രചന : ജിസ ജോസ്✍

ഭാര്യ മരിച്ച ദിവസം
പുലർച്ചെ
അവൾ വിളിച്ചു.
എപ്പോഴാണെത്തുക?
രാവിലെയെന്നയാൾ
അലക്ഷ്യനായി.
അതിനുമുന്നേ
മുഖം കഴുകി
ഇസ്തിരിയിടാത്ത
കുപ്പായമിടൂ .
ഷേവു ചെയ്യരുത്
പിന്നാമ്പുറത്തു
കട്ടൻ കാപ്പിയനത്തുന്നുണ്ടാവും
ഒരു കപ്പു കാപ്പി
വാങ്ങിക്കുടിച്ച്
ഉമ്മറത്തു പോയി
മരിച്ചവളെത്തുന്നതു
കാത്തിരിക്കൂ.
അവളോർമ്മിപ്പിച്ചു.
എനിക്കു കട്ടനിഷ്ടമില്ലെന്നും
മരണവീട്ടിൽ
പാൽക്കാപ്പിക്ക്
അയിത്തമെന്തിനെന്നും
അയാൾ ക്ഷുഭിതനായി.
ഇന്നൊരു ദിവസത്തേക്ക്..
അവൾ യാചിച്ചപ്പോൾ
അയാൾ നിശ്ശബ്ദനായി.
“സങ്കടമുണ്ടോ? “
അവൾ ചോദിച്ചു.
അറിയില്ലെന്നയാൾ പതറി.
ഇന്നൊരു ദിവസം
കരയാതിരിക്കരുത്,
ആളുകൾ ശ്രദ്ധിക്കുമെന്നവൾ
ഓർമ്മിപ്പിച്ചു .
കരച്ചിൽ വരാതെങ്ങനെയെന്ന്
അയാളമ്പരന്നു.
പഴയതെന്തെങ്കിലുമോർമ്മിക്കൂ
വേനലിലെ കിണറു പോലെ,
വാക്കും നോക്കും കൊണ്ടു
ഹൃദയത്തിലെ സ്നേഹം
മുഴുക്കെ തേകി
വറ്റിച്ചതിനു മുൻപുള്ള
എന്തെങ്കിലും?
അയാൾക്കൊന്നും
ഓർത്തെടുക്കാനായില്ല.
വെള്ളത്തിൽക്കലക്കിയ
നിറങ്ങൾ പോലെ
എല്ലാം കൂടിക്കുഴഞ്ഞും
നേർത്തും ….
എന്തെങ്കിലുമൊക്കെ
വീണു കിട്ടാതിരിക്കില്ല
ഓർത്തുകൊണ്ടേയിരിക്കുവെന്ന്
അവൾ പിന്നെയും.
കല്യാണസാരി ഇലപ്പച്ചനിറം
വേണമെന്നും
ബ്ലൗസിൽ നക്ഷത്രങ്ങളുടെ
ആകൃതിയിലുള്ള
സ്വർണപ്പൊട്ടുകൾ തുന്നിപ്പിക്കണമെന്നും
കത്തെഴുതിയ
ഇരുപതുകാരിയെ
അയാളേതോ
വിദൂര കാലത്തു നിന്നു
ക്ലേശിച്ചു
കണ്ടുപിടിച്ചു..
ഇലപ്പച്ചയ്ക്കു പകരം
കൊടുത്ത
പൂവാകച്ചുവപ്പുള്ള
സാരിയും
നക്ഷത്രങ്ങളില്ലാതെ
ശൂന്യമായ ബ്ലൗസും
അവളെ
സങ്കടപ്പെടുത്തിയിരുന്നോ
എന്നയാളാലോചിച്ചു.
ഒരിക്കലും ചോദിച്ചിട്ടില്ലെന്നും
ഇനിയതിനവസരമില്ലെന്നും
ഓർത്തപ്പോൾ
അയാൾക്കു ശരിക്കും
വിഷമം തോന്നി.
അങ്ങനെയങ്ങനെ
അവൾക്കു
കൊടുക്കാത്തതിനെപ്പറ്റി
അവളോടു
ചോദിക്കാത്തതിനെപ്പറ്റിത്തന്നെ
ആലോചിച്ചു കൊണ്ടേയിരിക്കൂ ,
അതൊരുപാടുണ്ടാവും .
അന്നേരം
കുറ്റബോധം കൊണ്ടു
കണ്ണുകൾ നിറയുമെന്നും
നീറുമെന്നും
ഫോണിനപ്പുറത്ത്
അവളോർമ്മിപ്പിച്ചു.
ഞാനും വരുന്നുണ്ട്
മരിച്ചവളെ
ആദ്യമായും
അവസാനമായും കാണാൻ !
നീ മരിച്ചുപോയവളുടെയടുത്ത്
വിഷാദത്തിലുറഞ്ഞിരിക്കുന്നതു
കാണുമ്പോൾ
എൻ്റെ കണ്ണുകളും നിറയും.
കറുപ്പു വരകളുള്ള
ചേലത്തുമ്പു വായിൽത്തിരുകി
ഞാൻ കരച്ചിലടക്കും.
അത് മരിച്ചവളോടുള്ള
സ്നേഹം കൊണ്ടല്ല,
മരിച്ചവളെയോർത്തോർത്തു
നീ കരയുന്നതു കണ്ടായിരിക്കും.
അവൾ
ഫോണിൽ മന്ത്രിച്ചു.
■■■
വാക്കനൽ

By ivayana