രചന : രെഞ്ചു ജി ആർ ✍

പ്രണയത്തിന്റെ പുറം തോലണിഞ്ഞ
ഏഴാമത്തെ വിശുദ്ധ പകലുകൾക്കൊടുവിൽ
ഒരുവൾക്ക് ഏട്ടാമതൊരു തെളിഞ്ഞ രാത്രിയെ
നേടിയെടുക്കുവാൻ കഴിയുകയെന്നാൽ
അതൊരു പെണ്ണിന്റെയുള്ളിലെ
മുറിപ്പെട്ട നേരങ്ങൾക്കുള്ള
മരുന്ന് കാച്ചല് കൂടിയാണ്.
ഒന്നാമത്തെ രാത്രിയിലാണ് ചോര വറ്റിയ ചുംബനങ്ങളെ
കവിളുകളോട് ചേർക്കേണ്ടി വന്നത്,
അടുത്ത പകലിൽ,
ഉപ്പ് വറ്റിയ കണ്ണീർ ചാലുകളിൽ
ചായം തേച്ച് ഞാനും അണിഞ്ഞൊരുങ്ങി.
രണ്ടാമത്തെ ദിവസത്തിന്റെ പാതിയിൽ
പിന്നെയും പ്രണയം കിനിഞ്ഞു.
ഉച്ചി മുതലുള്ളം കാല് വരെ
ഒരുവന്റെ വിയർത്ത നേരങ്ങൾക്ക് സാക്ഷ്യം വഹിച്ചു..
ആ രാത്രിയിൽ പിന്നെയും
പെണ്ണിന്റെ മണം കൊണ്ടവൻ
ഒറ്റ ജനാലയ്ക്ക് താളം പിടിച്ചു.
മൂന്നാമത്തെ പെഴച്ച പകലിൽ
കള്ളിന്റെ കനച്ച കണങ്ങളവളെ തട്ടിയുണർത്തി.
ആസ്വാദനത്തിന്റെ അവസാനത്തെ
തെരുവുകളിൽ പോലും ചോര പൊടിഞ്ഞു തുടങ്ങി.
അന്നത്തെ രാത്രിയിൽ വേദനകൊണ്ട്
കണ്ണീരൊപ്പിയ പെണ്ണിന്
ഉറങ്ങിയ മനുഷ്യന്റെ
മൊരട്ട് ഗീതങ്ങൾ താരാട്ട് പാടി.
വെറുപ്പിന്റെ ചുവന്ന പൂക്കൾ
അവളുടെ നരച്ച ചിരികളിൽ
മൊട്ടിട്ട് തുടങ്ങി ,
നാലാമത്തെ പകൽ ശാന്തമായിരുന്നു.
അവനവളെ ചുംബിച്ചില്ല
ചേർത്ത് പിടിച്ചില്ല
വിരുന്ന് നേരങ്ങൾക്കൊടുവിൽ
രാത്രിയിൽ ഭയപ്പാടിന്റെ ആകുലതകളിൽ
അവളുറക്കെ കരഞ്ഞു.
സ്ക്രീനിലെ നീല ചിത്രങ്ങളിൽ
അവളെ ഉപമിച്ചൊരുവന്റെ
കാട്ടി കൂട്ടലുകൾക്ക്
സമയമനുവദിച്ചുകൊണ്ട്
പ്രകൃതി പോലുമന്ന് മാറി നിന്നു.
പെണ്ണവിടെ പെഴച്ചുറങ്ങി.
നേരം വെളുത്ത അഞ്ചാമത്തെ പകലിൽ
തെളിഞ്ഞ ആകാശം കണക്കെ
അതിരാവിലേ മന്ദസ്മിതം വച്ച് നീട്ടി
അവളയാളിലേക്ക് കയറി ചെന്നു.
നിറഞ്ഞ സ്നേഹത്തോടെ
ഹൃദയമിടുപ്പ് മറച്ച് പിടിച്ചുകൊണ്ട്
അവൾ അയാളുടെ നെഞ്ചിൽ
തല ചായ്ച്ചു.
നേരം ഇരുട്ടി വെളുത്ത ആറാമത്തെ പകലിൽ
അവളവന്റെ ശ്വാസം ചോദിച്ചു മേടിച്ചു.
അവന്റെ കീഴ് ചുണ്ടുകളിൽ ഒളിച്ചിരുന്ന
ചുവന്ന ഹാൻസിനെ നോക്കി
അവളൊന്ന് പുഞ്ചിരിച്ചു.
ശേഷമിത്തിരി നേരം അയാളുടെ വർത്തമാനങ്ങൾ കേട്ടിരുന്നു.
മറുപടികൾ കൊണ്ടയാളെ നിശബ്ദതനാക്കി.
പാതിരാത്രിയായെന്ന് വാദിച്ചു കൊണ്ടുറങ്ങാൻ കിടന്നു.
പ്രണയത്തിന്റെ എഴാമത്തെ പകലിൽ അവളുറക്കമുണർന്നത്
അലമുറകളുടെ ആരവങ്ങൾ കേട്ട് കൊണ്ടാണ്.
ആരൊക്കെയോ വിളിച്ചു പറയുന്നുണ്ട്
“തങ്കപ്പെട്ട ചെറുക്കനായിരുന്നെന്ന് “
“എന്ത് ചെയ്യാനാ അവന്റെ ജോലിതിരക്ക് കാരണം
അവനറ്റാക്ക് വന്നതാണെന്ന്.”
“കെട്ടിക്കൊണ്ട് വന്നത് ഒരു
പാവം പെങ്കൊച്ചിനെ ആയിരുന്നെന്ന്.”
കെട്ടി ഏഴിന്റന്ന് കെട്ടിയോൻ ചാവുന്ന
പെണ്ണിനെയൊക്കെ ഇനി എന്നാ ചെയ്യാനാ…
ഓന്റെ വീട്ട്കാരെന്ന് ..
അവളൊന്നും മിണ്ടിയില്ല
ആരെയും നോക്കിയില്ല
അയാള് ബാക്കി വച്ച കടി പാടുകളിൽ
വിരലോടിച്ചു കൊണ്ട് സ്വയം പുലമ്പി .
ഇത് നീ കടിച്ചു തുപ്പിയ പെണ്ണിന്റെ ശരീരത്തിന് വേണ്ടി.
പാവപ്പെട്ട രക്ഷിതാക്കളുടെ സ്വപ്നങ്ങൾക്ക് വേണ്ടി
നിന്റെ കാമവെറികൾക്ക് പാത്രമാകാൻ എനിക്ക് നേരമില്ല .
ഇത് നീ ചോദിച്ചു വാങ്ങിയ നിന്റെ മാത്രം വിധി.
ഏട്ടാമത്തെ പകലിൽ അവളുടെ കണ്ണുകളിൽ
തെളിഞ്ഞ പ്രതീക്ഷയുടെ ചെറിയ വെട്ടത്തോട്
അവള് പറയാതെ പറഞ്ഞു .
എന്റെ അഭിമാനത്തിന്
ആ ചത്തവന്റെ ജീവന്റെ വിലയുണ്ടെന്ന്…
പ്രണയത്തിന്റെ പങ്ക് പറ്റിയ
ഏഴ് പകലുകളും
ഒരു പെണ്ണിന് വച്ച് നീട്ടിയ
ഏട്ടാമത്തെ ഈ തെളിഞ്ഞ തുടക്കവും
ആ ഒറ്റ രാത്രിയുടെ തീരുമാനങ്ങൾക്ക് വേണ്ടിയായിരുന്നെന്ന്.
ചതച്ചരച്ച് കളഞ്ഞ ഒരു പെണ്ണിന്റെ
കലങ്ങിയ നേരത്തിത്തിൽ നിന്നും
സ്വരുക്കൂട്ടി വച്ച ഇത്തിരി പോന്ന
അവശേഷിപ്പ്കൾക്ക് വേണ്ടിയാണെല്ലാം ……….
🫰🏻_

By ivayana