രചന : വൈഗ ക്രിസ്റ്റി✍
രണ്ടു പേരടങ്ങിയ
ഒരാൾക്കൂട്ടം ,
അവർക്കിടയിലെ അടക്കംപറച്ചിലിനുള്ളിൽ
ഒരു പ്രണയം ജനിക്കുന്നു
എനിക്കായി കാത്തിരിക്കുമോ ?
കാത്തിരിപ്പാണ്
ലോകത്തിലെ ഏറ്റവും വലിയ വിരസത …
നീയെനിക്ക് ,
അത്രയ്ക്കൊന്നും രുചിയില്ലാത്ത
ഏതോ ഒരുപഴം നീട്ടി
എന്നാലും ഞാൻ കാത്തിരിക്കും
നിൻ്റെ മോതിരവിരലിനഗ്രം
അല്പമൊന്ന് ചതഞ്ഞ്
ചെറിയൊരു സർപ്പാകൃതിയിലുണ്ടായിരുന്നത്
ഞാനപ്പോഴാണ് ശ്രദ്ധിച്ചത്
ഒരു ഉപഗ്രഹവും
ഒന്നിനുമായല്ലാതെ വലം വയ്ക്കാറില്ല
എൻ്റെ ഏകാന്ത നടപ്പിനെ
നിന്നോട് ചേർത്തുകൊണ്ട്
നീ പറഞ്ഞു
പേരറിയാത്ത
ഏതോതരം വീഞ്ഞു നുകരുകയായിരുന്നു നമ്മളപ്പോൾ
ഒരു മലമുകളെന്നല്ലാതെ
ആ സ്ഥലവും
എനിക്ക് പരിചിതമായിരുന്നില്ല
നിൻ്റെ കണ്ണുകൾ
വീഞ്ഞിൽ ചുവന്നിരുന്നു
നേരിയ വിള്ളലുള്ള നാവിനഗ്രം
നീയെനിക്ക് കാണിച്ചു തന്നു
നമുക്ക്
താഴേക്ക് പോകാം
ഇന്നു രാത്രി നമുക്കവിടെ വിശ്രമിക്കുക
നാളെയിവിടെയൊരാൾക്കൂട്ടം
ജനിക്കും
അവരിവിടെ വിലപിക്കുകയും
ആക്രോശിക്കുകയും ചെയ്യും
ഈ മലമുകളിൽ
ഞാൻ ,
നാളെ ക്രൂശിക്കപ്പെടേണ്ടതുണ്ട്
നീയെനിക്കായി കാത്തിരിക്കുമോ ?
കുരിശിൽ കിടന്ന് നീയെന്നെ നോക്കി
പുഞ്ചിരിച്ചു
ഞാനമ്പരന്ന് നാലുപാടും നോക്കി
പക്ഷെ ,
ഇന്ന് ജനിച്ച ആൾക്കൂട്ടം
ആ ചിരി കാണുന്നുണ്ടായിരുന്നില്ല
അവരവനെ
ക്രൂശിച്ചതിൻ്റെ ആഘോഷങ്ങളിലായിരുന്നു
അവരുടെ തെരുവുകൾ
അലങ്കരിക്കപ്പെട്ടിരുന്നു
അവരുടെ
പാനപാത്രങ്ങൾ നിറഞ്ഞു കവിഞ്ഞിരുന്നു .
ഈ ലോകത്തിലേറ്റവും
വിരസമായത് കാത്തിരിപ്പാണ്
ഞാൻ നിന്നെനോക്കി ചിരിച്ചു
എന്നാലും ഞാൻ കാത്തിരിക്കും
മൂന്നാംനാൾ
ഒരു ഒലീവ്തണ്ടുമായി
നീ വരുംവരെ
ഞാൻ
എൻ്റെ ഏറ്റവും വിരസമായ
കാത്തിരിപ്പ് ,
നിനക്ക് വാഗ്ദാനം ചെയ്യുന്നു