രചന : അൻസാരി ബഷീർ✍

നേര് ചുരന്നമ്മിഞ്ഞപ്പാലതി –
ലൂടൊഴുകുന്ന മഹാഗന്ധം!
വേര് വലിച്ചു കുടിച്ചു തളിർത്തതി-
ലൂടെഴുതുകയാണെൻ ജന്മം !
നൂറുമണങ്ങൾ കവിഞ്ഞു കലങ്ങിയ
ഘ്രാണനദിക്കരയകലത്തായ്
പ്രാണനുണർന്ന സഹസ്രദളപ്പൂ-
വിൽനിന്നൂർന്ന മഹാഗന്ധം!
എന്നമ്മയുലഞ്ഞ മഹാഗന്ധം, ഒരു
നന്മ പകർന്ന മഹാഗന്ധം, നറു-
വെൺമ പുരണ്ട മഹാഗന്ധം, ഉയി-
രുണ്മ പുണർന്ന മഹാഗന്ധം!
നിന്നു വിശപ്പെരിയുന്നൊരു നേർവഴി-
തന്നിലിരുട്ട് കനത്താലും
അങ്ങു കുറുക്കുവഴിയ്ക്കരികത്തായ്
അന്നമിരുന്നു വിളിക്കുമ്പോൾ
വന്നാത്മാവ് പുണർ,ന്നരുതേയെ –
ന്നുമ്മതരുന്ന മഹാഗന്ധം !
എന്നമ്മയുലഞ്ഞ മഹാഗന്ധം,
പെണ്ണൊരു വന്യമൃഗത്തിൻ കണ്ണിൻ
തുമ്പ് തറച്ചു പിടയ്ക്കുമ്പോൾ
എന്തിനു വെറുതേ വയ്യാവേലികൾ
എന്നു സുരക്ഷിതനാകുമ്പോൾ
വന്ന,രുതേ നിന്നമ്മ മുറിഞ്ഞത്
പണ്ടിതുപോലെന്നുരിയാടി,
കണ്ണ് വലിച്ചു തുറന്നതിലുറവകൾ
തന്നുഴിയുന്ന മഹാഗന്ധം,
എന്നമ്മയുലഞ്ഞ മഹാഗന്ധം!
പെറ്റുവളർത്തിയ നാടിനെയൊരുവൻ
ഒറ്റികൊടുത്തു ജയിക്കുമ്പോൾ
പറ്റുകയില്ലയെതിർക്കാനെന്ന നി-
ശ്ശബ്ദത ‘രക്ഷ’ ധരിക്കുമ്പോൾ
പറ്റിയപോലെ എതിർക്കണമെന്നുയിർ
മുട്ടിവിളിച്ച മഹാഗന്ധം,
എന്നമ്മയുലഞ്ഞ മഹാഗന്ധം!
അങ്ങകലത്തൊരു മുറിയുടെയിരുളിൽ
അമ്മ തളർന്നു കിടന്നാലും
പാതിയുണർന്ന ശരീരത്തിൽ നി-
ന്നാദിമയൂർജ്ജം പടരുന്നു.
പിച്ച നടത്തിയ കാലം മണമായ്
ഉച്ചിയിൽ മുട്ടിവിളിക്കുമ്പോൾ
കൊച്ചു കിനാവിൻ ചെപ്പു നിറച്ചതി-
ലമ്മയിരുന്നു ചിരിക്കുന്നു.
നിത്യവിശുദ്ധിയിൽ നിന്നുമുതിർന്നൊരു
സത്യമതെന്നെ പൊതിയുന്നു..

By ivayana