രചന : വാസുദേവൻ. കെ. വി✍

“കാട്ടുമുല്ലകൾ പൂക്കുന്ന
വനവീഥിയിലൂടവേ
വരുമോ കുങ്കുമം തൊട്ട
സാന്ധ്യശോഭ കണക്കവള്‍?
(കവി പി കുഞ്ഞിരാമന്‍ നായര്‍- തോണിപ്പുരയില്‍)
വാക്കുകളുടെ മഹാബലിയെന്ന് കവിയെ വിശേഷിപ്പിച്ചത് കെ ജി ശങ്കരപ്പിള്ള.
പദ സമ്പത്തിനൊപ്പം പ്രണയചാതുരിയും, കാൽപ്പനിക ബോധവും കൊണ്ട് കവിതയുടെ മായാജാലം തീർത്ത മലയാളഭാഷയുടെ കളിയച്ഛൻ.

കേമൻമാരോമനിച്ചാലും
ചെവി വട്ടം പിടിച്ചു നീ..”
കവി ആറ്റൂർ രവിവർമ്മയുടെ മേഘരൂപൻ എന്ന കവിത കവി പി യെ കുറിച്ചായിരുന്നു. ഒരു കവി മറ്റൊരു കവിയെ കുറിച്ച് കവിതഎഴുതുന്നത് അപൂർവ്വം. ‘സഹ്യനേക്കാൾ തലപ്പൊക്കം നിളയെക്കാളുമാർദ്രത ഇണങ്ങി നിന്നിൽ..’എന്നാണ് ആറ്റൂർ വാഴ്ത്തിയത്.
സിനിമാലോകം തിരിച്ചറിഞ്ഞ കവി ജീവിതം. കളിയച്ഛൻ എന്ന പേരിൽ ഉമ്മർ ഫറൂക്കും, ഇവൻ മേഘരൂപൻ എന്ന പേരിൽ പി ബാലചന്ദ്രനും അത് അഭ്രപാളിയിലാക്കി.
കവികൾ പെരുകുന്ന കാലത്ത് ആരവങ്ങളില്ലാതെ മറ്റൊരു പി സ്മൃതി ദിനം കൂടി നമ്മേ കടന്നുപോയിരിക്കുന്നു. നാല്പത്തഞ്ചാം ഓർമ്മ ദിനം. പുത്തഞ്ചേരി പനച്ചൂരാൻ ദിനങ്ങൾ ആഘോഷിക്കാൻ മറക്കാത്ത നമ്മൾ എന്തുകൊണ്ടോ ചിലതൊക്കെ മറന്നു പോകുന്നു.
പ്രണയവരികൾ കൊണ്ട് മാസ്മരികത തീർത്ത് പ്രണയസൗഭാഗ്യം നേടാതെ,
പരിചരിക്കാൻ ആരുമില്ലാതെ സത്രത്തിൽ നിത്യനിദ്ര പൂകിയ ഒറ്റയാന് പ്രണാമം.

വാസുദേവൻ. കെ. വി

By ivayana