രചന : ഒ കെ.ശൈലജ ടീച്ചർ ✍
പുള്ളിക്കുടയും പുത്തനുടുപ്പുമായി പുത്തനുണർവ്വോടെ സ്ക്കൂളിലേക്കു പോകുന്ന മക്കൾക്കൊപ്പം പുതുമഴയും പൊട്ടിച്ചിതറിക്കൊണ്ടെത്തിയപ്പോൾ തന്റെ വീടിന്റെ മുൻ വശത്ത് ചാരുക കസേരയിലിരുന്ന് അന്നത്തെ പത്രം വായിക്കുകയായിരുന്നു രവീന്ദ്രൻ മാഷ്.”മാഷേ കുളിക്കുന്നില്ലേ ? ചായ മേശപ്പുറത്ത് വെച്ചിട്ടുണ്ടേ. എനിക്കിത്തിരി കൂടി പണിയുണ്ട്. വേഗം വന്നോളൂട്ടോ”
വാസന്തിയമ്മ അതും പറഞ്ഞു കൊണ്ട് വീണ്ടും അടുക്കളയിലേക്കു തന്നെ പോയി. അവർ വേഗം ടിഫിൻ ബോക്സെടുത്തു ചോറും കറിയും, ഉപ്പേരിയുമൊക്കെ പാത്രത്തിലാക്കി. പതിവുപോലെ ചുക്ക് വെള്ളം കുപ്പിയിൽ നിറച്ചു. അതൊക്കെയെടുത്ത് മേശപ്പുറത്ത് വെച്ചു.
“, ഈ മാഷ് ഇന്ന് പത്രം വായിച്ചു കൊണ്ടിരിക്കുകയാണോ ? മണി എട്ട് കഴിഞ്ഞല്ലോ ! മാഷേ …. മാഷേ ….”
“എന്താ വാസന്തീ….നീയെന്തിനാ യെന്നെയിങ്ങനെ വിളിക്കുന്നത്?”
“അല്ല മാഷേ ഇന്ന് ജുൺ ഒന്നാം തിയ്യതി യല്ലേ . സ്ക്കൂൾ തുറക്കുന്ന ദിവസമല്ലേ. പതിവു തെറ്റിക്കാതെ മഴയെത്തിയല്ലോ. മാഷ് പത്രം വായിച്ചിരിപ്പാണോ ? സ്ക്കൂളിൽ പോകണ്ടേ ?
“എന്താ വാസന്തീ….. നിനക്കെന്താ പറ്റിയത്? ഞാൻ പെൻഷനായ കാര്യം നീ മറന്നുവോ ?”
“ഓ…. അത് ശരിയാണല്ലോ മാഷേ ….. മുപ്പത് വർഷം ! നീണ്ട ആ കാലയളവിൽ എന്നും ചെയ്തിരുന്നതാണല്ലോ മാഷിന്റെ ചോറ്റുപാത്രമൊരുക്കൽ ! ഇനി അത് വേണ്ട അല്ലേ !! ഞാനതങ്ങു മറന്നു ! എത്ര വേഗമാണ് കാലം പോയത് അപ്പോൾ ഇനി മാഷും എന്നെപ്പോലെ വീട്ടിൽത്തന്നെ ഇരിക്കുകയാണോ ?
“ഏയ് …. ഒരിക്കലുമല്ല നീ ഇവിടെയിരിക്കൂ.”
“അടുക്കളയിൽ പാത്രങ്ങളൊന്നും കഴുകിയിട്ടില്ല. എന്താണെന്ന് വെച്ചാൽ പറയൂ .” വാസന്തിയമ്മ മാഷിന്റെയടുത്തായി ഉമ്മറപ്പടിയിലിരുന്നു.
” വാസന്തീ നീ വർഷങ്ങളായില്ലേ എനിക്കും മക്കൾക്കും വേണ്ടി വെച്ചു വിളമ്പി ഈ വീട്ടിനുള്ളിൽത്തന്നെ കഴിയുന്നു”
“അതിനെന്താ മാഷേ എന്റെ കടമയല്ലേയത്. എനിക്കതിൽ സന്തോഷമേയുള്ളൂ. മക്കളെയൊക്കെ നല്ല നിലയിലെത്തിക്കാൻ മാഷും നന്നായി കഷ്ടപ്പെട്ടല്ലോ.”
“അതെ. മക്കൾക്ക് കുടുംബമായി. ഇനിയുള്ള കാലം നമുക്ക് നമ്മുടെ കൊച്ചു കൊച്ചു മോഹങ്ങൾ സഫലമാക്കിക്കൊണ്ട് മുന്നോട്ടു ജീവിക്കാം.”
” ഇനിയിപ്പം എന്ത് മോഹം! വയസ്സു കാലത്ത്”
“നമുക്ക് നമ്മുടെ നാടിന്റെ ഭംഗിയാസ്വദിച്ചു കൊണ്ടൊരു യാത്ര പോകാം. ഞാനതിനുള്ള ഏർപ്പാടൊക്കെ ചെയ്തിട്ടുണ്ട്. കേരളത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ, ക്ഷേത്രങ്ങൾ അങ്ങനെ …..എന്താ നിനക്കിഷ്ടമല്ലേ …. നീ എപ്പോഴും . പറയാറില്ലേ അണക്കെട്ട് കാണണം. കുന്നും മലയും കാണണം. സൂര്യാസ്തമയം കാണണമെന്നൊക്കെ.”
“അതൊക്കെ പറയുന്നതല്ലേ. അത് പോലെ നടക്കുമോ ?”
” ദീപുവും ദീപയുമാണ് ഈ കാര്യം എന്നെ ഓർമ്മിപ്പിച്ചത്. കേരളം കണ്ടു കഴിഞ്ഞ് ബാംഗ്ലൂരിൽ അവരുടെയടുത്ത് കുറച്ചു ദിവസം താമസിക്കാനും പറഞ്ഞിട്ടുണ്ട്. യാത്രയ്ക്കുവേണ്ടതെല്ലാം അവർ ശരിയാക്കിയിട്ടുണ്ട്. നിനക്കൊരത്ഭുതമാകട്ടെയെന്ന് കരുതിയാണ് ഇതുവരെ പറയാതിരുന്നത്.”
“അപ്പോൾ അഛനും മക്കളും കൂടി ഇതായിരുന്നോ പ്ലാൻ. ഇടയ്ക്കൊക്കെ ഫോണിൽ കുറേ നേരം സംസാരിച്ചത് ഇതായിരുന്നുവല്ലേ …… നല്ലത്. മക്കളേയും കാണാലോ …. അവർക്കിങ്ങോട്ടു വരാൻ സമയമില്ലല്ലോ ….”
“മാഷ് എണീക്ക് , ചായ തണുത്തു കാണും . ഫോണിന്റെ ശബ്ദം കേൾക്കുന്നുണ്ട്. ഞാൻ നോക്കട്ടെ”
വാസന്തിയമ്മ വേഗമെഴുന്നേറ്റു അകത്തേക്ക് പോകാനൊരുങ്ങിയതായിരുന്നു. പെട്ടെന്ന് തല ചുറ്റുന്നത് പോലെയവർക്ക് തോന്നിയതും നിലത്ത് വീണതും ഒന്നിച്ചായിരുന്നു.
” വാസന്തീ…വാസന്തീ…. എന്താ പറ്റിയത് !” മാഷ് കസേരയിൽ നിന്നു മെഴുന്നേറ്റ് നിലത്തുവീണു കിടക്കുന്ന വാസന്തിയമ്മയെ പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. അപ്പോഴും അകത്തെ മുറിയിൽ നിന്നും ഫോൺ നിർത്താതെ റിംഗ് ചെയ്യുകയായിരുന്നു.
മേശപ്പുറത്ത് നിന്നും ജഗ്ഗിലെ വെള്ളമെടുത്ത് മാഷ് വാസന്തിയമ്മയുടെ മുഖത്ത് തളിച്ചു. തട്ടി വിളിച്ചു. ആ വിളിയുടെ ശക്തി കൂടിക്കൂടി അതൊരു പൊട്ടിക്കരച്ചിലായി മാറിയതറിയാതെ മാഷും വാസന്തിയമ്മയുടെയടുത്തായി കുഴഞ്ഞു വീഴുകയായിരുന്നു. അപ്പോഴും ഫോൺ നിർത്താതെ റിംഗ് ചെയ്തു കൊണ്ടിരുന്നു.