രചന : പി.ഹരികുമാർ✍

പൂരങ്ങളുടെ പൂരം.
പൊടിപൊടിക്കുന്ന മേളം.
മതി മറക്കുന്ന ലോകം.
തിടമ്പാന ഞരങ്ങുന്നു: –
അഹങ്കാരീ കട്ടുറുമ്പേ
നീയെന്നേം കടിച്ചല്ലേ?
ചുടുമൂത്രപ്പുഴയിലും
കടിച്ചു നീ നിൽപ്പല്ലേ?
എനിക്കിപ്പം ഭ്രാന്തിളകും
നാട്ടുകാരുമാർത്തിളകും.
ഇന്നോളം തൊഴുതോരും
മദയാനക്കുറുമ്പെന്ന
തീപ്പന്തപ്പഴി ചാരും.
കാണില്ലയാരും,പറയില്ലയാരും
കട്ടുറുമ്പിന്നഹങ്കാരം.
ആനക്കറുപ്പിതിലാരറിയാൻ
എറുമ്പോളം കറുപ്പിനെ.
2
കട്ടുറുമ്പ് ഞെരിച്ചു:-
ഞാൻ വെറും കട്ടുറുമ്പ്;
ആനയോളം തടി വരില്ല.
ആനച്ചന്തമൊട്ടുമില്ല.
തിടമ്പേറ്റാൻ ശക്തിയില്ല.
തീറ്റ തരാനാളുമില്ല.
പട്ടയ്ക്ക് മെരുങ്ങുന്ന
പൊക്കത്തടി നീയെങ്കിൽ,
വാഴ്ത്തുകൾക്കും വഴങ്ങാത്ത
വായ ഞാനെന്നറിയുക.
വേണ്ടാത്ത നേരത്ത്
വേണ്ടാതെ മുട്ടുകിൽ
കടിച്ചുപിടിക്കും ഞാനേതു
കൊമ്പനേയും,വമ്പനേയും.
ഉത്സവമേളങ്ങളിൽ
ഊക്കനാം നീയോർക്കുക;
“ശോഷിച്ചപോലെയെന്നാലും
ശേഷി കെട്ടോനല്ലിവൻ.
കണ്ണിൽ പിടിക്കാത്തവൻ കട്ടുറുമ്പ്
കണ്ണുരുട്ടുന്നോർക്ക് ഞാൻ ചുട്ടുറുമ്പ്.
———

പി.ഹരികുമാർ

By ivayana