രചന : ഷബ്‌നഅബൂബക്കർ✍
സ്വാർത്ഥതയല്ലെന്ന് സമർത്ഥമായി തെറ്റിദ്ധരിപ്പിച്ച്
പ്രിയപ്പെട്ടവർക്ക് സമാധാനവും സന്തോഷവും
അഭിമാനവും ഉറപ്പു വരുത്താനെന്ന് ചൂണ്ടി കാട്ടി
നീ ഇറങ്ങി നടന്ന ഇടങ്ങളിലേക്കൊന്ന്
തിരിച്ചു നടന്നു നോക്കൂ…
വികാരത്തിന്റെ കൊടും ചൂടിലെപ്പോഴോ
അഴിച്ചെറിഞ്ഞ ചാരിത്രത്തിൽ വീണു പോയ
കറയെ മായ്ക്കാനാവാത്ത നിരാശയിൽ
മണ്ണെണ്ണയൊഴിച്ചെല്ലാം ചാരമാക്കി നീ
മാഞ്ഞു പോയതിൽ പിന്നെ
വെന്തു നീറുന്ന ചില മനുഷ്യരുണ്ട്…
മുറുക്കി കെട്ടിയ ബന്ധങ്ങളൊക്കെയും
ബന്ധനങ്ങളെന്ന് പൊട്ടിച്ചെറിഞ്ഞു
തളർന്നിട്ടും തോൽക്കാൻ മടിച്ചൊടുക്കം
ഒറ്റക്കയറിനാൽ ബന്ധനം തീർത്ത്
ജയിച്ചെന്ന് കണ്ണു തുറിച്ചു കാട്ടി
നീ അകന്നു പോയപ്പോൾ മുതൽ
ഒന്നു തിരിഞ്ഞു നടക്കാനാവാത്ത വിധം
എരിയുന്ന ഓർമ്മകളിൽ ബന്ധിക്കപ്പെട്ട്
ശ്വാസംമുട്ടി പിടയുന്നവരുണ്ട്..
‘വയറു നിറച്ചവനെ’ തിറിച്ചറിയാനാവാത്ത
ഗതികേടിനെ പഴിച്ചു അവസാന തുള്ളി
വിഷവും വാശിയോടെ കുടിച്ചിറക്കി
മൗനമായി നീ ഇറങ്ങി പോയതിൽ പിന്നെ
ഒരു വറ്റു പോലും ഇറക്കാനാവാതെ
ചങ്കുപിടഞ്ഞു മരിക്കാതെ മരിക്കുന്ന
ഒത്തിരി ജീവിതങ്ങളുണ്ട്…
നീ ക്ഷണിച്ചു വരുത്തിയവരെന്ന് മറവി നടിച്ച്
പെണ്മയുടെ ഉടയാടകൾ ഭാഗിച്ചെടുക്കാൻ
ഇരുൾ തുരന്ന് ആർത്തി പൂണ്ടെത്തിയവരെ
തോൽപ്പിക്കാൻ പകയെരിച്ചു പകൽ തുരത്തി
നീല ഞരമ്പുകളെ അറുത്തു മുറിച്ചു
വീതം വെച്ച് നീയകന്നു പോവുമ്പോൾ ചിതറി വീണ
മഞ്ചാടി മുത്തുകളിൽ നോക്കിയിരിക്കെ
കണ്ണു കലങ്ങി മനസ്സിടറി
ചിറകറ്റു വീണ ഒത്തിരി സ്വപ്നങ്ങളുണ്ട്…..
പരാതികൾക്കും പരിഭവങ്ങൾക്കും
പരിഹാസങ്ങൾക്കുമെല്ലാം പരിഹാരമെന്ന്
നീ സ്വതന്ത്രമാക്കി വിടാൻ തിടുക്കം കാട്ടിയ
നിന്റെ ഹൃദയതാളത്തെ തിരിച്ചു പിടിക്കാൻ
പ്രാർത്ഥനയോടെ ദിനങ്ങളെണ്ണി മടുത്തിട്ടും,
മിഴിനീര് കുടിച്ചു ദാഹമകറ്റി
പ്രതീക്ഷ വെടിയാതെ കാത്തിരുന്നവർക്ക് നേരെ
മുഖം തിരിച്ച് അവ പറന്നകന്നതിൽ പിന്നെ
നിത്യവും പ്രാകി തുപ്പുന്ന പലവായകൾക്ക്
മുന്നിൽ തലകുനിച്ചു നിന്ന്
വാക്കുകളുടെ കൂരമ്പേറ്റ് വാങ്ങി
തീരാ വേദനകളുടെ അഗാധമായ
ഗർത്തത്തിലേക്ക് ചിതറി വീണവരുണ്ട്…
ഇതിൽ എവിടെയാണ് നീ വെച്ചു നീട്ടിയ സമാധാനം?
എവിടെയാണ് നിനക്ക് സന്തോഷത്തിന്റെ ഒരു
ചിരിപ്പൊട്ടെങ്കിലും കണ്ടെടുക്കാനാവുന്നത്?
അപമാനത്തിന്റെ കനം പേറി ശിരസ്സ് ഭൂമിയോളം
കുനിഞ്ഞു പോയവരെവിടെയാണ്
അഭിമാനത്തിന്റെ പൊൻ തൂവൽ ചൂടേണ്ടത്?
ഒരിക്കലും ഒരു ചുവടു പോലും പറിച്ചു വെക്കാൻ
കഴിയാത്ത വിധം നീ ഇറങ്ങി പോയ ഇടങ്ങളിൽ
കല്ലിച്ചു നിൽക്കുന്നവർക്ക് ശരിയുടെ ശബ്ദം
പോലും നിഷേധിച്ച നീ ആയിരുന്നില്ലേ തെറ്റ്?
പ്രിയപ്പെട്ടവരെ രക്ഷപ്പെടുത്തുന്നുവെന്ന്
കണ്ണിറുക്കി കാട്ടി കഷ്ടപ്പെടുത്തി
നീതിയല്ലെന്നറിഞ്ഞിട്ടും സ്വയം രക്ഷപ്പെടാൻ
നോക്കിയതിൽ ന്യായമെവിടെയാണ്???
തെറ്റെന്നതിന് നീയെന്ന് മാത്രമായിരുന്നില്ലേ ശരി?
തെറ്റ് പറ്റിയത് നിന്റെ തീരുമാനത്തിനായിരുന്നില്ലേ??