഷം പറയരുത് നന്നായി എഴുതുന്നവരും ഉണ്ട്. നല്ല ഭാഷയും ശൈലിയും കാവ്യഭംഗിയും ഉള്ളവ. പക്ഷേ നല്ല പല രചനകളും ഈ കോലാഹലത്തിൽ മുങ്ങിപ്പോകുന്നു. കഥകളും കവിതകളും താൽപര്യപൂർവ്വം വായിക്കുന്ന പലരും ഇപ്പോൾ അരി എന്ന് പൂർണമായും വായിക്കുന്നതിനു മുൻപ് തന്നെ ആയുധം വച്ച് കീഴടങ്ങി ഓടുന്നു. ചില സാഹിത്യ ഗ്രൂപ്പുകൾ ഈയ്യലു പോലെ വരുന്ന കവിതകൾക്ക് വിശാല മനസ്സോടുകൂടി തലക്കെട്ട് കാണുമ്പോൾ തന്നെ അപ്രൂവൽ കൊടുക്കുന്ന സ്ഥിതിയാണ്.
ഇനി കൊമ്പന്റെ ചില വിശേഷണങ്ങളാണ്. സ്വഭാവ വിശേഷത്തിൽ നളൻ, കോപത്തിൽ ദുർവാസാവിനു താഴെയും വിശ്വാമിത്രനു മേലെയും, സൗന്ദര്യത്തിൽ കമലഹാസൻ, കരുണയിൽ കണ്വമഹർഷി, വീര്യത്തിൽ പരശുരാമൻ. ഉണ്ണി മകനെ ദുര്യോധനാ തവ പൊന്നിൻ കിരീടവും ഭൂഷണ ജാലവും എന്ന മട്ടിൽ മകനെ അനിയാ കുഞ്ഞേ എന്നിങ്ങനെ വിളിച്ചുള്ള കവിതകളും ഉണ്ട്.
എന്താണ് ഒരു കാട്ടാനയുടെ കാര്യത്തിൽ ഇത്ര വാർത്താ പ്രാധാന്യം. ആദ്യമായി പിടിക്കപ്പെടുന്ന കാട്ടാനയാണോ ഇത്. ഇതിനുമുമ്പ് പിടിച്ച് ഇപ്പോൾ കുങ്കിയാനകളാക്കി ഉപയോഗിക്കുന്ന കാട്ടാനകൾ അവരുടെ ആവാസ വ്യവസ്ഥയിൽ കഴിഞ്ഞിരുന്നവരല്ലേ. എന്തേ അവയുടെ ഒന്നും പേരിൽ അന്ന് കണ്ണുനീരൊഴുക്കിയില്ല കവിത എഴുതിയില്ല. പക്ഷേ കഥയും കവിതയും ലേഖനങ്ങളും എഴുതുന്നവർക്ക് യഥേഷ്ടം എഴുതാം കേട്ടോ അത് അവരുടെ സ്വാതന്ത്ര്യം. പക്ഷേ എഴുതുന്നവർ മറ്റ് ചില കാര്യങ്ങൾ കൂടി ഓർത്താൽ നന്ന്.
ഇവർ താമസിക്കുന്ന വീട് പാറയും മണലും ഉപയോഗിച്ച് നിർമ്മിച്ചതല്ലേ. അത് പ്രകൃതിയെ ചൂഷണം ചെയ്തെടുത്തതല്ലേ. പാറയും മണലും അചേതന വസ്തുക്കൾ ആണെന്ന് കരുതാം. പക്ഷേ വീടിനു കതകും ജനാലകളും ഇല്ലേ ഫർണിച്ചർ ഇല്ലേ. അത് മരം വെട്ടി ഉണ്ടാക്കിയതല്ലേ. ആ മരങ്ങൾ ജീവനുള്ള സസ്യങ്ങൾ ആയിരുന്നില്ലേ. അവ അവയുടെ ആവാസ വ്യവസ്ഥയിൽ കഴിഞ്ഞിരുന്നവയല്ലേ. അതും വിടാം കാരണം അവയ്ക്ക് ശരീരം ഉണ്ടെങ്കിലും ആത്മാവും മസ്തിഷ്കവും ഹൃദയവും ഉണ്ടോ എന്നറിയില്ലല്ലോ. ഇവർ വീട്ടിൽ മത്സ്യം വാങ്ങുന്നവരല്ലേ. ഈ മത്സ്യങ്ങൾ കടലിലും കായലിലും ഉള്ള ആവാസവ്യവസ്ഥയിൽ ജീവിച്ചിരുന്നവയല്ലേ. കോഴിയെയും ആടിനെയും പോത്തിനെയും ഭക്ഷിക്കുന്നില്ലേ, ഇവയ്ക്ക് മനുഷ്യാവകാശം പോലെ മൃഗാവകാശമില്ലേ. എല്ലാവരും മത്സ്യ മാംസാദികൾ വേണ്ടെന്നുവച്ചാൽ ഭൂമിയിലെയും കടലിലെയും കായലിലെയും ആവാസവ്യവസ്ഥകളിൽ കഴിയുന്നവയെല്ലാം അവിടെത്തന്നെ കഴിയില്ലേ. അപ്പോൾ ചിലർ പറയും ഞങ്ങൾ വെജിറ്റേറിയന്മാർ ആണെന്ന്. അങ്ങനെയെങ്കിൽ ഈ വെജിറ്റേറിയന്മാർ എല്ലാം 90 ശതമാനവും തമിഴ്നാട്ടിൽനിന്നുള്ള കീടനാശിനി തളിച്ച പച്ചക്കറികളല്ലേ കഴിക്കുന്നത്.
കീടനാശിനിയേറ്റ് ജീവൻ വെടിയുന്ന കീടങ്ങളും പ്രാണികളും പച്ചക്കറി തോട്ടങ്ങളുടെ ആവാസവസ്ഥയിൽ കഴിയുന്നവയല്ലേ. ഈ കീടങ്ങൾക്ക് ജീവിക്കാൻ അവകാശമില്ലേ. എന്നാൽ ഇനി ഞങ്ങൾ വീട്ടുമുറ്റത്ത് വിളയിക്കുന്ന പച്ചക്കറികൾ മാത്രമേ ഉപയോഗിക്കൂ എന്ന് പറഞ്ഞാൽ. രക്ഷയില്ല കാരണം അവരും അരിയാഹാരം കഴിക്കുന്നവരായിരിക്കുമല്ലോ. കേരളത്തിലെ ഏത് നെൽ കർഷകനാണ് ചാഴിയെ കൊല്ലാൻ കീടനാശിനി തളിക്കാത്തത്.
ഇനി ഇതൊക്കെ പോകട്ടെ. വിവാഹത്തിന് ഭാര്യയ്ക്ക് പട്ടുസാരി വാങ്ങി കൊടുക്കാത്ത ഏതെങ്കിലും ഒരു ഭർത്താവ് കാണുമോ. മകൾക്ക് പട്ടുപാവാടയും ഉടുപ്പും വാങ്ങി കൊടുക്കാത്ത ഏതെങ്കിലും ഒരു അച്ഛനോ അമ്മയോ കാണുമോ. ഈ പട്ടുവസ്ത്രം പട്ടു നൂലു കൊണ്ടല്ലേ ഉണ്ടാക്കുന്നത്. ആ നൂൽ പുഴുവിൽ നിന്നല്ലേ ഉണ്ടാക്കുന്നത്. ഈ പട്ടുനൂൽപ്പുഴു ജീവിക്കുന്നത് ഒരു ആവാസവ്യവസ്ഥയിലല്ലേ. എന്തേ കവിത എഴുതുന്നില്ല. ഹേയ് പുഴു ഒരല്പ പ്രാണിയല്ലേ പുഴുവിനോടൊക്കെ എന്തുമാകാം. ആന ഭൂമിയിലെ ഏറ്റവും വലിയ ജീവിയല്ലേ. എല്ലാ ജീവജാലങ്ങൾക്കും പ്രകൃതിയിലുള്ള അവകാശം ഒരേപോലെയല്ലേ എന്ന് ചോദിക്കരുത് കാരണം കഥയിൽ ചോദ്യമില്ല കവിതയിലും ഇല്ല.
ചെണ്ട മദ്ദളം ഇടയ്ക്ക മൃദംഗം തബല തുടങ്ങി ക്ഷേത്ര കലകളിൽ ഉൾപ്പെടെ ഉപയോഗിക്കുന്ന വാദ്യോപകരണങ്ങൾ,ഇവയൊക്കെ മൃഗത്തോൽ ഉപയോഗിച്ചല്ലേ നിർമ്മിക്കുന്നത്. വിവിധതരം ബാഗുകളും ചെരുപ്പുകളും നിർമ്മിക്കുന്നതിന് മൃഗത്തോൽ ഉപയോഗിക്കുന്നില്ലേ.ഇതൊക്കെ നമ്മളും ഉപയോഗിക്കാറില്ലേ.
അപ്പോൾ പ്രകൃതിയെയും പക്ഷിമൃഗാദികളെയും ചൂഷണം ചെയ്തും ഉപയോഗിച്ചും മാത്രമേ മനുഷ്യന് ജീവിക്കാൻ ആകൂ. അല്ലെങ്കിൽ തന്നെ ആനയടക്കമുള്ള എത്രയോ കാട്ടുമൃഗങ്ങളെ സിംഹം അടക്കമുള്ള മാംസഭുക്കുകകളായ മൃഗങ്ങൾ വേട്ടയാടി പിടിച്ചു ഭക്ഷിക്കുന്നു. ഈ അരിക്കൊമ്പൻ തന്നെ ഒരുകൂട്ടം സിംഹങ്ങൾക്ക് ഭക്ഷണം ആയിരുന്നുവെങ്കിൽ അങ്ങനെ ആയിക്കൂടെ ന്നില്ലല്ലോ. ആര് കവിതയെഴുതുമായിരുന്നു.
ഇനി കയ്യേറ്റത്തിന്റെ കാര്യം പറഞ്ഞാൽ ഇപ്പോൾ നമ്മൾ താമസിക്കുന്നതെല്ലാം നമ്മുടെ അപ്പനപ്പൂപ്പന്മാർ കയ്യേറിയതല്ലേ. മറ്റൊരാവാസ വ്യവസ്ഥയായ മല തുരന്നുണ്ടാക്കിയ ഡാമിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി വെളിച്ചം ഉപയോഗിക്കാത്തവരായി ആരെങ്കിലും ഉണ്ടോ. ഫാൻ ആയും മിക്സി ആയും ഫ്രിഡ്ജ് ആയും A. C ആയും. എത്രയോ ജീവികളുടെ ആവാസവ്യവസ്ഥയായിരുന്നു ആ മലകൾ. അല്ലെങ്കിലും ഈ വീര നായകനായ കൊമ്പനെ കൊല്ലാനോ തിന്നാനോ അല്ലല്ലോ കൊണ്ടുപോയത്. ഭക്ഷണം യഥേഷ്ടം ലഭിക്കുന്ന മറ്റൊരു വനത്തിലേക്കല്ലേ. ഭക്ഷണലഭ്യത ഇല്ലാഞ്ഞിട്ടാണല്ലോ അവൻ കാടിറങ്ങിയത്.( അപ്പോൾ മറ്റൊരു സംശയം ശേഷിക്കുന്നു. അവിടെ മറ്റു കാട്ടാനകൾ ഇല്ലേ. ഭക്ഷണ ലഭ്യത ഇല്ലെങ്കിൽ അവയും കാടിറങ്ങണമല്ലോ).
ഒറ്റ ചോദ്യം കൂടി ചോദിച്ചുകൊണ്ട് അവസാനിപ്പിക്കാം. കൊമ്പനെ നാടുകടത്തിയതിൽ പ്രതിഷേധിച്ച് തൂലിക പടവാളാക്കിയവരുണ്ടല്ലോ. നിങ്ങൾ താമസിക്കുന്ന പ്രദേശത്ത് നാളെ കൊണ്ട് ഇറക്കട്ടെ ഇവനെ… എന്താ. ഏയ് അത് പറ്റില്ല എന്നല്ലേ പറഞ്ഞത്. അപ്പോൾ കാര്യങ്ങൾ അങ്ങനെ തന്നെ നടക്കട്ടെ വെടിപ്പായി അല്ലേ എങ്കിൽ ഓക്കെ.