രചന : മോഹൻദാസ് എവർഷൈൻ✍
രമേശനെ എനിക്കറിയാം, ചിലപ്പോൾ നിങ്ങൾക്കും.വളരെക്കാലം പ്രവാസജീവിതം നടത്തി, നാട്ടിൽ തിരിച്ചെത്തിയപ്പോൾ ഉള്ള കാശിന് അയാൾ വാങ്ങിയതാണ്, രണ്ടോ മുന്നോ തലമുറകൾ താമസിച്ച ഈ വീടും പതിനാല് സെന്റ് പുരയിടവും.
ഇവിടെ വീട്ട് മുറ്റത്ത് നിന്നാൽ രമേശന്
പൊതുശ്മശാനം നല്ലത് പോലെ കാണാം. നിറയെ കാടുപിടിച്ചുകിടക്കുന്ന രണ്ടര ഏക്കറോളം വിസ്തീർണ്ണമുള്ള പറമ്പ്.
കൈത്താങ്ങില്ലാതെ തളർന്ന് പോകുന്നവരും, ജീവിതം പാതിവഴിയിലുപേക്ഷിച്ച് അനാഥരായി അന്ത്യവിശ്രമം തേടുന്നവരും ഉന്തുവണ്ടികളിൽ ചിലപ്പോൾ അവിടെ എത്താറുണ്ട്.
അവരുടെ ആത്മാക്കൾ ഊഴം കാത്തുനില്കുന്നത്, സ്വർഗ്ഗവാതിലിന് മുന്നിലുള്ള നിരയിലാണോ, നരകവാതിലിന് മുന്നിലെ തിരക്കിലാണോയെന്ന് രമേശൻ ആലോചിക്കാറുണ്ട്,അതോ അനാഥർക്കിടം അവിടെയും നിഷേധിക്കപ്പെടുമോയെന്ന് ചങ്കിടിപ്പോടെ ആശങ്കപ്പെടാറുമുണ്ട്.
അന്ന് ഉച്ചയോടെ
ശ്മശാനത്തിലേക്ക് വന്ന ഉന്ത് വണ്ടിയിൽ രണ്ട് ശവങ്ങളുണ്ടായിരുന്നു.അത് കടന്ന് പോയ വഴികളിൽ അഴുകിതുടങ്ങിയ മാംസത്തിന്റെയും, ഫോർമാലിന്റെയും, ഏതോ ലോഷ്യന്റെയും മൂക്കടപ്പിക്കുന്ന ദുർഗ്ഗന്ധം നിറഞ്ഞുനിന്നു.
ബൈക്കിൽ രണ്ട് പോലീസുകാരും മാസ്ക് കൊണ്ട് മുഖം മറച്ച് ഉന്ത് വണ്ടിയെ പിന്തുടർന്നു. അവരിലൊരാൾ പുതുതായി സ്ഥലം മാറി വന്നതാണെന്ന് തോന്നുന്നു. മറ്റേ പോലീസ് കാരൻ മുൻപും ശവവണ്ടിക്ക് അകമ്പടി സേവിച്ച് വന്ന് കണ്ട പരിചയം അയാൾക്കുണ്ട്.
ഓരോന്നും ചികയാനും, അറിയാനുമുള്ള അടങ്ങാത്ത ഉത്സുകത അയാളെയും അങ്ങോട്ട് നടത്തിച്ചു. അല്ലെങ്കിലും അയാൾക്ക് പോകാതെ പറ്റില്ലായിരുന്നു. ശ്മശാനത്തിന്റെ താക്കോൽ സൂക്ഷിപ്പുകാരൻ കൂടിയായ അയാൾ എല്ലാ മറവ് ചെയ്യലിനും സാക്ഷിയാണ്!.
“ആരാ സർ ഇവർ?”. രമേശൻ ജിജ്ഞാസ മറച്ച് വെച്ചില്ല.
,”ആർക്കും വേണ്ടാത്തവർ,അല്ലാതാരാ?എവിടെനിന്നോ ഒഴുകി നമ്മുടെ സ്റ്റേഷനതിർത്തിയിൽ വന്നു, മോർച്ചറിയിൽ ബന്ധുക്കളെയും കാത്ത് കിടക്കാൻ തുടങ്ങിയിട്ടും ദിവസങ്ങളായി. പത്രത്തിലും, ടീവി യിലും ഒക്കെ കൊടുത്തിട്ടും, ആരും തിരിഞ്ഞ് നോക്കിയില്ല, ഒരു കാര്യം ഉറപ്പാണ്, ഇവർ അനാഥരല്ല,
രണ്ട് പേരും പുഴയിൽ ചാടിയത്
അവളുടെ ഷാൾ കൊണ്ട് കൈകൾ കൂട്ടി കെട്ടിയിട്ടാണ്,മരണത്തിലും വേർപിരിയാൻ കഴിയാത്തവിധം ഇഷ്ടപ്പെട്ടവരെ ഒരുമിച്ച് ജീവിക്കുവാൻ അനുവദിക്കാത്ത ആരൊക്കെയോ ഇവർക്കുണ്ട്, എത്രനാൾ ഇരുട്ടിൽ ഒളിച്ചാലും ഒരു നാൾ വെളിച്ചത്ത് തെളിഞ്ഞു വരും”.
പോസ്റ്റ്മോർട്ടം കഴിഞ്ഞ് പായകൊണ്ട് പൊതിഞ്ഞ കെട്ടിന് മുകളിൽ ഈച്ചകൾ വട്ടമിട്ടു പറക്കുന്നു.ചിലപ്പോൾ പറന്ന് അത് അയാളുടെയും, പോലീസിന്റെയും ചുണ്ടിലും, കൈകളിലും വിശ്രമം തേടിയെത്തുമ്പോൾ വെറുപ്പോടെ ആട്ടിയകറ്റി.
“സാറെ ഇവരപ്പോൾ പ്രേമം മൂത്ത് ആറ്റിൽ ചാടിയതാ അല്ലെ,അപ്പൊ ഇവർക്ക് രണ്ട് പേർക്കും കൂടി ഒരു കുഴി പോരെ? നമ്മളും ഇവരെ രണ്ടാക്കണോ?”.
“നീ വലുതായിട്ട് ആക്കണ്ടാ, പെട്ടെന്ന് കുഴിയെടുക്കെടാ!, നാറ്റം സഹിക്കാൻ വയ്യാതെ നിൽകുമ്പോഴാ അവന്റെ കൊണവതിയാരം “.കുഴിയെടുത്ത് കൊണ്ട് നിന്ന വാസുവിന്റെ സംശയനിവാരണത്തോട് പോലീസുകാർ നീരസത്തോടെയാണ് പ്രതികരിച്ചത്.
വാസുവിന് അതൊന്നും ഒരു പ്രശ്നമെ അല്ല, പോലീസിന്റെ രീതിയൊക്കെ എത്ര കണ്ടതാ.
“സാറെ ഇവര് രണ്ട് മതക്കാരാ അല്ലെ?അതോണ്ടായിരിക്കും ഒന്നിക്കാൻ സമ്മതിക്കാതിരുന്നത്?”.
പുതിയ പോലീസുകാരൻ വാസുവിനെ രൂക്ഷമായി നോക്കിയിട്ട് പറഞ്ഞു.
“ഇവര് ചത്തപ്പോൾ അവർക്ക് സമാധാനമായിക്കാണും, അഴിയെണ്ണുമ്പോൾ വിവരമറിയും,അല്ല നിന്നോടാരാ ഇതിനിടേല് ഇവര മതോം ജാതിയൊക്കെ പറഞ്ഞത്?”.
“അതറിയാനാ പാട്, ഞാൻ മോർച്ചറീന്ന് കേട്ടതാ!”.
“മതി, മതി.. പണി നടക്കട്ടെ “.
വാസു അവർക്ക് അടുത്തടുത്ത് കുഴിവെട്ടിയിട്ട് കരയ്ക്ക് കയറി,ഉന്തുവണ്ടിയിൽ തൂക്കിയിട്ടിരുന്ന സഞ്ചിയിൽ നിന്ന് റമ്മിന്റെ കുപ്പിയെടുത്ത് വെള്ളം തൊടാതെ രണ്ട് കവിൾ അകത്താക്കി,ബീഡിക്ക് തീ കൊളുത്തി.വിയർപ്പാറ്റിയിരുന്നു.
“എടാ കുറേച്ചേ അടിക്ക്, അല്ലെങ്കിൽ നിന്നേം ഇവിടെ കളഞ്ഞേച്ചു പോകേണ്ടി വരും.”.
നീർക്കുടമുടയ്ക്കാനും, വായ്ക്കരിയിടാനും,ആരെയും കാക്കാനില്ലാതെ ആറടി മണ്ണിനായി കാത്ത് കിടക്കുന്ന അവരിൽ രമേശന്റെ കണ്ണുകൾ ഉടക്കി നിന്നു. അവസാനം അവർ തമ്മിൽ പറഞ്ഞതെന്തായിരിക്കുമെന്നാണ് അയാൾ ചിന്തിച്ചത്. അനാവശ്യമായൊരു അസ്വസ്ഥത തന്നെ വരിഞ്ഞുമുറുക്കുന്നതായിഅയാൾക്ക് തോന്നി. വിശാലമായ ലോകത്ത് മറ്റെവിടെയെങ്കിലും പോയി കൂട് കൂട്ടാമായിരുന്നില്ലേ,ഇതൊരു കടന്ന കൈ ആയിപ്പോയില്ലേ?. രമേശന്റെ വ്യാകുലതകൾക്ക് അതിര് നഷ്ടപ്പെട്ടിരുന്നു.
മരണത്തിലേക്കെടുത്ത് ചാടുന്ന നേരം അവരുടെ കണ്ണുകൾ നിറഞ്ഞിരിക്കും, തൊണ്ടയിൽ വാക്കുകൾ ചിതറിപ്പോയിരിക്കും .ഈ ലോകത്തെ അവർ ഉള്ളുരുകി ശപിച്ചിരിക്കും.
കുഴിയുടെ ആഴം നോക്കിയ പുതിയ പോലീസുകാരന് അത്ര തൃപ്തി തോന്നിയില്ല.
“കുഴിയിത് പോരല്ലോ വാസു, അല്പം കൂടി താഴട്ടെ, അല്ലെങ്കിൽ ഊളനോ, പട്ടിയോ വന്ന് തോണ്ടി വലിച്ചു പുറത്തിടും”.
വാസു ഒന്നും മിണ്ടാതെ കുഴിയുടെ ആഴം പിന്നെയും കൂട്ടി. “ഇത് മതിയല്ലോ സാറെ?”.
“മതി, മതി, നീ കയറിവാ “.
കുരിശും മിസാൻ കല്ലും, ചുടലതെങ്ങുമില്ലാതെ, അടയാളമില്ലാത്തവരുടെ വഴിയമ്പലത്തിൽ അവരെ അന്ത്യവിശ്രമത്തിനായ് ഉന്ത് വണ്ടിയിൽ നിന്നിറക്കുമ്പോൾ
വാസു കെട്ടിയ കയറിന്റെ അറ്റം പിടിക്കുവാൻ പോലീസുകാരും രമേശനും സഹായിച്ചു.
അവരെ മറവ് ചെയ്തു ഗേറ്റ് പൂട്ടി വീട്ടിലേക്ക് നടക്കുമ്പോൾ മൂക്കിലും, തലച്ചോറിലും ആ ദുർഗ്ഗന്ധം നിറഞ്ഞ് ഏത് സമയത്തും ഒരു ചർദ്ദിലിനുള്ള സാധ്യത രമേശൻ പ്രതീക്ഷിച്ചു.
അപ്പോഴും മനസ്സിലുയർന്നചോദ്യം “അവരിൽ ആരാണ് ന്യൂനപക്ഷം, ആരാണ് ഭൂരിപക്ഷം? ആ ചോദ്യം ആകാശത്തോളം ഉയരത്തിൽ ഉയർന്ന് കേൾക്കുന്നതായും,
ലോകമാകെ അതിന്റെ ഉത്തരം തേടി ഭ്രാന്ത് പിടിക്കുന്നതായും അയാൾക്ക് തോന്നി.