രചന : പ്രിയ ബിജു ശിവ കൃപ ✍
എഴിലം പാലയിലെ ഇലകൾ ആടിക്കളിക്കുന്നു.
അവൾ അവിടെയുണ്ടാകും
യക്ഷി….
യാമങ്ങളിൽ പാതിരാക്കോഴി കൂവുമ്പോഴും നായകൾ ഓരിയിടുമ്പോഴും മനസ്സിലേക്ക് വരുന്ന ഘോര രൂപീണി….
അവളെ കാണാനും സംസാരിക്കാനും കുറെ നാളായി ആഗ്രഹിക്കുന്നു. ഇന്നാണ് തരപ്പെട്ടത്.
എല്ലാവരും കഥകൾ മെനഞ്ഞിരുന്നു. അവളെക്കുറിച്ച്,
പത്രക്കാരൻ, പാൽക്കാരൻ, മീൻകാരൻ, രാവിലെ നടക്കാൻ പോകുന്നവർ… അവരൊക്കെ കാണാറുണ്ടത്രേ. ആ അടച്ചിട്ട വീടിനു മുന്നിൽ അവൾ ഉലാത്തുന്നത്…
അവിടെമെങ്ങും പാലപ്പൂവിന്റെ ഗന്ധമാണത്രേ എപ്പോഴും
ജീവിച്ചിരുന്നപ്പോ പലരുടെയും ഉറക്കം കെടുത്തിയ സുന്ദരി.
ടൗണിൽ സ്റ്റേഷനറി കട നടത്തിയിരുന്ന അജയേട്ടന്റെ ഭാര്യ…
ആ വലിയ വീട്ടിൽ പകൽ അവരൊറ്റയ്ക്കായിരുന്നു. കടയടച്ചു ഒരുപാട് വൈകിയെ അജയേട്ടൻ വരാറുള്ളൂ.
അവൾ അടുത്തുകൂടി പോകുമ്പോൾ എല്ലാവർക്കും ചെമ്പകപ്പൂവിന്റെ സുഗന്ധം അനുഭവപ്പെടാറുണ്ടായിരുന്നു… അവളുടെ പൂന്തോട്ടത്തിൽ നാനാജാതി പൂക്കളുണ്ടായിരുന്നു… അവയെല്ലാം അവളുടെ ചങ്ങാതിമാരായിരുന്നു..
നിശാഗന്ധി മാത്രം പൂവിടാതെ നിന്നു….
ഒരപകടത്തിൽ അജയേട്ടൻ മരിച്ചുപോയപ്പോൾ നീലിമ ഒറ്റക്കായി. സ്നേഹിച്ചു വിവാഹം കഴിച്ചവരായിരുന്നു അവർ.. ഏതോ ഒരു ശപിക്കപ്പെട്ട രാത്രി ആരുടെയോ കരാള ഹസ്തങ്ങളിൽ പെട്ട് നീലിമ കൊല്ലപ്പെട്ടു…
അവർ ഈ നാട്ടിൽ വന്ന സമയത്ത് തൊട്ടടുത്ത വീട്ടിൽ താമസിച്ചിരുന്നിട്ടും അവൾ തന്നോട് സംസാരിച്ചിരുന്നില്ല… പരസ്പരം കാണേണ്ടി വരുമ്പോൾ മുഖം തിരിച്ചു പോവും അവൾ…
ഒരു പത്രാസുകാരി. അങ്ങനെയാണ് തനിക്കു തോന്നിയത്…
താൻ അവധി കഴിഞ്ഞു പോകുന്ന ദിവസം അവളുടെ വീട്ടുപടിക്കലെത്തിയപ്പോൾ അറിയാതെ അങ്ങോട്ടേക്ക് നോക്കി. ഒരു ശിലാ ശില്പം പോലെ വാതിൽക്കൽ അവൾ. അവസാന കാഴ്ച്ചയാണിതെന്നു വിചാരിച്ചില്ല.
എന്താണെന്നറിയില്ല അന്നവളുടെ ചുണ്ടിൽ ഒരു നേർത്ത പുഞ്ചിരി ഉണ്ടായിരുന്നു.
സ്നേഹിച്ചിരുന്നവൾ വേറെ കൂട്ട് തേടിപോയപ്പോൾ വിവാഹം വേണ്ടെന്നു വച്ചിരുന്ന താൻ വിധവയായ അവളെ മോഹിച്ചിരുന്നുവോ?
അറിയില്ല..
പക്ഷെ അവളെ ഓർക്കുമ്പോഴൊക്കെ എന്തോ ഒരു സന്തോഷം തോന്നാറുണ്ടായിരുന്നു. പ്രേത്യേകിച്ചു തിരികെ പോരുമ്പോ കിട്ടിയ ആ പുഞ്ചിരി… കണ്മുന്നിൽ തെളിയുമ്പോൾ..പതുക്കെ പതുക്കെ അവളെ സ്നേഹിച്ചു തുടങ്ങുകയായിരുന്നു
നാട്ടിലെത്തിയ ശേഷം അവളോട് മനസ്സ് തുറക്കണമെന്ന് ആഗ്രഹിച്ചിരുന്നു… ആരെതിർത്താലും അവളെ ജീവിതത്തിലേക്ക് കൂട്ടണമെന്ന് തീരുമാനിച്ചിരുന്നു
അവളെ ആരോ കൊന്നുവെന്നറിഞ്ഞപ്പോൾ മനസ്സിൽ ഒരുതരം മരവിപ്പ് ആയിരുന്നു… അല്ലെങ്കിലും ഇന്നുവരെ ആഗ്രഹിച്ചതൊന്നും നേടാൻ തനിക്കു കഴിഞ്ഞിട്ടില്ലല്ലോ…
നീണ്ട മുടിയിഴകൾ കാറ്റിലാടി പാറിക്കളിക്കുന്നു…
കണ്ണിൽ കത്തിയെരിയുന്ന അഗ്നി നാളങ്ങൾ
കഴുത്തിലെ നീല ഞരമ്പുകളിൽ കുത്തിയിറക്കാനുള്ള ദംഷ്ട്ര കൂർത്തു നിൽപ്പുണ്ട്…
കുറെ നേരമായി അവളും ഞാനും തുറിച്ചു നോക്കി നിൽക്കാൻ തുടങ്ങിയിട്ട്.
മുന്നിൽ കുറ്റാക്കുറ്റിരുട്ടാണ്.
“നിങ്ങള് എന്താ ഇവിടെ?”
” നിന്നെ കാണാൻ വന്നതാ”
” എന്തിനു “
” ഒന്ന് മിണ്ടണം എന്ന് തോന്നി “
” എന്നിട്ടെന്താ ജീവിച്ചിരുന്നപ്പോ മിണ്ടിയില്ലല്ലോ “
” അന്ന് കഴിഞ്ഞില്ല… പേടിയായിരുന്നു “
” അത് കൊള്ളാം. ഇപ്പോൾ അപ്പൊ പേടിയില്ലേ.. “
” ഇല്ല “
” അതെന്താ “
” അന്നത്തെ എന്റെ മനസ്സ് നിനക്കറിയില്ലല്ലോ. ഇന്ന് നീയതൊക്കെ മനസ്സിലാക്കിയിട്ടുണ്ടാകും എന്ന് തോന്നി “
അവളുടെ മുഖത്തു വേദന നിറഞ്ഞു….
” ഇല്ല. എനിക്കാരെയും മനസ്സിലായില്ല… ആരെയും… വീട്ടുകാരെ എല്ലാവരെയും ഉപേക്ഷിച്ചു കൈ പിടിച്ച ഭർത്താവും
ജീവിതം നഷ്ടപ്പെട്ടു പോയപ്പോൾ ഒറ്റയ്ക്കായിപ്പോയ ഒരു പെണ്ണിന്റെ വിഹ്വലതകൾ മുതലെടുത്ത ഒരു സമൂഹവും എല്ലാവരും എന്നെ ചതിക്കുകയായിരുന്നു…
” അജയേട്ടൻ??? “
” അയാളും എന്നെ വഞ്ചിക്കുകയായിരുന്നു. വേറെ ഭാര്യയും കുട്ടികളും ഒക്കെ ഉണ്ടായിരുന്നു അയാൾക്ക്. അതറിയാൻ ഞാൻ വൈകിപ്പോയി. അറിഞ്ഞപ്പോഴേക്കും വിധി തന്നെ അയാളെ ഇല്ലാതാക്കി.
” നിന്നെ ആരാണ് ഇല്ലാതാക്കിയത് “
” ഇനി അതൊക്കെ അറിഞ്ഞിട്ടെന്തിനാ. അവർക്കൊക്കെയുള്ള മറുപടി കാലം നൽകിക്കഴിഞ്ഞു… പക്ഷെ മനസ്സിൽ മുള പൊട്ടിയ ചെറിയ ഒരു ആഗ്രഹം ഉണ്ടായിരുന്നു…
കണ്ണുകളിൽ പ്രണയവും മനസ്സിൽ സ്നേഹവും നിറച്ച ഒരാൾ
ആ ഒരാളെ കണ്ടെത്തിയപ്പോഴേക്കും വിധി ഒരു കോമാളിയെ പ്പോലെ മുന്നിൽ വന്നു നിന്നു പല്ലിളിച്ചു കാട്ടി ജീവനെടുത്തു..
ആ ഇഷ്ടം അയാളോട് തുറന്നു പറയാൻ കഴിഞ്ഞില്ല….
ആ ഇഷ്ടം തിരികെ എന്നോടുമുണ്ടെന്ന് ആ നോട്ടത്തിലൂടെ അറിഞ്ഞിട്ടും അയാളോട് അതു പറയാനാവാതെ……. “
അവളുടെ മിഴികൾ നിറഞ്ഞൊഴുകി…
യക്ഷി കരയുകയോ?
അവൾ പെട്ടെന്ന് സാധാരണ നിലയിലായി.
പൊയ്ക്കോളൂ… നിങ്ങള്… അല്ലെങ്കിൽ ചിലപ്പോൾ എന്റെ ദംഷ്ട്രകൾ നിങ്ങളുടെ നീല ഞരമ്പുകളിൽ ആകൃഷ്ടമാകും…
അവൾ തിരിഞ്ഞു നിന്നും…
അവളുടെ മുടി നിലത്തുകിടന്നിഴയുന്നുണ്ടായിരുന്നു…
അവൻ അടുത്തേക്ക് ചെന്നു…
അപ്പോൾ അവൾക്ക് പാലപ്പൂവിന്റെ ഗന്ധം അല്ലായിരുന്നു…വിടർന്ന ചെമ്പകത്തിന്റെ ഗന്ധം.
ദംഷ്ട്രകളിൽ ഉണങ്ങിപ്പിടിച്ച ചോരക്കറകൾ ഉണ്ടായിരുന്നില്ല…
ദൂരെ നായകൾ ഓരിയിടാൻ തുടങ്ങി….
ഇരുട്ടിൽ അവയുടെ കണ്ണുകൾ ഭയാനകമാം വിധം തിളങ്ങി…പക്ഷെ അന്നാദ്യമായി ആ അമാവാസി രാത്രിയിൽ പാലപ്പൂവിന്റെ ഗന്ധത്തിന് പകരം അവിടമെങ്ങും ചെമ്പകപ്പൂവിന്റെ ഗന്ധം നിറഞ്ഞു….
നീലിമയുടെ അടഞ്ഞുകിടന്ന ആ വീടിനു മുന്നിലെ നിശാഗന്ധിയിൽ പൂ വിടർന്നു… ഒരു മനോഹര കാവ്യം പോലെ…