രചന : മംഗളൻ എസ് ✍️

പ്രണയ സംഗീതത്തിൻ സപ്തസ്വരങ്ങളാൽ
പ്രണയ ശ്രുതിചേർത്തെൻഹൃദയ വീണയിൽ
പ്രണയ മഴപ്പെയ്ത്തിൻ പല്ലവി പാടി നീ
പ്രണയാനുപല്ലവി ഞാൻ മറന്നൊരുവേള!

കണ്ണുകൾ രണ്ടെണ്ണമെന്തിനെനിക്കിനിയും
കണ്ണിനു കണ്ണായ നിൻ മനമറിയാത്ത
കണ്ടു മോഹംപൂണ്ടു നിൻമേനിയഴകെന്നാൽ
കണ്ടില്ല നിന്നിലെ നിന്നെ ഞാനൊരു മാത്ര!

അസ്ഥി തുളച്ചെന്റെ മജ്ജയിലേറിപ്പോയ്
അജ്ഞാതമാമേതോ രതിമോഹങ്ങൾ
അസുലഭമേതോരനുഭൂതിരഥത്തിൽ
അരികത്തണഞ്ഞിന്നുഞാനാസക്തിയാൽ.

നിൻ മൃദുമേനിയെ പുൽകി മലർശയ്യയിൽ
നിന്നിൽപ്പടർന്നുകേറുന്ന മലർവള്ളിയായ്
എൻ ദൂഷ്യ ചിന്തകൾ മോഹിച്ചാമൃദുമേനി
എന്നിലെസ്വാർത്ഥമോഹങ്ങളുമുണർന്നുവോ

നിന്നെയറിയാനെൻ മനസ്സു വൈകിപ്പോയി
നിന്നെ സാന്ത്വനിപ്പിക്കാനുള്ളം മറന്നുപോയ്
നിൻമിഴിക്കോണിലെ നീർമണിത്തുള്ളികൾ
നിലയില്ലാ നീലക്കടലെന്നറിഞ്ഞു ഞാൻ.

നീയെന്ന സൗരഭം എന്നിൽനിന്നകലവേ
നിൻ നിഴൽ പോലുമാപരിമളം പേറവേ
നീയെന്ന സത്യത്തിൻ പൊരുളറിയാത്തിവൻ
നിന്റെ വിശുദ്ധിയുമറിയുവാൻ വൈകിയോ?

മൂവന്തിക്കിതുകണ്ട് രവിയോകനലായി
മൂകനായ് കടലിൽ മുങ്ങാനൊരുങ്ങീടവേ
മൂക വിരഹീണി വിതുമ്പിയകലവേ
മൂകസാക്ഷിയാം നിഴൽ നിൻതുണയാകവേ…

ഈ കടലോരത്തെ കല്പവൃക്ഷങ്ങളിൽ
ഈ സന്ധ്യാ നേരത്തു ചേക്കേറും പക്ഷികൾ
ഈർഷ്യയാലെന്നോടിന്നുകലമ്പുന്നതെന്തോ
ഈ കുറ്റവാളിയെ തെറിവിളിക്കുംപോലെ!

ഈ കടൽത്തീരത്തിനിയുള്ള സന്ധ്യകൾ
ഈറനണിഞ്ഞു കലങ്ങുംമിഴികളാൽ
ഈ മഹാപാപി നിൻ വരവുകാത്തിരിക്കും
ഈയൊര് നരജന്മം മുഴുവനുമോമലേ.

കടൽക്കരെ നിന്റെയീനാമമെഴുതി ഞാൻ
കടൽവെള്ളം വന്നതുമായ്ക്കുന്നതെന്തേ?
കരയുന്നൊരെന്റെ കരളിന്റെ നൊമ്പരം
കടലമ്മ പോലുമിത് കാണുന്നതില്ലയോ?

ഒരു മിന്നാമിനുങ്ങിൻ ചെറു തരിവെട്ടമായ്
ഒരുമാത്രയീ തമസ്സകറ്റാനണയൂ
ഒരു സ്നേഹ ദീപമായെന്നിൽ നീ തെളിയൂ
ഒരു യുഗമെന്നിലാ ദീപം പ്രകാശിക്കാൻ.

By ivayana