രചന : അബ്രാമിന്റെ പെണ്ണ്✍
പരിചയത്തിലുള്ള ഒരു പെന്തകോസ്ത് സഹോദരന്റെ മകളുടെ കല്യാണം… മാനസികവും ശാരീരികവുമായ രണ്ട് വീഴ്ചകളുടെ ആഘാതത്തിലിരിക്കുന്നത് കൊണ്ട് പോകാൻ തീരെ തോന്നിയില്ല.. ഇങ്ങനിരുന്നാൽ ശരിയാവില്ലെന്ന് കൂട്ടുകാരി പറയുന്നു..കല്യാണത്തിന് പോകാടീന്ന് പറഞ്ഞോണ്ട് അവളെന്റെ പിറകെ നടന്നു വിളിക്കുവാ..
നിർബന്ധം സഹിക്കാൻ വയ്യാതെ പോകാൻ തീരുമാനിച്ചു.മാത്രമല്ല പെന്തക്കോസ്തുകാരുടെ കല്യാണത്തിന് മുൻപ് പോയിട്ടുമില്ല…
കൂട്ടുകാരൻ ആ കല്യാണത്തിന്റെ കാറ്ററിംഗ് യൂണിറ്റിലുണ്ട്.. ഒന്നേകാലോടെ എത്തിച്ചേർന്നാൽ മതിയെന്ന് അവന് നിർബന്ധം.. ചടങ്ങൊക്കെ കാണാൻ എനിക്ക് വല്യ കൊതി..പന്ത്രണ്ടരയോടെ അവിടെത്തിച്ചേർന്ന്..
പ്രാർത്ഥനയും ആശീർവാദവുമൊക്കെ നടക്കുന്നു.. മൊത്തം വെള്ളേം വെള്ളേമിട്ട ആൾക്കാർ.. സമാധാനത്തിന്റെ വെള്ളരിപ്രാവുകളെപ്പോലെ അവരിങ്ങനെ തേരാ പാരാ നടക്കുന്നത് കാണാൻ തന്നെ എന്താ ഐശ്വര്യം… കൂട്ടത്തിൽ അടുത്തുള്ളൊരു പാസ്റ്റർ വന്ന് കുശലം പറഞ്ഞു..
പുള്ളിയോട് എനിക്ക് വല്യ ബഹുമാനമാ.. മറ്റുള്ള പാസ്റ്റർമാരെപോലെ അലറികൂവിയുള്ള പ്രാർത്ഥനയൊന്നുമില്ല.. നല്ല തഞ്ചമുള്ളൊരു മനുഷ്യൻ.. അദ്ദേഹം ഏട്ടന്റെ ജോലിയുടെ കാര്യവും കൊച്ചുങ്ങളുടെ പഠിത്തതിന്റെ കാര്യവും അമ്മേടെ അസുഖകാര്യവുമൊക്കെ വിശദമായി ചോദിച്ചു.. അമ്മയ്ക്ക് വേണ്ടി അവിടെ നിന്ന് കുറെ നേരം പ്രാർത്ഥിച്ചു.. ഞാനും ഇരു കൈകളും ആകാശത്തേയ്ക്ക് ഉയർത്തി സ്തോത്രം പറഞ്ഞു..അദ്ദേഹത്തോട് സംസാരിച്ചോണ്ടിരുന്നപ്പോ കൂട്ടാരൻ വിളിക്കുന്ന്..
“നീയവിടെ നൊണയും പറഞ്ഞിരുന്നോ.. ഇങ്ങോട്ടെഴുന്നേറ്റ് വാടീ.. ഒന്നാമത്തെ പന്തി കഴിഞ്ഞു..
പുറത്ത് ഉത്സവത്തിനുള്ള ആളുണ്ട്. ഈ പന്തിയ്ക്ക് കേറീലെങ്കിൽ നീയൊക്കെ പച്ച വെള്ളം കുടിച്ചോണ്ട് വീട്ടിൽ പോകേണ്ടി വരും.. മുൻവശത്തെ വാതിലിൽ കൂടെ കേറി വരാൻ പാടാ.. പുറകിലെ വാതിൽ തുറന്നു തരാം.. അങ്ങോട്ട് വാ
പിന്നായാലും പ്രാർത്ഥിക്കാവല്ലോ.. ചോറ് പിന്നെ കിട്ടത്തില്ല..പ്രാർത്ഥന നിർത്തി വെച്ച് ഞാനും കൂട്ടാരിയും കൂടെ ഓഡിറ്റോറിയത്തിന്റെ പിന്നിലെ വാതിലിനു മുന്നിലേക്ക് പാഞ്ഞു .. കൂടെ നമ്മുടെ ഡ്രൈവർ ചേട്ടനുമുണ്ട്.. ഞങ്ങൾ അകത്തു കേറിയിരുന്ന്..
മുൻവശത്തെ വാതിൽ തുറക്കാത്തത് കൊണ്ട് കുറച്ച് ആൾക്കാരെ ഡൈനിങ് ഹാളിലുള്ളു..കമ്മലും മാലയുമൊക്കെ കണ്ടോണ്ടാവും ഇതിനെയൊക്കെ വിളിച്ചിട്ട് തന്നെ വന്നതാണോയെന്ന ഭാവത്തിൽ അടുത്തിരുന്നവര് നമ്മളെ നോക്കുന്നുണ്ട്..
ഒരു ഫാമിലിയ്‌ക്കൊപ്പമായിരുന്നു ഞാനും കൂട്ടാരിയും.. മീശയില്ലാത്ത ഒരു അപ്പനും അമ്മയും മൂന്ന് ആൺമക്കളും..പാത്രത്തിൽ കൊണ്ട് വെയ്ക്കുന്ന ചിക്കനും ബീഫുമൊക്കെ അവര് കുടുമ്മക്കാര് മൊത്തം പ്ലേറ്റിലോട്ട് തട്ടി.. ഞാൻ കരുതിയത് ഓരോരുത്തർക്കും ഓരോ പ്ലേറ്റ് ചിക്കൻ തരുവെന്നാ.. ഒടുക്കം ഞങ്ങൾക്ക് ചിക്കന്റെ കുറച്ചു പൊടി കിട്ടി..
നമ്മളെന്തെങ്കിലും പറയാനൊക്കുവോ.. കമ്മലും മാലേമൊക്കെയിട്ട് പോയില്ലേ..
ടേബിളിൽ എല്ലാം സെറ്റ് ചെയ്തു വെച്ച് കഴിഞ്ഞ് വാതിലങ്ങോട്ട് തുറന്നതും സുനാമി വരുന്ന പോലെ എല്ലാം കൂടെ പാഞ്ഞു വരുന്നു.. ഭയന്നു പോയ എന്റെ കൂട്ടാരി ചാടിയെണീറ്റ്.. ഞാനവൾടെ കയ്യിൽ പിടിച്ചു കസേരയിലോട്ട് പിടിച്ചിട്ടു..
ദിലീപിന്റെ ഏതോ സിനിമയിൽ ഇതുപോലൊരു സീൻ കണ്ടിട്ടുണ്ട്.. കസേരയിൽ ഇരുന്നവരങ്ങനെ.. ആളിനെ തള്ളി മറിച്ചിട്ട് ഓടുന്നതങ്ങനെ… സ്വന്തം കൊച്ചിനെ മാറിയതങ്ങനെ.. മൊത്തം പൊടി പൂരം..
ഞങ്ങൾ കഴിക്കാൻ തുടങ്ങി..
“കൊറേ നേരമായല്ലോ വന്നിരിക്കാൻ തുടങ്ങീട്ട്.. ഇവിടെ ചോറ് വിളമ്പുന്നില്ലേ..
ശബ്ദം കേട്ട് ഞാൻ എഴീച്ചു നിന്ന് നോക്കി.. മറ്റേ പാസ്റ്ററാണ്.. ആ ഒരു വരിയിൽ ഒരാൾക്കും ചോറ് കിട്ടീട്ടില്ല.. ഞങ്ങൾടെ കൂടെയിരിക്കുന്ന അമ്മച്ചി, വിളമ്പുകാരനെ വിളിച്ച് കുറച്ചൂടെ ബീഫ് കൊണ്ടരാൻ പറഞ്ഞു. അവൻ അവരെ നോക്കിയ പോലൊരു നോട്ടം ഈ ഭൂമിയിൽ ആരും ആരെയും നോക്കിക്കാണത്തില്ല..
“അങ്ങോട്ടിരിക്കുന്നവർക്കൊന്നും ചോറ് പോലും കിട്ടീട്ടില്ല.. അപ്പഴാ രണ്ടാമത് ബീഫ് കൊണ്ട് വരുന്നേ..അറുനൂറ് പേര് വരുമെന്ന് പറഞ്ഞിട്ട് ആയിരത്തോളം ആൾക്കാർ വന്നാൽ ഞങ്ങളെവിടുന്നെടുത്ത് കൊടുക്കും..
പറഞ്ഞിട്ട് അവൻ തിരിഞ്ഞു നടന്നു..
ചോറ് കിട്ടാത്തവർ മുറു മുറുക്കാൻ തുട
ങ്ങി.. അമ്പിയുടെ ഫിഗർ ചെയ്തോണ്ടിരുന്ന പാസ്റ്റർ നിമിഷനേരം കൊണ്ട് അന്യനിലേയ്ക്ക് പരകായ പ്രവേശം ചെയ്തു.. പുള്ളി എഴുന്നേറ്റു നിന്ന് വിളമ്പുകാരെ ചീത്ത വിളിക്കുവാ.
” ചോറ് കൊണ്ടുവാ.. കൊണ്ട് വാ ചോറ്.. എന്നും പറഞ്ഞ് പാസ്റ്റർ അലറിക്കൂവുന്നു..ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടും പുള്ളി കേൾക്കുന്നില്ല..
വിശന്നാൽ നിങ്ങൾ നിങ്ങളല്ലാതാവുമെന്ന് പറയുന്നതെത്ര ശരിയാ..
സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ ഓരോന്നായി എഴുന്നേറ്റ് തനി നിറം കാണിക്കാൻ തുടങ്ങി.. ചെക്കൻ വീട്ടുകാരും പെണ്ണ് വീട്ടുകാരും കൂടെ അടിയുടെ വക്കോളം എത്തി..
“ഇച്ചിരി ബീഫിങ്ങു കൊണ്ട് വാ സഹോദരാ..
അതിനെടേക്കൂടെ മറ്റേ അമ്മച്ചി..
ഒടുക്കം പാസ്റ്റർ കയ്യിൽ കിട്ടിയ ഗ്ലാസ് വലിച്ചെറിഞ്ഞു പുറത്തേയ്ക്ക് പാഞ്ഞു.. പുള്ളിയെ അനുനയിപ്പിക്കാൻ വേണ്ടി വേറൊരു പാസ്റ്റർ കൂടെയോടി..
ആർക്കാണ്ടൊക്കെ ചോറ് കിട്ടി.. ആരൊക്കെയോ തമ്മിൽ അടിയായി..മൊത്തം വെള്ളയായോണ്ട് അടിയ്ക്കുന്നവനേതാ അടി കൊള്ളുന്നവനേതാ എന്ന് യാതൊരു പിടീമില്ല..
ഉണ്ണാത്തവന് അതിന്റെ സങ്കടം..ബീഫ് രണ്ടാമത് കിട്ടാത്തവർക്ക് അതിന്റെ സങ്കടം.. നമ്മളെന്തായാലും ഉണ്ടെണീറ്റു..
ഇനി മേലിൽ ഇമ്മാതിരി കല്യാണത്തിന് പോകത്തില്ല….നിർത്തി.. അന്നത്തോടെ നിർത്തി..
വെളീലിറങ്ങി വന്നപ്പോ മറ്റേ പാസ്റ്റർ അവിടെ നിക്കുന്ന്.. തമ്പുരാൻ സമാധാനം തരട്ടെ എന്ന് പുള്ളി എന്റെ തലയിൽ കൈവെച്ചു പ്രാർത്ഥിച്ചു..
നമ്മക്കെന്തായാലും ചോറ് കിട്ടിയല്ലോ..സ്തോത്രം കർത്താവേ.. ഹാലേലൂയ.. 🙏🙏🙏