മുറിയുടെ മൂലയിലേക്കൊതുങ്ങി ഭിത്തികളിൽ അള്ളിപിടിച്ച്, ഒളിക്കാൻ ഇടംതേടുമ്പോലെ പരതിനോക്കുന്ന ഭ്രാന്തിന്റെ ഭയം. അടിമത്വത്തിന്റെ അടയാളംപോലെ കാലുകളിൽ ചങ്ങല. നിലത്ത് ചിതറിക്കിടക്കുന്ന ആഹാരവശിഷ്ടങ്ങൾ.
വിയർപ്പിന്റെയും വൃത്തിയില്ലായ്മയുടെയും രൂക്ഷഗന്ധം സഹിക്കാതെ സുഹൃത്തിനെയും കൂട്ടി മുറിവിട്ടിറങ്ങിയ അയാൾ വേഗം കാറിനടുത്തേക്ക് നടന്നു. ‘ ഇത്രയും കാലം വേണ്ടിവന്നോ തനിക്ക് തന്റെ അച്ഛനരുകിലെത്താൻ’. വല്ലാത്ത കുറ്റബോധം. കൈകൾക്ക് ബലം കുറയുംപോലെ. സ്റ്റിയറിംഗ് വീലിൽ മുറുകെപ്പിടിച്ചു.
എട്ടാം വയസിൽ തന്നെ ഡ്രൈവിങ് പഠിപ്പിക്കുമ്പോൾ അച്ഛൻ പറഞ്ഞ വാക്കുകളോർത്തു. ‘ഡ്രൈവ് ചെയ്യുമ്പോൾ മറ്റൊന്നുമോർക്കരുത് മോൻ ‘. ആക്സിലറേറ്ററിൽ അമർന്നിരുന്ന കാലുകൾ വിറകൊള്ളുന്നു. ഇല്ലാ.. കഴിയുന്നില്ല. വണ്ടി ഓരം ചേർത്തുനിർത്തി. കണ്ണുകളടച്ചു സ്റ്റീരിയോ സംഗീതത്തിൽ മുഴുകി താളം പിടിച്ചിരുന്ന സുഹൃത്തിനെ തട്ടിവിളിച്ചു ഡ്രൈവ് ചെയ്യാൻ ആവശ്യപ്പെട്ടു. അയാൾ അടുത്ത സീറ്റിന്റെ ചാര് പരമാവധി താഴ്ത്തി അതിലേക്ക് ചാഞ്ഞു.
കണ്ണുകൾ ഇറുകെയടച്ചപ്പോൾ അറിയാതെ ഒരുതുള്ളി കവിളിലൂടെ ഒലിച്ചിറങ്ങി. ഭയപ്പാടോടെ തന്നെ നോക്കുന്ന തന്റെ അച്ഛൻ. കരുവാളിച്ച മുഖത്തെ നീണ്ടു നരച്ച താടിരോമങ്ങൾ. വൃത്തിയില്ലാത്ത കീറിപ്പിഞ്ഞിയ ഷർട്ട്. തനിക്കറിയുന്ന തന്റെ അച്ഛൻ…’ എപ്പോഴും നല്ല വേഷം, ക്‌ളീൻ ഷേവ് ചെയ്ത മുഖം, പൊടിപിടിപ്പിക്കാതെ കറുത്ത ഷൂസ്…ആ അച്ഛൻ ഇന്ന്… !’ തനിക്കും അമ്മയ്ക്കും ഇഷ്ടപ്പെട്ട ആഹാരം വാങ്ങിത്തരുവാൻ ഉത്സാഹം കാണിക്കുന്ന അച്ഛൻ. ഡ്രസ്സ് വാങ്ങിത്തരുന്നതിൽ വലിയ സന്തോഷമായിരുന്നു. ഒരു നിർബന്ധം മാത്രം. വീട്ടിലെത്തിയാലുടൻ ഇട്ട് കാണിക്കണം.
അമ്മയുടെ മുടി കെട്ടികൊടുക്കൽ, ഉറക്കത്തിൽ തനിക്ക് മീശ വരക്കൽ, തന്റെ ഇഷ്ടതാരങ്ങളായ ഫുട്ബോൾ കളിക്കാരുടെ ഹെയർസ്റ്റൈലുകൾ തന്റെ തലയിൽ പരീക്ഷിക്കൽ…. അങ്ങിനൊക്കെയായിരുന്നു അച്ഛൻ. ഡ്രൈവിങ്ങിൽ ഇഷ്ടമുള്ള അച്ഛന് അവധിക്കാലങ്ങളിൽ ഞങ്ങളെയും കൊണ്ട് ദൂരയാത്രകൾ പതിവായിരുന്നു. അതിലും അച്ഛനൊരിഷ്ടമുണ്ട് ‘നമ്മളെ അറിയാത്ത നാട്ടിൽ ചെന്നാൽ നമുക്ക് നമ്മൾ മാത്രം, അതൊരു സുഖല്ലേ ‘ എന്നും സ്കൂളിലേക്ക് പുറപ്പെടുമ്പോൾ അച്ഛൻ കെട്ടിപ്പിടിച്ചു ഉമ്മവക്കുക പതിവാണ്. താൻ തിരിച്ചും.” അച്ഛന്റെ ആ ഉമ്മകൾ തനിക്ക് നഷ്ടമായതെവിടെ വച്ചാണ് ‘? നഷ്ടമായതല്ലല്ലോ, താൻ നഷ്ടപ്പെടുത്തിയതല്ലേ..?
അച്ഛനൊരു പ്രശ്നം വന്നപ്പോൾ തങ്ങൾ അച്ഛനെ ഉപേക്ഷിക്കുകയായിരുന്നില്ലേ? അക്കാലങ്ങളിൽ നിരന്തരം അമ്മയുടെ കുറ്റപ്പെടുത്തലുകൾ കേൾക്കുമ്പോൾ അച്ഛൻ ഒന്നേ പറയാറുള്ളൂ ‘നിനക്കെന്നോട് സ്നേഹമില്ല, നിന്റെ വീട്ടുകാർ പോകയേയുള്ളു ഞാൻ ‘ അമ്മ അച്ഛനിൽ ആരോപിച്ച കുറ്റങ്ങൾ കേട്ട അറിവു മാത്രേ അന്നും ഇന്നും തനിക്കുള്ളൂ.ഉപേക്ഷിക്കാൻ മാത്രം എന്ത് തെറ്റാ അച്ഛൻ ചെയ്തതെന്ന് ഇന്നും അജ്ഞനാണ് താൻ.
അന്നൊക്കെ അമ്മ വാങ്ങിത്തന്നതും വാഗ്ദാനം ചെയ്തിട്ടുള്ളതുമായ സമ്മാനങ്ങളിലായിരുന്നു തനിക്ക് ശ്രദ്ധ. എത്രയോ തവണ തങ്ങളിലേക്കെത്താൻ ശ്രമിച്ച അച്ഛനെ തങ്ങൾ അവഗണിക്കുകയായിരുന്നില്ലേ? തന്റെ അച്ഛൻ ഇന്നും ഒറ്റയ്ക്ക്…. ! അയാൾ കയ്യിലിരുന്ന പാക്കറ്റിൽ മുറുകെ പിടിച്ചു, അച്ഛനുവേണ്ടി വാങ്ങിയ കറുത്ത ഷൂസ്. ഷർട്ട് മാത്രേ അവിടെ സ്വീകരിച്ചുള്ളു. ഷൂസ് ആവശ്യമില്ലത്രേ. അച്ഛനെ ആ ഷർട്ടൊന്നു ധരിപ്പിച്ചു കാണുവാൻ പോലും താൻ…! ‘ഇടയ്ക്കിടെ “മോനേ” ന്നു വിളിച്ച് അലമുറയിടും ന്നതൊഴിച്ചാൽ പൊതുവെ ശാന്തനും മൂകനുമാണ് ‘ ന്ന അറ്റന്ററുടെ വാക്കുകൾ. അതെ.. ‘തന്റെ അച്ഛൻ ശാന്തനായിരുന്നു. പുഞ്ചിരിയായിരുന്നു ആ മുഖത്തെപ്പോഴും. കാതുകളിൽ “മോനേ “ന്ന അലർച്ച മുഴങ്ങുമ്പോലെ, അയാൾ ഇരുകൈകൊണ്ടും ചെവികൾ പൊത്തി. നീർച്ചാലുകൾ കവിളുകളെ പൊള്ളിച്ചുകൊണ്ട് താഴേക്കൊഴുകിയിറങ്ങുന്നു….! ‘തന്റെ അച്ഛൻ ‘ binu surendran.