ഉമ്മറക്കോലായിൽ തൂണും ചാരിയിരുന്ന് വഴിയോര കാഴ്ചകൾ കണ്ണിൽ നിന്ന് മായുന്നത്രയും ദൂരം വരെ നോക്കി ഇരിക്കുമ്പോൾ അവളുടെ മനസ്സിൽ വല്ലാത്തൊരാധിയായിരുന്നു.

ഉച്ചവെയിലിന് കനം വെക്കുന്നതോടെ തുടങ്ങുന്ന ആ കാത്തിരിപ്പിന് എന്തോ പ്രത്യേകത കൂടി ഉണ്ടായിരിക്കണം. ഒരു പക്ഷെ ആ കാത്തിരിപ്പിന് വിരാമം സന്തോഷമോ, സന്താപമോ ആവാം.

മഴയും, മഞ്ഞും മാറി വന്ന്, ഉച്ചവെയിലിന് കനം വെക്കുന്ന പ്രകാശപൂരിതമായ ആ നാളിലാണ് മലർവാടിയിലെ ഓരോ തരുവും പതിയെ പതിയെ തലതാഴ്ത്തിയത്.

വിടരാൻ കൊതിച്ച ഓരോ പൂമൊട്ടും പാതിയിൽ മുറിഞ്ഞുപോയ കിനാവിൻ ചീളു പോലെ പാതി വിടർന്നും, വിടരാതെയും മലർവാടിയിലെ മനോഹാരിതയെ കളങ്കപെടുത്തിയതാവണം.

പാതി വിരിഞ്ഞ ഓരോ സൂനത്തിനിതളും പതിയെ കൊഴിഞ്ഞു വീണു.

ഋതുക്കളിൽ വന്ന മാറ്റമോ, കാലദോഷമോ ആയിരിക്കാം ഒരിറ്റു നീരിനായ് മോഹമുദിച്ചതും.

ദേശമൊട്ടാകെ പെട്ടെന്ന് വരിഞ്ഞു മുറുക്കിയ ആ ഋതുമാറ്റമാകണം മിക്ക വീടുകളിലും വന്ന് ചേർന്ന അതിസാരത്തിന് ഹേതുവായതും. പാടേ പടർന്നു പിടിച്ച വ്യാധിയെ ദേശം ആധിയോടെ നോക്കി കണ്ടു.

“തണ്ടും, തടിയും ഉണ്ടായിട്ടെന്താ എല്ലാം തളർന്നു,വാടി. കൊഴിയാൻ വെമ്പുന്ന പൂവിതളു പോലെ”

ശരീരത്തിലെ ജലാംശം നിലനിർത്താനുള്ള അറ്റകൈയെന്നോണം തെങ്ങിലെ മൂപ്പെത്താക്കുലകൾ അടർത്തിയെടുക്കുന്നതും പതിവായി.

‘ലേശം ന്തേലും ആ പള്ളേലൊന്നെത്തട്ടേ’

ഗൗരിയമ്മ, പറഞ്ഞു കൊണ്ടാണ് തെങ്ങിലെ മൂപ്പെത്താക്കുലകൾ അടർത്തിയെടുക്കാൻ കുമാരേട്ടനെ ഏൽപിച്ചത്.

കാഴ്ചയിൽ നീളമുള്ളതും, എന്നാൽ നന്നേ മെലിഞ്ഞ്, ഒട്ടിയ വയറും, ചില്ലിച്ച കൈകാലുകളുമായ രൂപമായിരുന്നു കുമാരേട്ടന്റേത്.

തന്റെ ദേശത്തെ തെങ്ങ് കയറ്റ തൊഴിലാളികളിൽ പ്രധാനിയും കുമാരേട്ടനായിരുന്നു. നാട്ടിലെ ഏതാവശ്യമായാലും നേരോം, കാലോം നോക്കാതെ തെങ്ങിൽ കയറി തേങ്ങയിടുന്നതും അവരായിരുന്നു. വളരെ തുച്ഛമായ തുക മാത്രം കൈപറ്റി തന്റെ ജോലിയോട് കൂറ് പുലർത്തുന്ന കുമാരേട്ടന് ആ ദേശത്തെ തെങ്ങുകൾ കയറാൻ നേരം തികയാറില്ലത്രേ. അത്രയേറേ ദേശവാസികളുടെ മനസ്സിൽ സ്ഥാനം പിടിച്ച നന്മമരമാകണം കുമാരേട്ടനെന്ന ‘ഇളനീരുമാമൻ’

കല്യാണം കഴിഞ്ഞ് ചെക്കന്റെ വീട്ടിലേക്ക് പോയ പുതുമണവാട്ടി നാളുകൾക്ക് ശേഷം തടി മെലിച്ചലും, ക്ഷീണവുമായി തറവാട്ടിലേക്ക് തന്നെ താമസം മാറിയപ്പോൾ പ്രേത്യകതരം സ്നേഹവും, വാത്സല്യവും നൽകുന്നതൊടൊപ്പം ഇളനീരുമാമൻ തെങ്ങിൽ നിന്നും അടർത്തിയെടുത്ത മൂപ്പെത്താക്കുലകൾ ഓരോന്നെടുത്ത് അരയിൽ തിരുകി വെക്കുന്ന കത്തികൊണ്ട് മേൽഭാഗം മുറിച്ച് വെള്ളം കൊടുത്ത് ക്ഷീണം മാറ്റിയിരുന്നു.

‘ന്താ കുഞ്ഞോൾക്ക് തരാതെ ശിവേച്ചിക്കു മാത്രം ഇളനീര്’

‘മ്മളെ ശിവേച്ചിക്കു വയറ്റിൽ കുഞ്ഞാവണ്ടത്രേ. വാവ വലുതാവണേൽ ഇളനീരു കുടിക്കണം’

കൂട്ടത്തിൽ മുതിർന്ന മിന്നു പറഞ്ഞു.

ചർദ്ദിച്ച്, ചർദ്ദിച്ച് അവശയായ ശിവേച്ചിയെ കണ്ടപ്പോൾ കുഞ്ഞോൾക്കും സങ്കടായി.

‘പാവല്ലേ ന്റെ ശിവേച്ചി വെറോന്നും കഴിച്ചൂടാ.വയറ്റിൽ എത്തുന്നേന്റെ ഇരട്ടി പുറത്തു വരും’

കുഞ്ഞാവയുടെ ഇഷ്ടം പോലെ കുഞ്ഞോൾക്കും ഇളനീരാ ഇഷ്ടം.

അന്നാദ്യായാണ് ഇളനീരുമാമന്റെ വകയായ് കുഞ്ഞോൾക്കും ഇളനീരു കിട്ടിയെ. പിന്നിതങ്ങോട്ട് അതൊരു പതിവായി. ഏറേ കൊതിയോടെ കാത്തിരിപ്പും തുടർന്നു.

പതിവില്ലാത്ത നേരത്ത് ഓടിക്കിതച്ചെതിയ കൃഷ്ണേട്ടനാ പറഞ്ഞേ
‘ഇളനീരുമാമൻ കവലയിൽ കുഴഞ്ഞു വീണത്രേ’

വീഴ്ചയുടെ ആഗാതമായിരിക്കണം ബോധം മറഞ്ഞു പോയതും. ടൗണിലെ വലിയ ആശുപത്രിയെ ലക്ഷ്യമാക്കി ആളുകൾ ഇളനീരുമാമനെയും കൊണ്ടോടി.

‘ന്റെ പടച്ചോനെ ഇനി ന്റെ തെങ്ങിൽ തേങ്ങയിടാനാരെ കിട്ടാനാ , ന്റെ കുമാരനെ കാത്തോളണേ’

ഗൗരിയമ്മ, ഒരോട്ടമായിരുന്നു കേട്ടു നിന്ന കുഞ്ഞോളും മനമുരുകി പ്രാർത്ഥിച്ചു.

‘ന്റെ ഇളനീരു മാമന് ഒന്നും പറ്റല്ലേ’

ചെറിയച്ഛനായിരുന്നു ആദ്യമായി ഇളനീരുമാമനെയും കൂട്ടി വീട്ടിൽ വന്നത്. പകൽനേരങ്ങളിൽ ദേശത്തെ തെങ്ങുകളെല്ലാം കയറിയിറങ്ങി സൂര്യാസ്തമനത്തോടെ കവലയിലെ സന്ദർശകനായും, കൂട്ടരുമൊത്ത് കുശലാന്വേഷണത്തോടെ സന്തോഷം പങ്കിടുകയും ഒടുവിൽ ആളൊഴിഞ്ഞ കവലയിൽ ഇരുട്ടിൻ മറവു പിടിച്ച് ഏതെങ്കിലുമൊരു കടത്തിണ്ണയിൽ അന്തിയുറങ്ങുകയും ബ്രാഹ്മമുഹുർത്തത്തിനുണർന്ന് ക്ഷേത്ര ദർശനവും കഴിഞ്ഞ് തന്റെ പതിവുജോലിയിലേക്ക് അതായിരുന്നു ദിനചര്യ.

അത് മനസ്സിലാക്കിയത് കൊണ്ടാവണം ചെറിയച്ഛൻ മടക്കയാത്രയ്ക്ക് അനുവദിക്കാതിരുന്നതും. അന്ന് തൊട്ട് അവിവാഹിതനായ ചെറിയച്ഛനോടൊപ്പം വീട്ടിലെ ഒരംഗമായി ഇളനീരു മാമനും. ചെറിയച്ഛന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ കൂടിയായിരുന്നു.പുലർക്കാലേ തുടങ്ങുന്ന തെങ്ങുകയറ്റത്തിന് ഇടവേളയാവണം കനം വെക്കുന്ന ഉച്ചവെയിൽ. ദേശത്തിന്റെ ഏത് കോണിലായാലും കുഞ്ഞോളുടെ ഇളനീരുമായി ഓടിയെത്തുന്ന നേരമാണത്.

സ്നേഹവാത്സല്യത്തോടെ ഇളനീരു മാമനായും, ശാസനയോടെ ഗുരുനാഥനായും, പലവിധ വേഷമണിഞ്ഞ ഇളനീരുമാമന്റെ വീഴ്ച കാട്ടുതീ പോലെ ദേശം മുഴുവൻ പടർന്നു. ആ ഗ്രാമം ഒന്നടങ്കം ആശുപത്രിയിലേക്ക് ഒഴുകിയെത്തി.

ഒടുവിൽ ഒരിക്കലുമുണരാത്ത നിദ്രയിലേക്ക് വഴുതി വീണ ഇളനീരുമാമനെന്ന ആ നന്മമരത്തിനോട് ഈറനണിഞ്ഞ മിഴികളോടെ ദേശവും യാത്ര പറഞ്ഞു

ആ സമയം കുനിഞ്ഞ ശിരസ്സോടെ ഓരോ തരുവും ഋതുമാറ്റത്തിനായ് കാത്തിരിക്കുന്നുണ്ടായിരുന്നു

✍ ബേബിസബിന

By ivayana