രചന : ടി.എം. നവാസ് വളാഞ്ചേരി✍
മറ്റുള്ളവരുടെ കാര്യത്തിൽ ഏറെ ബദ്ധശ്രദ്ധരാണ് നമ്മിൽ പലരും. സ്വന്തത്തെ മറന്നുപോയവർ. അന്യന്റെ സ്വകാര്യതയിലേക്ക് ഭൂതക്കണ്ണാടി വെച്ച് നോക്കുന്നവർ . കൂടപ്പിറപ്പിന്റെ പച്ചമാംസം തിന്നാൻ മത്സരിക്കുന്നവർ.
കൂർത്ത മുനകളാൽ
എയ്തു കൂരമ്പുകൾ
കൂർത്ത നോട്ടങ്ങളാൽ
കീറിമുറിച്ചവർ
കുത്തുവാക്കിനാൽ കുത്തിമലർത്തിടാൻ
കാതോർത്തിരുന്നവർ കാർന്നു തിന്നിടുവാൻ .
ചോര തൻ ചോരയും പച്ചയാം മാംസവും
രക്തദാഹിയായ് ഊറ്റി കുടിച്ചവർ
കുറ്റങ്ങൾ മാത്രം ചികഞ്ഞു പോയി അവർ
സ്വന്തത്തെ കണ്ണാടി നോക്കി മിനുക്കാത്തോർ
കൂട്ടിവർക്കുണ്ട് അഹന്തയ സൂയയും
പൊള്ളാൽ പണിതിടും ചീട്ടു കൊട്ടാരവും
കണ്ടവർ നിൽക്കട്ടെ കേട്ട ഞാൻ ചൊല്ലിടാം
ചു എന്ന് ചൊന്നത് ചുണ്ടങ്ങയാക്കിടാം
കൂട്ടിന്റെ മാനം കളഞ്ഞിടാൻ
നോക്കിടാം
നാടാകെ ഓടി പെരുമ്പറ കൊട്ടിടാം
കൂട്ടുകാരൊത്ത് കൈ കൊട്ടിച്ചിരിച്ചിടാം
കൂട്ടിനെ തേച്ചു ചുമരിലൊട്ടിച്ചിടാം
കൂട്ടു വീഴുമ്പോൾ കൂട്ടിപ്പിടിക്കാത്തോർ
കൂട്ടുകാരല്ല കാട്ടാളരാണിവർ
കൂട്ടുവീഴുമ്പോൾ കൂട്ടിപ്പിടിക്കാത്തോർ
കൂട്ടുകാരല്ല കാട്ടാളരാണിവർ.