രചന : കുട്ടുറവൻ ഇലപ്പച്ച ✍
കൊല നടന്ന മുറിയില്‍
ശവം, വായ പിളര്‍ന്ന്
വയറു വീര്‍ത്ത്
കണ്ണു തുറന്നു കിടന്നിരുന്നു.
തറയില്‍
നാലുപാടും ഭയന്നോടിയ രക്തം.
ഈച്ചകളുടെ
അന്തിമപരിചരണം.
ജനാലയ്ക്കല്‍ വന്ന് എത്തിനോക്കി
മൂക്കു പൊത്തി എല്ലാവരും
മുറ്റത്തേക്ക് മാറിനിന്ന്
സ്വകാര്യം പറഞ്ഞു.
പ്രഥമവിവരറിപ്പോര്‍ട്ട് തയ്യാറാക്കുന്ന
പോലീസുകാര്‍
ശവത്തിനു ചുറ്റും
ഒരു ലക്ഷ്മണരേഖ വരച്ചു.
എല്ലാ മുറികളും തുറന്നു നോക്കി.
ആരുമുണ്ടായിരുന്നില്ല, ഒന്നും.
അടുക്കളയില്‍
മൂന്നു ദിവസം മുന്‍പ് ബാക്കിയായ
ചോറും കറിയും
വായ തുറന്നിരിക്കുന്ന ഒരടുപ്പും
ഉണ്ടായിരുന്നു.
കിടപ്പുമുറിയില്‍
തൂക്കിയിട്ട ഷര്‍ട്ടുകള്‍
വായിച്ചു വച്ച പുസ്തകം
കുത്തിക്കെടുത്തിയ സിഗരറ്റ്
എല്ലാം അതേപടി കിടന്നിരുന്നു.
കൊല ചെയ്യപ്പെട്ടവന്‍ ഉപയോഗിച്ചിരുന്ന
അലമാരയിലെ കണ്ണാടി
അപ്പോഴും പ്രവര്‍ത്തിച്ചിരുന്നു.
അതില്‍
പൊലീസുകാരന്റെ മുഖം തെളിഞ്ഞു.
പത്രം,റേഡിയോ,ടെലിവിഷന്‍ ,കമ്പ്യൂട്ടര്‍
അത്തരത്തിലൊന്നും അവിടെ കണ്ടില്ല.
ചുമരില്‍ ,
ഉപേക്ഷിച്ചു പോയ ബന്ധുക്കളുടെയും
അയാളുടെയും
കറുപ്പിലും വെളുപ്പിലുമുള്ള ഛായാപടങ്ങള്‍
ഒരേ പോസില്‍
നിശ്ചേഷ്ടരായി തൂങ്ങിക്കിടന്നു.
ഒഴിഞ്ഞ കസേരകള്‍
ഒഴിഞ്ഞുതന്നെ കിടന്നു.
മുറികള്‍ക്കുള്ളിലും
വീടിനുചുറ്റും
വെറുതേ പാഞ്ഞു നടന്ന
പൊലീസ് നായ
നിരാശയോടെ കുരച്ചു.
അന്വേഷണത്തില്‍ നിന്ന്
ഒരു കാര്യം മനസ്സിലായി.
അയാള്‍ക്ക്
ചങ്ങാതിമാരാരും ഉണ്ടായിരുന്നില്ല.
അയല്‍പ്പക്കക്കാര്‍
ആ വീട്ടില്‍ വന്നിരുന്നില്ല.
ഒരു പിച്ചക്കാരനാണ് ശവം ആദ്യമായിക്കണ്ടത്.
അയാളെ ചോദ്യം ചെയ്ത് വിട്ടയച്ചു.
പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം
ശവം അടക്കം ചെയ്ത് എല്ലാവരും തിരിച്ചു പോയി.
സാക്ഷികളും
തെളിവുകളുമില്ലാത്തതിനാല്‍
അന്വേഷണം
എന്നേക്കുമായി അവസാനിപ്പിച്ചു.
………………………..
എല്ലാ മുറികളിലും പതിയിരുന്ന
ആര്‍ക്കും പിടി കൊടുക്കാതിരുന്ന
വിദഗ്ദ്ധനായ കൊലപാതകി,
പിന്നീട് ആ വീട്ടില്‍ തനിച്ചായി:
നിശ്ശബ്ദത.
🌿🌿🌿🌿🌿🌿