രചന : സന്തോഷ്‌കുമാർ ✍

വല്ലാത്ത അനിശ്ചിതമാണീ ജീവിതം
ഏത് നിമിഷവും എന്തും സംഭവിക്കാവുന്ന ഒന്ന്
ഒന്നിനും ഒരുറപ്പുമില്ല…..ഈ നിമിഷം മാത്രം സ്വന്തം
ജീവൻ കൈവിട്ടുപോകുന്ന നിമിഷ മരണങ്ങൾ
പ്രിയരിൽ ഒരു ഞെട്ടലുണ്ടാക്കി കടന്നുപോകുന്ന യാഥാർതഥ്യങ്ങൾ
അടുക്കിവെക്കേണ്ട കാര്യങ്ങൾ
ചെയ്തുതീർക്കേണ്ട കാര്യങ്ങൾ
ഒന്നിനും സമയം കൊടുക്കാതെ വലിച്ചു
കൊണ്ടുപോകുന്ന വാശിക്കാരൻ
കഴിഞ്ഞ നാഴികകളിൽ നമ്മളുമായി
സംവദിച്ചവർ
വേർപിരിയലിന്റെ ചെറു ലാഞ്ചനകൾ
പോലും കാണിക്കാത്തവർ
ഇനിയില്ല എന്നറിയുമ്പോഴുള്ള
ഹൃദയനൊമ്പരം അതി തീവ്രം തന്നെ
വിട ചൊല്ലിയവരെക്കുറിച്ചുള്ള ഓർമ്മകൾ
അവരുമായിട്ടുള്ള പല നിമിഷങ്ങൾ
ഒരു തിരശീലയിൽ എന്ന പോൽ
ഉയർന്നു വരും
എപ്പോൾ വേണമെങ്കിലും ഉടഞ്ഞുപോകാവുന്ന ഒരു മൺകുടമായി
വിരൽ അകന്നാൽ അകന്നുപോകും വെറുമൊരു അപ്പൂപ്പൻതാടിയായി
അത്രയേറെ ദുർബലമാം ജീവൻ
എത്ര ദിനങ്ങൾ, വർഷങ്ങൾ കടന്നുപോയി
ആ ജീവിതം
അനേകം അനുഭവങ്ങളിലൂടെ
സന്തോഷത്തിലൂടെ സന്താപത്തിലൂടെ
നിരവധി ഋതുക്കളിലൂടെ
പല പല കാഴ്ചകളിലൂടെ
സ്നേഹം നൽകിയും പിൻപറ്റിയും
മരണം എനിക്കുള്ളതല്ല എന്ന ചിന്തയോടെ
ഞാൻ ഉടനെ മരിക്കില്ല എന്ന വിശ്വാസത്തോടെ മുന്നോട്ട് പോകുന്നു
അത്രമേൽ ദുരിതങ്ങളിലും ജീവിതത്തോടുള്ള ആസക്തി കുറയാതെ..
അപ്പോഴെല്ലാം മരണം ഒരു പൂച്ചയെപ്പോൽ
പതുങ്ങി നിൽക്കും
എപ്പോൾ ചാടിവീഴും എന്നറിയാതെ ജീവിതം മുന്നോട്ട് പോകും
വല്ലാത്തൊരു മാന്ത്രികനാണീ മരണം
വല്ലാത്ത അനിശ്ചിതമാണീ ജീവിതം

സന്തോഷ്‌കുമാർ

By ivayana