രചന : സഫി അലി താഹ✍

വിശുദ്ധപ്രണയത്തിൽ സെക്സ് ഇല്ല എന്ന് പറയുമ്പോൾ അത്‌ ആശുദ്ധമാക്കപ്പെട്ട മഹാപാപം വല്ലതുമാണോ എന്നതാണ് ചോദ്യം?
എന്റെ ഉത്തരം ഇതാണ്,പ്രണയത്തിനെ വെള്ളപൂശാൻ ചിലർ കെട്ടിച്ചമയ്ക്കുന്ന പച്ചക്കള്ളമാണ് പ്രണയത്തിൽ സെക്സ് ഇല്ലെന്നത്.അതിനൊരു പേരും വിശുദ്ധ പ്രണയം!!അതിന് താത്പര്യം ഇല്ലാത്തവർ ചെയ്യില്ല,അവനവനെ നിയന്ത്രിക്കും അതാണതിൽ സംഭവിക്കുക അത്രന്നെ!!പിന്നേ കഥകളിലും കവിതകളിലും ഒക്കെ എഴുതാൻ കൊള്ളാം വിശുദ്ധപ്രണയത്തിലാണ് നമ്മൾ, അതിൽ അങ്ങനൊന്നുമില്ല എന്നൊക്കെ!!ദമ്പതികൾ തമ്മിലും ആഴത്തിലുള്ള പ്രണയമുണ്ട്, അല്ലെങ്കിൽ ദീർഘകാലം രസച്ചരട് മുറിയാതെ ഒരുമിച്ച് ജീവിക്കാൻ കഴിയില്ലല്ലോ!! ലൈംഗികത മാത്രമല്ല അവിടെയുള്ളത്, ഒരുപാട് ഘടകങ്ങളാൽ ചേർത്തുകെട്ടിയൊരു വഞ്ചിയാണത് . ഒന്നടർന്നാൽ ചിലപ്പോൾ വിള്ളൽ വീണേക്കാം. എങ്കിലും അപ്പപ്പോൾ അത്‌ പരിഹരിച്ച് കണ്ടീഷൻ ചെയ്യാൻ അവർക്ക് കഴിയുന്നു.അങ്ങനെയല്ലാത്തവർ ജീവിതം നരകമാക്കുന്നു എന്ന് മാത്രം പറയുന്നു.


പ്രണയിക്കുന്നവർ തമ്മിൽ ചുംബനം കൈമാറുന്നതും തൊടാൻ കൊതിക്കുന്നതും ഒക്കെ പതിവാണ്. കരുതലും സ്നേഹവും വിശ്വാസവും ഒക്കെയാണ് അതൊക്കെയും ഊട്ടിയുറപ്പിക്കുന്നത്. പ്രണയമെന്നത് ഒരു അനുഭവമാണ്, അനുഭവിച്ചവർക്ക് മാത്രമറിയുന്ന ഒന്ന്!!മനോഹരമായ ഒരു മിറക്കിൾ എന്നൊക്കെ പറയാൻ ഞാൻ ഇഷ്ടപ്പെടുന്നു. ആ അനുഭവം മനസ്സിൽ പോലും ഇല്ലാത്ത ഒരാൾ എഴുതുന്ന വരികൾ പോലും ജീവനില്ലാത്തതാകും.


മിനിയാന്ന് ഒരു വീഡിയോ പോസ്റ്റ്‌ ചെയ്തിരുന്നു. ശരിയാണ് അങ്ങനെയുള്ള പോസ്റ്റുകൾ ഞാൻ ഇട്ടിട്ടില്ല, ആ വ്ലോഗ്ഗർ പറഞ്ഞ കാര്യങ്ങളിൽ തീർച്ചയായും എനിക്ക് വിയോജിപ്പുണ്ടായിരുന്നു അത്‌ മാന്യമായി ആരുടേം തന്തയ്ക്ക് വിളിക്കാതെ അവിടെ പറയുകയും ചെയ്തു.പ്രതികരിക്കുന്നതും പ്രതികരിക്കാത്തതും അവരവരുടെ ഇഷ്ടമാണ്. അതിന് അവകാശവുമുണ്ട്.
സെക്സ് എന്ന വാക്കിന് സാനം എന്ന് പറയുന്ന അയാളുടെ കണ്ടുപിടുത്തങ്ങൾ കൗതുകത്തോടെയാണ് കണ്ടത്!!


മകൾ പോൺ വീഡിയോസ് കണ്ട് സ്വയംഭോഗം ചെയ്യുന്നില്ല എന്നും സെക്സിനെ കുറിച്ച് ചിന്തിക്കുന്നു പോലുമില്ല എന്നും നിശ്ചയമുള്ള ഒരമ്മയാണ് ഇന്നലെ എന്തൊക്കെ എഴുതണം എന്നത് എന്നോട് പറഞ്ഞത്.അല്ലെങ്കിലും അതൊക്കെ പുരുഷന്മാർ മാത്രം ചെയ്യുന്നതല്ലേ? എന്നും അവർ ചോദിച്ചു.ഇതൊക്കെ വേണമെന്നുള്ളവർക്ക് ആകുകയോ വേണ്ടാത്തവർ ഉപേക്ഷിക്കുകയോ ആവാം എന്നതാണ് എന്റെ മറുപടി.സ്വയംഭോഗം ചെയ്യാൻ പോൺ വീഡിയോ വേണോ എന്നതൊക്കെ അവരവരുടെ സൗകര്യം!!ചില അറിവുകൾ ചെറുതല്ലല്ലോ!!(***ദോഷങ്ങൾ എഴുതാനുണ്ട് )
സെക്സിനെ കുറിച്ച് സംസാരിച്ചാൽ ഹസ്ബെന്റ് വാളെടുക്കും എന്ന് പറയുമ്പോൾ എനിക്ക് ചിരിക്കാനാണ് തോന്നിയത്.


മക്കൾക്ക് ജന്മം കൊടുക്കാം ഒന്നും സംസാരിക്കരുത്!!സ്വന്തം പങ്കാളിയോട് പോലും തുറന്ന് സംസാരിക്കാൻ കഴിയാതെ ശ്വാസംമുട്ടി ജീവിക്കുന്ന ഒരാൾക്ക് ആ പോസ്റ്റ്‌ വിഷമം ഉണ്ടാക്കിയതിൽ എനിക്ക് ഖേദമുണ്ട് എന്നല്ലാതെ വേറൊന്നും പറയാനില്ല.
സെക്സും അതിനെ കുറിച്ചുള്ള സംസാരവും ആണിന്റെ കുത്തകയാണെന്ന് ചിന്തിക്കുന്ന ഒരു വിഭാഗം മനുഷ്യർ ഇപ്പോഴും നമുക്ക് ചുറ്റുമുണ്ട്.
ഈയടുത്ത് ഗൈനക്കോളജിസ്‌റ്റായ സുഹൃത്തിനോട് സംസാരിച്ചപ്പോൾ അവൾ പറഞ്ഞൊരു കാര്യമുണ്ട്.ഇന്നും ലൈംഗിക ജീവിതം എന്തെന്ന് പോലും അറിയാത്ത കുറെയേറെ സ്ത്രീകൾ ഇവിടുണ്ട്. രതിമൂർച്ഛയെന്നാൽ അവർ കരുതുന്നത് പുരുഷന്റെ സ്പേം ഡിസ്ചാർജ് എന്ന് മാത്രമാണ്.വേറൊരു വിഭാഗമുണ്ട് അവർക്ക് ആവശ്യമുള്ള കാര്യങ്ങൾ സ്വന്തം ഭർത്താവിനോട് പോലും പറയാൻ പറ്റുന്നില്ല.


തെറ്റിദ്ധാരണയും ഇത് എവിടുന്ന് കിട്ടി എന്ന സംശയത്തിന്റെ ചോദ്യങ്ങളുമാണ് പിന്നെയവരെ കാത്തിരിക്കുന്നത്!!ലൈംഗികതയെ കുറിച്ച് സംസാരിക്കാൻ പോലും അവകാശവും അർഹതയും ഉള്ളത് പുരുഷന്മാർക്കാണ് എന്ന് ഒരു കുറഞ്ഞവിഭാഗം പുരുഷന്മാർ സ്ത്രീകളുടെ മനസ്സിൽ അടിവരയിടുന്നു. ഇതവർ ഒളിഞ്ഞും തെളിഞ്ഞും തങ്ങളുടെ മക്കളിലേക്കും പകരുന്നു!!


ഇടയ്ക്ക് ഒരു സ്കൂളിലെ മോട്ടിവേഷൻ ക്ലാസ്സ്‌ നടന്നപ്പോൾ ആ മോട്ടിവേറ്റർ ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞിരുന്നു. അപ്പോൾ അവിടിരുന്ന കുറെയേറെ മനുഷ്യരുടെ എതിർപ്പ് നേരിൽ കണ്ടതാണ്. കുട്ടികളെ പാഴാക്കികളയാനാണ് അങ്ങനൊരു വിദ്യാഭ്യാസം എന്നാണ് അവർ പറഞ്ഞത്. മാനസികാരോഗ്യവും അറിവുമുള്ള ഒരു തലമുറയെ കെട്ടിപ്പടുക്കാൻ സമ്മതിക്കാത്ത മനുഷ്യരും ഈ ലോകത്തുണ്ടെന്ന് ഞാനപ്പോൾ മുതൽ ചിന്തിക്കുന്നത് കൊണ്ട് ആ സ്ത്രീയോടും സഹതാപമുള്ള സ്‌നേഹം മാത്രമേയുള്ളു.പലത്കൊണ്ട് പുരോഗമനത്തിന്റെ ടോപ്പിലാണ് നാമുള്ളത്, എന്നാൽ അടിസ്ഥാനപരമായി വേണ്ട അറിവുകൾ കിട്ടുന്നത് തുലോം തുച്ഛമാണ്. അറിവുകൾ കിട്ടുന്നതിനെ എതിർക്കുന്ന മനുഷ്യരോട് പുച്ഛമാണ് തോന്നുന്നത്!!


ഒന്നുകൂടി പറഞ്ഞു നിർത്തട്ടെ, പ്രിയപ്പെട്ട മനുഷ്യരേ അവരവരുടെ ഇണകളോട് എങ്കിലും തുറന്ന് സംസാരിക്കാൻ സമയം കണ്ടെത്തണം.തങ്ങൾക്കിടയിൽ എന്തും പറയാമെന്ന സ്വാതന്ത്ര്യം ഉണ്ടാകണം. ഭർത്താവിന്റെ കാർക്കശ്യതയുടെ വേലി പൊളിച്ചുകളയണം. സ്നേഹത്തിലൂടെ ബന്ധിപ്പിക്കുന്ന ബന്ധങ്ങൾക്ക് മാത്രേ നിലനിൽപ്പുള്ളൂ. പേടിപ്പിച്ചും തന്റെ കാര്യം നോക്കിയും മാത്രം ജീവിക്കുന്ന പുരുഷന്മാരോട് തീർത്താൽ തീരാത്ത ദേഷ്യമാകും ഓരോ സ്ത്രീക്കും എന്നത് ഓർമ്മയിലിരിക്കട്ടെ. നിങ്ങളെ അനുസരിക്കുന്നത് അവരുടെ ഗതികേട് കൊണ്ടാണ്, ഇഷ്ടം കൊണ്ടല്ലെന്നും, അനുസരിപ്പിക്കുക എന്നത് മാത്രമല്ല അന്തസ്സുള്ള ജീവിതം എന്നുകൂടെമറക്കാതിരിക്കുക.!!

ബൈദബൈ എല്ലാരും കൂടി സെക്സിനെ അശ്ലീലവൽക്കരിക്കല്ല്.!!🚶‍♀️

സഫി അലി താഹ

By ivayana