രചന : ജോയ് നെടിയാലിമോളേൽ✍
അനാശാസ്യമായമ്മ പെറ്റെന്ന ഹേതുവാ-
ലടർത്തിക്കൊടുത്തുവാ പിഞ്ചിനെ മറുനാട്ടിലേക്ക് !
കാത്തിരിപ്പിൻ ശൈല തുഞ്ചത്തുനി-
ന്നടരും പ്രഭാവത്തൊടുഴുകി നിൻ സ്നേഹ-
പ്രവാഹം കണക്കെയെൻപ്പൂമേനിയിൽ !
ചുരത്താത്ത നിൻമുലക്കണ്ണു നുണഞ്ഞിടാം,
നീ തരും സ്നേഹവായ്പ്പൊക്കെ –
നറുമ്പാലെന്നപോലാർത്തിയോടെ-
നിൻ ഗന്ധവും പേറി നിന്മേനിയൊടൊട്ടി-
പെറ്റമ്മ തന്നുടേതെന്നപോലെ !.
മാതൃത്വമെന്നാൽ മമതയാണെങ്കി-
ലടങ്ങാത്ത വർഷമായ് ചൊരിഞ്ഞു നീയെന്മേൽ-
പോറ്റമ്മയാം നീ പെറ്റമ്മയേക്കാൾ,
നെഞ്ചോടു ചേർത്തു രാരീരമീട്ടി !
നിന്മാറോടു ചേർത്തെന്നെ കിന്നരിച്ചോമനി-
ച്ചതിരേകമേവുമാമോദമോടെ !
പേറ്റു നോവിൻ പീഡയറിഞ്ഞീല നീയെങ്കിലു-
മെൻ വേർപാടിൻ പീഡസഹിച്ചതിലേറെയായ് !
അല്പമാം നാളുകൾക്കുള്ളിൽ നീ തന്നുവീ-
ജന്മത്തില്കിട്ടേണ്ട സ്നേഹമെല്ലാം !
കൊതിയായിരുന്നു നിൻ മകനായി വാഴാൻ,
യോഗമില്ലാതെപോയ് ഇനിയുള്ളകാലം,
കഴിക്കണം മന്നിതിൽ പെറ്റമ്മ ചാർത്തിയ-
ദുഷ്പ്പേരുമായ് !
****