രചന : ഡോ, ബി, ഉഷാകുമാരി ✍

ചുറ്റിലും അവാർഡുകൾ ചിറകിട്ടടിക്കുന്നു !
കർത്തവ്യ വിമൂഢയായ് ഞാൻ ചടഞ്ഞിരിക്കുന്നു,, !
ചട്ടിയുംകലവുമായ് തട്ടിമുട്ടുമ്പോൾ, കഷ്ടം !
എന്നിലെ കവിതയോ ദൂരത്ത് മറയുന്നു,, !
ഒക്കെയും നളപാകമെന്നു ചൊല്ലുന്നൂ കാന്തൻ,,
ബുദ്ധിമുട്ടുകൾ ഞാനുമപ്പൊഴേ മറക്കുന്നു, !
പാടുവാനില്ലാനേരം, തൊണ്ടയിൽ നിരന്തരം
പാട്ടുകൾ ഭൃംഗങ്ങൾ പോൽ മൂളിക്കൊണ്ടിരിക്കുന്നു,, !
നേരിട്ടു കണ്ടിട്ടില്ലാത്തമ്മയുണ്ടെനിക്കങ്ങു ബോംബെയിൽ,
ദിനംതോറും വാട്സാപ്പിൽ ചിരിക്കുന്നു,, !
രാവിലെ ശുഭാശംസയോതുവാനോർമ്മിക്കുന്നു,, !
അന്തിക്കു സന്ധ്യാനാമകീർത്തനം ജപിക്കുന്നു,, !
കാവ്യങ്ങൾ രചിക്കുവാനെന്നെ നിർബ്ബന്ധിക്കുന്നു,,
നിത്യവും ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുവാൻ കല്പിക്കുന്നു !
സ്നേഹമേ നമോവാകം !പേന ഞാനെടുക്കുന്നു,,,
ചിന്തകൾ ശിഥിലമാണെങ്കിലും കുറിക്കുന്നു !
കൂട്ടുകാർ നീട്ടും ലൈക്കും ഷെയറും കൊതിച്ചു ഞാൻ,,
ഫേസ് ബുക്കിൽ കണ്ണും നട്ടു മൗനിയായിരിക്കുന്നു,
പിന്നെയും അവാർഡ് എന്നെ ത്തേടിയെത്തുന്നൂ, മന്ദ-
സ്മേരവും പൊഴിച്ചമ്മ ആശംസയരുളുന്നു !
മന്ത്രിയോ കൊടിവച്ചകാറിൽ വന്നിറങ്ങുന്നു, !
തന്ത്രത്തിൽ ഫോട്ടോഗ്രാഫറങ്ങോട്ടുകുതിക്കുന്നു !
മന്ത്രിയോടൊപ്പം നിന്ന്, ചിത്രമൊന്നെടുക്കുവാൻ
എത്രയോ ആരാധകർ വെമ്പുന്നു,, വിയർക്കുന്നു,, !
ഉച്ചഭാഷിണിയിലൂടെന്റെപേർ രണ്ടാവൃത്തി
ഉച്ചരിച്ചതുകേട്ടു വേദിയിൽ കരേറി ഞാൻ !
മുഴങ്ങീ ഹർഷാരവം,, സാദരം കൈകൂപ്പി ഞാൻ,,
ലബ്ധമാംപുരസ്കാരം നെഞ്ചോട്‌ ചേർത്തീടവേ,,
ഓർത്തു ഞാനെന്നമ്മയെ, പേറ്റുനോവറിയാത്തൊരമ്മയെ,
മഹേശ്വരിയാകുമെൻ സ്നേഹാംബയെ,, !

By ivayana