ഉദയാസ്തമനങ്ങളറിയാതെ ഇരുൾ മൂടും
മഹാ ശൂന്യതയുടെ കമ്പളം ചൂടി ഞാൻ മയങ്ങുന്നു.
സ്വപ്നങ്ങളന്യമായൊരീ സായന്തനത്തിലെനിക്കു
കൂട്ടായ് വർണ്ണങ്ങൾമങ്ങിയ ചിത്രങ്ങൾ മാത്രം.
കൈമടക്കില്ലാതെ കൈയൊപ്പ് ചാർത്താത്ത
കാലത്തു, രക്തവർണ്ണ ചരടിൽ കുടുക്കി
രസി – ച്ചോരൊരു നാളിൽ, ശാപം ചൊരിഞ്ഞവർ തൻ
ശരമേറ്റ മുറിവുകളിൽ പുഴുക്കൾ ഞുളയ്ക്കുന്നു !
സാന്ത്വനസ്പര്ശമേകുവാൻ വന്നില്ല നിഴൽ
പോലും,കർമ്മകാണ്ഡത്തിൽ ധർമ്മം മറന്നു
ഞാൻ പൊട്ടിച്ചിരിക്കുമ്പോൾ ഈ കരയാതെ
കരയുന്ന കാലം വരുമെന്നോർത്തില്ല ഞാനും.
മധുരാക്ഷി പുര തേടി നടന്നൊരു കാലത്ത്
ഒഴിയാതെ നിറയുന്ന നുരയും ലഹരിയിൽ
കൂടെ നടന്നവർ, കൂട്ടായി ചിരിച്ചവർ, ചൂട്ട്
തെളിച്ചവർ ചുമട് മിറക്കി കടന്നു പോയി..
അനുകമ്പ തിരയുന്ന മിഴികളെ കാണാതെ
ഞാൻ അനുഭൂതി തേടി അലഞ്ഞൊരു കാലം
ആലംബമേകുവാനറിയാത്ത ഞാനിപ്പോൾ
അറിയാതെ തേങ്ങുന്നു ഇരുളിന്റെ മറവിലായ്.
ഇരുൾ വീണമുറിയിതിൽ അസ്തമയം കാത്തു
ഞാൻ,. കട്ടിലൊഴിയുവാൻ കാതോർക്കുന്നവർ
തൻ മർമ്മരം കാതിലൊരു മൂളലായി മുഴങ്ങുന്നു
ഇന്നോ, നാളെയോ,ആരോ കുറിക്കുന്നു ജാതകം.
കാറ്റിൽ തുറന്നൊരാ വാതിലിൻ വിടവിലൂടെ-
പകലിൻ വെളിച്ചം എന്നെയും തേടി വന്നെന്നോ?
ചിതയൊരുക്കിയോ ചിത്തഭ്രമം മൂത്തവർ എന്റെ
തുടിപ്പും,മിടിപ്പും,തിരഞ്ഞവർഉറക്കമിളയ്ക്കുന്നു.
കനവുകൾ കനലായെരിയുന്ന കരളിന്റെ മുറ്റത്ത്
പാപത്തിൻ കോലങ്ങളെഴുതി മായ്ക്കുന്നു ഞാൻ
വസന്തത്തിൽ ഉന്മാദനൃത്തമാടിതിമിർക്കുമ്പോൾ
ഇല കൊഴിയും ശിശിരത്തെ ഓർക്കാതെ പോയോ?
ഇനിയൊരുപുലരിയിൽ ഉണരാൻകഴിഞ്ഞെങ്കിൽ
മാപ്പിരക്കണം, പിന്നെമൗനമായിതേങ്ങികരയണം
മർത്യനായി മരണത്തെ പുല്കുവാൻ കഴിയണം
ശാപത്തിൻ മാറാപ്പെൻ ചിതയിലെരിഞ്ഞടങ്ങണം.