രചന : ബാബുഡാനിയല്‍ ✍

വിടരുന്നതിന്‍മുന്‍പേ
കൊഴിഞ്ഞപൂമൊട്ടുനീ
“വന്ദന മോളേ” ഞങ്ങൾ
മാപ്പിനായ് കൈകൂപ്പുന്നു.
മൃഗമായ്പ്പിറന്നൊരാ
നക്തഞ്ചരനാല്‍ നിന്‍റെ
മുഴുവൻ സ്വപ്നങ്ങളും
ജീവനുമില്ലാതായീ .
ശൈശവത്തളിരിന്‍റെ
ശോണിമ മാറും മുന്‍പേ
ആതുരസേവനംനീ
ജീവിതവ്രതമാക്കി.
അന്‍പോടെ അതിനായി
ജീവിതം മാറ്റിവെച്ചി-
ട്ടക്ഷീണം പ്രയത്നിച്ചു,
അപ്പോത്തിക്കെരിയായി.
മാനവസേവനം നീ
മാധവസേവയാക്കി
ആതുരാലയത്തിന്‍റെ
പടികള്‍ കടന്നവള്‍
കുഞ്ഞേ നീ മാലാഖയെ-
ന്നോര്‍ക്കാതെചിത്തഭ്രമന്‍
സുന്ദരവദനവും,
ദേഹവും കുത്തിക്കീറി
അക്രമം കാട്ടുന്നതും
ആക്രോശമെന്തിനെന്നും
അറിഞ്ഞില്ലൊട്ടുമവള്‍
മരിക്കുന്നതിന്‍ മുന്‍പ്
ചുറ്റിനുമാള്‍ക്കൂട്ടവും
നീതിപാലകന്‍മാരും
സ്തബ്ധരായ്നിന്നുപോയി
രക്ഷിപ്പാന്‍ കഴിഞ്ഞില്ല
ഒഴുകുംപുഴപോലെ
കാലവും കടന്നീടും,
മനുഷ്യമനസ്സുകള്‍
സർവ്വവും മറന്നേക്കാം.
നിറകണ്ണുകളോടെ
നിനക്കായോർമ്മത്താളിൽ
കുറിച്ചു വയ്ക്കുന്നു ഞാൻ
മകളേ, ശ്രദ്ധാഞ്ജലി.!

By ivayana