ഷബ്‌ന ഷംസു ✍
സബ് ജയിലിന്റെ തൊട്ടടുത്താണ് ഞാൻ ജോലി ചെയ്യുന്ന താലൂക്ക് ഹോസ്പിറ്റൽ,
മിക്കവാറും ദിവസങ്ങളിൽ പ്രതികളുമായി അത്യാഹിത വിഭാഗത്തിലെത്തുന്ന പോലീസുകാരെ കാണാറുണ്ട്. കൂടാതെ ആഴ്ചയിൽ ഒരു ദിവസം ഹോസ്പിറ്റലിലെ മെഡിക്കൽ ടീം ജയിലിൽ പരിശോധനയും നടത്താറുണ്ട്.
ഇന്ന് രാവിലത്തെ വാർത്ത കേട്ട് നടുങ്ങിപ്പോയി. ഞങ്ങളുടെ കാഷ്വാലിറ്റി ഡോക്ടർമാരും സ്റ്റാഫുകളും ഹൗസ് സർജൻസി ചെയ്യുന്ന പതിനഞ്ചോളം കുട്ടി ഡോക്ടർമാരും കണ്ണില് തെളിഞ്ഞ് നിൽക്കാണ്…
ഈ ആക്രമണത്തിൽ ഉൾപ്പെട്ട ഓരോ വിഭാഗം ജീവനക്കാരും നമ്മുടെ നിത്യ കാഴ്ചയിലെ അംഗങ്ങളായതിനാൽ കൊല്ലത്ത് സംഭവിച്ചത് നമ്മൾക്കിടയിലും സംഭവിച്ചേക്കാമെന്നുള്ള ഭീതി ചെറുതൊന്നുമല്ല.
ഹൗസ് സർജൻസി ഡോക്ടർ. വെറും ഇരുപത്തി രണ്ട് വയസ്. പുതിയ കാര്യങ്ങൾ പഠിക്കാനും അറിയാനുമുള്ള ആകാംക്ഷ.
ഹോസ്പിറ്റൽ ആക്രമണങ്ങളെ കുറിച്ചുള്ള നിരന്തരം ഉണ്ടാവുന്ന വാർത്തകൾ അവരും കേട്ടിരിക്കാം. ആ സന്ദർഭത്തെ എങ്ങനെ പ്രതിരോധിക്കണമെന്ന് അവർ ചിന്തിച്ചിട്ടുണ്ടാവുമോ?
കൂടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ പറയുന്നുണ്ട്, ആംബുലൻസ് ഡ്രൈവറിന്റെ നിർദ്ദേശ പ്രകാരം ഞങ്ങളാക്കെയും റൂമിൽ കയറി വാതിലടച്ചു. വന്ദനയെ വിളിച്ചെങ്കിലും അവളങ്ങ് സ്റ്റക്കായ പോലെ നിൽപ്പായിരുന്നെന്ന്, ഭീതിതമായ അന്തരീക്ഷത്തിൽ ജോലി ചെയ്യേണ്ടവർ ആണെന്ന് ആ ഡോക്ടറെ ആരും പഠിപ്പിച്ചിട്ടുണ്ടായിരിക്കില്ലല്ലോ..
ഇതിനിടയിൽ ഒരു പ്രവചനം കണ്ടു,
അടുത്ത് തന്നെ ഒരു ആരോഗ്യ പ്രവർത്തകൻ ജോലി സ്ഥലത്ത് കൊല്ലപ്പെടും പോലും,
ഇതാണോ പ്രവചനം..
ആള് കൂടുമ്പോൾ മറിയുന്ന ബോട്ടപകടം പോലെ,
ഷോർട്ട് സർക്യൂട്ട് കാരണം കത്തിയെരിയുന്ന ഫ്ലാറ്റ് പോലെ,
സുരക്ഷാ മുൻകരുതൽ ഇല്ലാതെ അപകടങ്ങൾ സംഭവിക്കുന്ന പോലെയാണോ ജോലി സ്ഥലത്ത് മറ്റൊരാളാൽ കൊല്ലപ്പെടുന്ന ആരോഗ്യ പ്രവർത്തകൻ…
ക്രൈം ആണ്,
കൊലപാതകമാണ്,
മനപ്പൂർവ്വമുള്ള നരഹത്യയാണ്..
ആരോട് പറയാൻ,
ആര് കേൾക്കാൻ..
ഡോക്ടർക്ക് തല്ല് കിട്ടുമ്പോ,
കിട്ടേണ്ടത് ആണെന്ന് ആനന്ദം കണ്ടെത്തുന്ന മനുഷ്യർക്ക് ഇടയിലാണ്,
നിയമസഭയിൽ പോലും കയ്യടിക്ക് വേണ്ടി രണ്ടെണ്ണം കിട്ടണം എന്ന് പറഞ്ഞവരാണ്..
മോബ് ലിഞ്ചിന് ആഹ്വാനം ചെയ്യുമ്പോ,
ഇതൊക്കെ എവിടെയൊക്കെ ആരുടെയൊക്കെ മനസ്സിലാണ് ആ ആശയം കയറുന്നത് എന്നതെന്ന് ഓർമ്മ വേണം,
ഒരവസരം കിട്ടിയാൽ അവരും അത് തന്നെ ചെയ്യും..
മാനസിക രോഗിയായിരിക്കാം,
ഡ്രഗ് അഡിക്റ്റ് ആയിരിക്കാം,
പക്ഷേ ആ നരാധമന്റെ ഉള്ളിലേക്ക് ഈ വിഷം കയറ്റി വെച്ചത് ഈ സമൂഹമാണ്,
ഇവിടത്തെ ആൾക്കൂട്ട അക്രമങ്ങളെ പിന്തുണച്ചിരുന്ന ഓരോ മനുഷ്യരും ആണ്..
രക്ത സാക്ഷിയാണ്,
കൊല്ലപ്പെട്ടതാണ്,
കൊന്നതാണ്..
വിട …🌹