രചന : രഘുനാഥൻ കണ്ടോത്ത്‌ ✍

ആചാര ജാടകളെ!
ഔപചാരിക കാപട്യങ്ങളേ വിട!
ഞാനെൻ മാതൃസവിധമണയട്ടെ!
അമ്മേ!ഞങ്ങൾ മക്കൾ
ആഘോഷമാക്കീടട്ടെ!
അമ്മയ്ക്കായൊരു ദിനം!
മാതൃത്വത്തിൻ മഹനീയ സുദിനം!
ഞങ്ങൾതൻ ജീവനിശ്വാസങ്ങളെ‐
സംഗീതസാന്ദ്രമാക്കട്ടെ‐
അമ്മമാരുടെ നിസ്വനം!
ഏതോ പ്രണയനിമിഷത്തിൻ‐
അവാച്യ നിർവൃതിയിൽ‐
ഒരു ജീവബീജമായെന്നെ,
ആവാഹിച്ചു നീയമ്മേ!
പ്രളയപയോധിയിൽ,
പ്രജാപതിയെന്നപോൽ
നിൻ ഗർഭഗൃഹ സാഗരേ
നീന്തിക്കഴിഞ്ഞു ഞാൻ!
ദശമാസങ്ങളിൽ
ദശാസന്ധികളെത്രയോ
പൊരുതിക്കഴിഞ്ഞു നീ!
അമ്മപ്പക്ഷിയായ്
ചിറകിലൊതുക്കി നീ‐
കാത്തുകൊണ്ടീലയോ!
ഓർമ്മവെയ്ക്കും മുമ്പല്ലോ‐
കോരിച്ചൊരിഞ്ഞു നീ സ്നേഹം
വിമ്മിഷ്ടമില്ലാതിഷ്ടം കാട്ടി നീ
പുഞ്ചിരിയിലൊതുക്കി‐
യെത്രയോ പീഡനങ്ങൾ!
ഉറക്കമൊഴിഞ്ഞൂട്ടി നീ താരാട്ടി!
ഉറങ്ങാതെന്നെയുറക്കി നീ!
വിദൂരതയിൽ വിരാചിക്കുമ്പൊഴും
എത്ര ഗഗനചാരിയാകിലും
ഋതുക്കളെത്രയോ‐
കൊഴിഞ്ഞു പോയെങ്കിലും
നിൻ സന്നിധിയിലെന്നും
സജീവമെൻ ശൈശവം
ഉണ്ണിയായ്ത്തന്നെ‐
പിച്ചവച്ചീടുകയല്ലോ ഞാൻ!
ജൈവനീതിതൻ ആധാരശിലയായ്
നില്പ്പൂ ജനനീ ജന്മദായിനീ
പ്രണാമമമ്മേ! സാഷ്ടാംഗ പ്രണാമം!!!!

രഘുനാഥൻ കണ്ടോത്ത്‌

By ivayana