രചന : സതി സുധാകരൻ പൊന്നുരുന്നി✍

തെരുവോരങ്ങളിൽ പാടി നടന്നു ഞാൻ,
വയർ നിറച്ചുണ്ണുവാൻ വേണ്ടി.
അദ്യത്തെ പാട്ടിനു കിട്ടിയ
തുട്ടുകൊണ്ടായിരം സ്വപ്നങ്ങൾ നെയ്തുകൂട്ടി.
അച്ഛനു വേണം കുഴമ്പ് ‘
അമ്മയ്ക്കു വേണം മരുന്ന്,
പാർവ്വതിക്കുട്ടിയ്ക്കു തുള്ളിക്കളിക്കുവാൻ
ഞൊറിവച്ച കുഞ്ഞുടുപ്പൊന്നു വേണം.
കണ്ണില്ലെങ്കിലും അച്ഛനുമമ്മയ്ക്കും പൊൻമകൻ
ഞാനൊന്നു മാത്രം.
കണ്ണുണ്ടായിട്ടും കാണാൻ കഴിയാത്ത
മാനവനോടൊരു ചോദ്യം
കണ്ണറിയാത്ത ഞാൻ പാടി നടക്കുമ്പോൾ ,
ഭിക്ഷയായ് കിട്ടിയ ചില്ലറത്തുട്ടുകൾ,
തട്ടിത്തെറിപ്പിച്ചീടല്ലേ
നിങ്ങൾ,തട്ടിത്തെറിപ്പിച്ചീടല്ലേ!.
ചോരുന്നതെങ്കിലും കയറിക്കിടക്കുവാൻ
പുല്ലുമേഞ്ഞുണ്ടൊരു കൂര.
കൂരയ്ക്കുള്ളിലെ ചാഞ്ചാടും കട്ടിലിൽ ,
അച്ഛൻ തളർന്നു കിടപ്പു.
പട്ടിണിക്കോലമായ് മാറിയൊരമ്മയും
അച്ഛൻ്റെ ചാരത്തിരിപ്പു.
ഒന്നുമറിയാത്ത കൊച്ചനുജത്തിയും മുറ്റത്തു,
തുള്ളിക്കളിച്ചു നടന്നു.
ഇമ്പത്തിൽ പാടാനായ് സ്വരംതന്ന തമ്പ്രാനെ
കുമ്പിട്ടു പാദം തൊഴുന്നേൻ
……

സതി സുധാകരൻ

By ivayana