വിശപ്പിനറുതിയില്ല
മകളെയൊരുനാളും
ഉടൽവേകുമ്പോൾ
കരയരുത്
സഹനമാണായുധം

കൈനീട്ടരുത്
ഒരിക്കലൊന്നുനീട്ടിയതിൻ
ഫലമറിഞ്ഞതു
പുറത്തിറങ്ങിയപ്പോഴായിരുന്നു

ഒരു നേരമെങ്കിലും
ഉച്ചക്കഞ്ഞി കിട്ടുമ്പോൾ
വയറുനിറച്ചോണം
മൂന്നുനേരവും
നൽകാനാവതില്ലെനിക്ക്

അമ്മയ്ക്കിന്നു
കൂലികിട്ടിയാൽ
നാഴിയരിവാങ്ങാം
മിഴിനനയ്ക്കരുത്

കടം കയറിയപ്പോൾ
നിന്നച്ഛനും കൂരയും പോയി
നമ്മളനാഥരായി
വാടകക്കൂരയിൽ
വിധികാത്തുകിടക്കുന്നു

ഒരു ഗതിയുമില്ലാതൊരമ്മയും
മകളും തെരുവിലെന്നാരോ
എഴുതിയൊരുവാർത്തയിൽ
നാടറിഞ്ഞൊരാഴ്ച
കടന്നുപോകവെ

അഞ്ചുരൂപക്കുപോലും
പടം പിടിക്കുന്നൊരുതലമുറയുടെ
സഹായഹസ്തങ്ങൾ
ആദ്യത്തെ വാർത്തയുടെ
ചൂടാറിയപ്പോൾ നിലച്ചിരുന്നു

കണ്ണുകളാൽ
കൊത്തിപ്പറിക്കും
കഴുകന്മാർക്കിടയിൽ
നിന്നുടൽ
കാഴ്ചക്കുവയ്ക്കുവാൻ
വയ്യെൻ്റെ മകളെ

മുഷിഞ്ഞ നോട്ടുകൾപോലെ
എത്രപഴകിയാലും
വിലയുണ്ടെങ്കിലും വിൽക്കരുത്

കച്ചവടത്തിനാളുവരുമ്പോൾ
ആട്ടിയിറക്കണം
നിന്റെ കൈപിടിച്ച് കൊടുക്കാൻ
പോലും കഴിയാതെപോയരമ്മയായി
കാലമെന്നെവാഴ്ത്തും

പ്രതീക്ഷകൾ അസ്തമിച്ചെങ്കിലും
ജീവിതത്തിനും മരണത്തിനും
ഇടയിൽ
നമുക്കൊരു ഉദയമുണ്ടാകും

വിഷ്ണു പകൽക്കുറി

By ivayana