രചന : സെഹ്റാൻ✍
മൗനം പത്തിവിരിച്ചാടുന്ന
ചില പുലരികളിൽ ഞാൻ
കാടുകയറുന്നു.
മങ്ങിയ വെളിച്ചം
മടിച്ചുപൊഴിയുന്ന കാടകം.
കാലുറകൾ ധരിച്ച വൃക്ഷങ്ങൾ.
ശിഖരങ്ങളിൽ തൂങ്ങുന്ന
കൂടുകളിൽ അടയിരിക്കുന്ന
സ്വർണമത്സ്യങ്ങൾ,
ചതുരാകൃതിയാർന്ന പാറകൾ.
പാറകളുടെ മാറുപിളർന്ന്
മേലോട്ട് കുതിക്കുന്ന
ജലധാരകൾ.
അദൃശ്യമായ മുരൾച്ചകൾ,
ചിലപ്പുകൾ, ചിറകടികൾ…
കാഴ്ച്ചകളുടെ മടുപ്പിക്കുന്ന
ആവർത്തനങ്ങൾ!
എന്തുകൊണ്ടാണെന്നറിയില്ല,
ഏകാന്തത ഒരു ഭാരമാണെന്നേ
അന്നേരം പറയാൻ തോന്നൂ…
ചിന്തകളും, തത്വചിന്തകളും
ക്രമംതെറ്റി കലമ്പാൻ
തുടങ്ങുമ്പോൾ തിരികെ…
കാടിറങ്ങുമ്പോൾ
കടന്നൽക്കൂട്ടിൽ നിന്നും
പറന്നിറങ്ങിയൊരു
സർപ്പമെന്നെ ദംശിക്കുന്നു!
എന്തുകൊണ്ടാണെന്നറിയില്ല,
വഴിമറന്നുപോകുന്ന യാത്രകളിൽ
മരണമെന്നതൊരു
മിഥ്യാധാരണയാണെന്നേ
അന്നേരം പറയാൻ തോന്നൂ.
കട്ടിലിൽ മൗനത്തിന്റെയും,
മരണത്തിന്റെയും നടുവിൽക്കിടന്ന്
ഏകാന്തതയെ തത്വചിന്തകളുടെ
വേരുകളോട് ചേർത്തുകെട്ടി
പ്രശ്നവൽക്കരിക്കുമ്പോഴും
കാഴ്ച്ചകളുടെ മടുപ്പിക്കുന്ന
ആവർത്തനങ്ങളുമായ്
കാടെന്നെ വീണ്ടും വിളിക്കുന്നു!
⭕