രചന : പട്ടം ശ്രീദേവിനായർ✍
എല്ലാ അമ്മമാരുടെയും സ്നേഹഓർമ്മകൾക്ക് മുന്നിൽ!❤
ലോകമെന്തെന്നറിയാതെ
സ്വപ്നം കണ്ടു മയങ്ങിഞാൻ .
ഉണ്മയേതെന്നറിയാതെ
കണ്ണടച്ചു കിടന്നു ഞാൻ .!
അമ്മതൻ മുഖം കണ്ടുപിന്നെ
അച്ഛനെ നോക്കിക്കിടന്നു ഞാൻ .
ബന്ധനങ്ങളറിയാതെ
ബന്ധുതൻ കൈയ്യിലുറങ്ങിഞാൻ!
ചുണ്ടിൽ മുലപ്പാലൊഴുക്കി
പുഞ്ചിരിച്ചു കിടന്നു ഞാൻ!
പല്ലിനാൽ ക്ഷതം വരുത്തി
അമ്മതൻ കണ്‍കളിൽ നോക്കി ഞാൻ!
അച്ഛനെന്നു വിളിക്കും മുൻപേ
അമ്മ യെന്നു വിളിച്ചു ഞാൻ .
ആദ്യമായി നാവിലൂറിയ വാക്കിനെ,,
അമ്മയാക്കി ഞാൻ !
പിച്ചവച്ചു നടന്നു ഞാനെൻ
അമ്മതൻ വിരൽ തുമ്പിനാൽ …
കൊഞ്ചലായ് പിന്നമ്മ തന്നുടെ
നെഞ്ചകം തന്നിലൊരോമലായ് !
അമ്മേ എന്ന് വിളിച്ചു പിന്നെ
ആവലാതികൾ ചൊല്ലിഞാൻ !
എന്തിനെന്നറിയാതെ
പിന്തുടര്ന്നു ഞാനമ്മയെ !
ശൂന്യമായീ ഇന്നു വീണ്ടും
അമ്മതൻ വിജനവീഥിയിൽ …
എന്തിനെന്നറിയാതെ
വീണ്ടുമമ്മയെ കാത്തു ഞാൻ!
തിരഞ്ഞു നിൽപ്പൂ അമ്മയെ ഞാൻ …
തിരിച്ചു വരാത്ത വഴികളിൽ ….
വെറുതെ ഒന്ന് നടന്നുനോക്കാൻ
അശക്ത മായിന്നെന്റെ പാദവും !