രചന : സതീഷ് വെളുന്തറ. ✍

അഴിമതിക്കാരെന്ന് മുദ്രകുത്തി നിങ്ങ
ളെന്തിനു കുരിശിലേറ്റീടുന്നു ഞങ്ങളെ
കുറ്റമാണോ ഞങ്ങളൊന്നോ രണ്ടോ ബഹു
നില മന്ദിരമുണ്ടാക്കാനാഗ്രഹിച്ചാൽ
ഒന്നോ രണ്ടോ ലക്ഷം രൂപ മാത്രം വെറും
ശമ്പളമായ് ഞങ്ങൾ പറ്റിടുമ്പോൾ
രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ ഞങ്ങൾ
പാടും പെടാപ്പാട് നിങ്ങളിലാർക്കറിയാം
സ്കൂൾ തുറക്കുമ്പോൾ വേണമായിരങ്ങൾ
ഓണം വരും പിന്നെ ക്രിസ്മസും റംസാനും
മോശമല്ലാത്തൊരു കാറു വേണേൽ
വട്ടമെത്തേണം ലക്ഷങ്ങളൻപതേലും
വർഷത്തിൽ ഒന്നോ രണ്ടോ തവണ ഞങ്ങൾ
കൊച്ചു കുടുംബത്തെയൊപ്പം കൂട്ടി
ആകാശ യാനത്തിൽ ലോകമാകെയൊന്ന്
ചുറ്റിക്കറങ്ങുവാൻ പോയി ടേണ്ടേ
ഇതിനൊക്കെ ഞങ്ങൾക്ക് കാശ് വേണ്ടേ
സർക്കാരു നൽകുന്ന നക്കാപ്പിച്ച കൊണ്ടൊ
ക്കുമോ പറഞ്ഞു തരേണം നിങ്ങൾ
നിങ്ങൾക്കു മുൻപിൽ കൈ നീട്ടുകയല്ലാതെ
മറ്റില്ലാ മാർഗമെന്നോർത്തിടണം
ഇവിടൊന്ന് പറയുന്നു ഞങ്ങളൊന്നായ്
കൈക്കൂലി വാങ്ങുവാനായുള്ള വകാശം
മൗലികാവകാശങ്ങളിലൊന്നാക്കിടാൻ
വേണം ഭരണഘടനയ്ക്കുടൻ മാറ്റം
നിശ്ചലമാകുമല്ലായ്കിൽഇവിടെയീ
ഭരണ യന്ത്രത്തിന്റെ സ്പന്ദനങ്ങൾ
പെൻ ഡൗൺ സമരം സിന്ദാബാദ്.

സതീഷ് വെളുന്തറ.

By ivayana