രചന : ടി.എം. നവാസ് വളാഞ്ചേരി✍

മെയ് 15 ലോക കുടുംബ ദിനം
കുടുംബ ബന്ധങ്ങളൊക്കെ പറ്റെ അറ്റുപോയ കാലത്താണ് നാം . കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ നിന്നും അണുകുടുംബത്തിലേക്കുള്ള മാറ്റം കുടുംബ ബന്ധങ്ങളിലഖിലം താളപ്പിഴകൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ.

കുടുംബമെന്ന തിമ്പമാകണം
അംബരം നിറഞ്ഞ് നിൽക്കണം
അമ്പവന്റെ അൻപ് നേടുവാൻ
ഒരുമ കൊണ്ട് പെരുമ തീർക്കണം
അറ്റുപോയ ബന്ധമൊക്കെയും
അണച്ചു കൂട്ടി നാം പിടിക്കണം
അകന്ന് പോയ ബന്ധമൊക്കെയും
സ്നേഹ നൂല് കൊണ്ട് കെട്ടണം
വന്നു വീണ വിള്ളലൊക്കെയും
വിട്ടുവീഴ്ച കൊണ്ടടക്കണം
അസൂയയെ അകറ്റി നിർത്തണം
അഗ്നിയാണതെന്നറിയണം
ചേരി തീർത്തു ചോര ചിന്തിടാൻ
ചെവി കൊടുത്തിടല്ലെ നമ്മളായ്
വീണു പോയ കൂട്ടിനരികിലായ്
വീര്യമോടെ ഓടിയെത്തണം
കൈപിടിച്ച് നാം ഉയർത്തണം
കയ്യയച്ച് നമ്മൾ നൽകണം
ചാഞ്ഞു പോയ നേരമൊക്കെയും
ചാരെ നിന്ന് ചൂട് പകരണം
ബന്ധമെന്നും ഭദ്രമാക്കിടാൻ
അകന്നിടാതടുത്തു നിൽക്കണം
കുടുംബമെന്ന വൻ മരത്തിലെ
പൂക്കളൊക്കെ പൂത്ത് നിൽക്കുവാൻ
കൈകൾ കോർത്ത് നമ്മൾ നിൽക്കണം
പൂമഴയായ് പെയ്തിറങ്ങണം.

ടി.എം. നവാസ് വളാഞ്ചേരി

By ivayana