രചന : ലിഷ ജയൻ✍
അപ്പൻ പോയെന്റെ
പതിനാറു കഴിഞ്ഞെന്റെ അന്ന്
വെളുപ്പാൻ കാലത്ത്
ടാപ്പിംഗ് കത്തിയുമായി
അമ്മ ഇറങ്ങുമ്പോ
ഇവക്കിതു എന്നാത്തിന്റെ കേടാന്നു…
ഓഹ് ഇനിയിപ്പോ സൗകര്യം ആയല്ലോന്നു
നാട്ടുകാര് മൂക്കത്തു വിരല് വയ്ക്കുമ്പോ
അവർക്കറിയില്ലല്ലോ ഒറ്റക്കൊരു വീടായ പെണ്ണിനെ പറ്റി…
അങ്ങനെ ഒരുത്തിക്കു
ഉള്ളപ്പോ തോര്യം തരാത്തവൻ ചത്താലെന്തു, ജീവിച്ചാലെന്തു..
റബ്ബർ പാല് ചുമ്മി
നടന്നു നടന്നു വശം കെടുമ്പോ
ഒന്ന് നിന്നാൽ,
ആണൊരുത്തന്റെ പുറകെ
ഇത്തിരി ദൂരം നടന്നാൽ
ഷീറ്റ് പെരേല് കേറുമ്പോ..
ഓള് കെട്ടിയോന്റെ പുല വീടും മുന്നേ
അടുത്തവനെ തേടി ഇറങ്ങിയെന്നു
കുശുകുശുക്കുന്ന പെണ്ണുങ്ങൾ ചുറ്റിലും..
ആണടി
ഞാൻഇറങ്ങിയതാണ്
നിന്റെ ഒക്കെ കെട്ടിയോനെ സൂക്ഷിച്ചോ
എന്ന്
പുലയാട്ടു നടത്തി
അവരുടെ നിലവാരത്തിൽ
അമ്മ താഴത്തുമില്ല..
ഷീറ്റടിക്കാൻ ചെല്ലുമ്പോ
എന്നാ ട്രീസായെ സൊകമല്ലയോ
അമ്മയുടെ ഉടലാകെ നോക്കി വഷള് ചിരി ചിരിക്കുന്നവനോടും
അമ്മ മിണ്ടത്തില്ല…
ഒന്ന് നീട്ടി തുപ്പും
അത്ര മതി അവന് !
എന്നതാടി കൊച്ചെ
നിന്റെ അമ്മക്കിത്ര ഗൗരവം എന്ന് ചോദിച്ചു
അവൻ ഇളിഞ്ഞ ചിരി ചിരിക്കും..
അമ്മഇറച്ചി വറുത്തു വയറ്
നിറച്ചും ചോറ് തരും..
രാത്രി ഉറങ്ങാതെ കത്തി രാകി വയ്ക്കും..
അടുക്കള കതകിൽ കട്ടിൽ മുട്ടിച്ചിടും,
ഇഷ്ടിക വയ്ക്കും
കസേര ചാരി വയ്ക്കും..
കാത് കൂർപ്പിച്ചു
എന്നെ പൊതിഞ്ഞു പിടിച്ചു
നിലത്തിറങ്ങി
തണുത്ത് കിടക്കും..
നിനക്കുഎപ്പോഴും ഒട്ടു പാലിന്റെ
നാറ്റമാണെന്നു പിള്ളേര് കളിയാക്കും
പാലുണ്ണി ജീനാ
റബ്ബർ പന്തേ
ആൺ പിള്ളേര്കമന്റടിക്കും..
അതെന്റെ അമ്മേടെ മണമാണെന്ന്
ഞാൻ തിരിച്ചും പറയും..
കൂർപ്പിച്ചു നോക്കും
പിന്നെയും എത്രയോ വർഷം
ഉറങ്ങാതെ ഉറങ്ങി
ഒച്ചകളിൽ ഞെട്ടി
എന്നെ കൈക്കുള്ളിൽ പൊതിഞ്ഞ്..
നാട്ടാര്
പറയുന്നതെല്ലാം കേട്ടില്ലപ്പെട്ട് ..
ഞങ്ങളിൽ ജീവിച്ച്
റബ്ബർ പാല് ചുമ്മി ചുമ്മി
അമ്മ
നടന്നു നടന്നൊടുക്കം
ഒരു മലയിടിഞ്ഞു കേറി വന്ന വഴിയേ ഞങ്ങടെ വീടൊഴുകി പോകുമ്പോൾ
എന്റെ കൈയിൽമുറുക്കി പിടിച്ച കയ്യെ അടർത്തി മാറ്റാതെ ഞങ്ങൾ
മരങ്ങൾക്കൊപ്പം
തുടിച്ചു നീന്തി
ചുരമിറങ്ങിയതും
പാല് പോലെ വെളുത്ത
മേഘമായതും
ആഹാ എന്തൊരു രസമായിരുന്നു…
■■■■■
വാക്കനൽ