രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ ✍
വേദിയിൽ മത്സരമാക്കി മർത്ത്യൻ
ജീവിതം മദനോത്സവമാക്കി
രാത്രിയെപ്പകലാക്കി മാറ്റി നിദ്രയെ
രാവിന്റെ പടിപ്പുറത്താക്കി
രീതിയും നാട്ടുനടപ്പും കളഞ്ഞിട്ട്
ശീലങ്ങൾ കടമായിവാങ്ങി
ചോരുന്ന സംസ്കാരമൂല്യങ്ങളെ നോക്കി
ചോദ്യമറിയാതെ പിടഞ്ഞു
പലതുമുൾക്കൊള്ളാൻ കഴിയാതെ
പഴമകൾ നെടുവീർപ്പിൽത്തകർന്നു
ഉയരുന്നചോദ്യങ്ങളുടനെ ശിരസറ്റു
മറുചോദ്യമായ് നിണംവീഴ്ത്തി
വിടരുന്നപുഞ്ചിരി വികലമായിത്തീർന്നപ്പോൾ
വിസ്മയം മുഖങ്ങളിൽച്ചേക്കേറി
ബന്ധങ്ങളെ സ്വന്തംകീശയിൽ തിരുകുന്ന
ബന്ധുക്കളും ബന്ധുമിത്രങ്ങളും
കവലകൾ കാലിയായ് മാറുന്നുവെങ്കിലും
കാലികൾ കവലകൾ കയ്യേറി
ധാർമികതയുടെ കൈ വെട്ടിമുറിച്ചിട്ട്
ധർമ്മിഷ്ഠരാകുന്നു നിഷ്ടൂരന്മാർ
സമ്പത്തും സ്ഥാനവും നേടിയെടുക്കുവാൻ
സർവം ത്യജിക്കുന്നു സൽക്കർമികൾ
സംസ്കാരവും ദേശസൗഭാഗ്യവും പാടി
സത്യവും സമത്വവും അടർത്തിമാറ്റി
സ്വീകാര്യമല്ലാത്ത വാഗ്ദാനങ്ങളെക്കാട്ടി
സ്വൈര്യവും സ്വകാര്യവും വളച്ചുകെട്ടി
എങ്ങോട്ട് പോകുന്നു നമ്മളെന്നോർക്കുമ്പോൾ
എന്തിനുപോകുന്നു എന്ന ആധിമാത്രം
എന്തെല്ലാം നേടുന്നു നമ്മളെന്നറിയുമ്പോൾ
എന്താണ് നഷ്ടങ്ങളെന്ന വ്യാധി മാത്രം
വേദിയിൽ മത്സരമാക്കി ജീവിതം
മനുഷ്യൻ മദനോത്സുകൻ ആയി….