രചന : സെഹ്റാൻ✍
പുഴയിറമ്പിലേക്കുള്ള
അവസാന ബസ്സിൽ
അയാളും, ഞാനും.
അയാളുടെകൈയിൽ ഒതുക്കിപ്പിടിച്ചിരിക്കുന്ന വീട്!
അതിന്റെ ജാലകങ്ങളിലൂടെ
പുറത്തേക്കുറ്റു നോക്കുന്ന
കണ്ണുകളിൽ
തീവ്രവ്യസനങ്ങളുടെ,
നിരാശതകളുടെ മുറിവുകൾ.
ബസ്സ് വളവുകൾ തിരിയുമ്പോൾ,
ഗട്ടറുകളിൽ ചാടുമ്പോൾ, ബ്രേക്കിടുമ്പോൾ അയാൾ
അസ്വസ്ഥനാകുന്നു.
ഭാരിച്ച നെടുവീർപ്പുകൾ
വായുവിലേക്ക് കെട്ടഴിച്ചുവിടുന്നു.
വീടിനെ കൂടുതൽ കൂടുതൽ
നെഞ്ചോടു ചേർത്തുപിടിക്കുന്നു.
പുഴയിറമ്പിലെ സ്റ്റോപ്പിലിറങ്ങാൻ
അയാളും, ഞാനും മാത്രം!
പുഴയുടെ അറ്റത്തെക്കോണിലേക്ക്
താണിറങ്ങുന്ന
ചുവന്ന ഉടലുള്ള സൂര്യൻ.
ചുവപ്പ് ഊരിയെറിഞ്ഞ്
കറുത്ത അങ്കി അണിയുന്ന
ആകാശം.
അയാൾ പുഴയിലേക്കിറങ്ങുന്നു.
ആഴങ്ങളിലേക്ക്.
നിശബ്ദതയിലേക്ക്.
പുഴയോളങ്ങളിൽ നീന്തുന്നത്
അയാളുടെ നെടുവീർപ്പുകളുടെ
കുമിളകളാവാം.
പുഴയോളങ്ങളിൽ ഉലയുന്നത്
അയാളുടെ വീടിന്റെ
ഹൃദയമിടിപ്പുകളും…
തലയ്ക്ക്മീതേ ഒരുകൂട്ടം
പക്ഷികൾ പറന്നകലുന്നു.
ഇരുളായതിനാലാവാം
അവയുടെ കണ്ണുകൾ ദൃശ്യമല്ല!
⭕