രചന : രമണി ചന്ദ്രശേഖരൻ ✍
എത്തിപ്പിടിയ്ക്കുവാനാകാതെ ഞാനെൻ്റെ
ബാല്യത്തിൻ മച്ചിലേക്കെത്തി നോക്കി
കണ്ണാന്തളിരും കറുകപ്പുൽനാമ്പും
കൈ നീട്ടിയെന്നെ വിളിക്കുന്നുവോ? .
ഇരുളിൻ്റെ ഉമ്മറത്താരോ കൊളുത്തിയ
തിരികളിൽ മിഴിയൂന്നി നിന്നിടുമ്പോൾ…
നിറയുന്ന ബാല്യത്തിന്നോർമ്മകളെന്നിൽ
അറിയാതെ മൗനത്തിൻ തേരിലേറി
മാമ്പഴക്കാലത്തിന്നോർമ്മകളെന്നിൽ
മാമ്പൂവിൻ തളിരായി നിറഞ്ഞിടുമ്പോൾ…
മുട്ടോളമെത്തുമാ കുട്ടിപ്പാവാടയിൽ
ഞാനെൻ്റെ ബാല്യത്തെ ചേർത്തു നിർത്തി
ഹൃദയത്തുടിപ്പുകൾ ഓരോന്നു ചേർത്തു ഞാൻ
മണ്ണപ്പം ചുട്ടതുമോർത്തു നിന്നു
എങ്ങോ മറഞ്ഞൊരാ ബാല്യത്തിൻ നൊമ്പരം
കരളിൻ പിടച്ചിലായ് തിങ്ങിടുന്നു.
പാൽമണമായെന്നിൽ നുരയിട്ടുണർത്തുന്ന
താരാട്ടുപാട്ടിൻ്റെ ഈണമെല്ലാം
ഇരുളിന്നിടനാഴിയിൽ തെളിയുന്നൊരു
വാത്സല്യപ്പൂവായി വിരിഞ്ഞിടുന്നു .
ഋതുഭേദമോരോന്നു വന്നു പോകുമ്പോഴും
ഇടറും പുഴയുടെ പാട്ടുകേൾക്കാൻ..
കളിവള്ളം കെട്ടിയാ പടിമേലിരുന്നിട്ട്
കൈ കൊണ്ട് പങ്കായ താളമിട്ടു.
ഒരു മഴ ചാറ്റലിൽ ചേമ്പില ചൂടി ഞാൻ
ചെളിവെള്ളം തട്ടിക്കളിച്ച കാലം
കണ്ണാരം പൊത്തിക്കളിച്ചെൻ്റെ മുമ്പിൽ
ചിത കൂട്ടി മെല്ലെയെരിഞ്ഞിടുന്നു
അനവദ്യ സ്നേഹപ്രവാഹമായെന്നുള്ളിൽ
പരിലാളനങ്ങൾ തലോടിടുമ്പോൾ…
ആ ദിനം യാത്രയും പറയാതെ പോകുമെ-
ന്നറിയാതെ ഞാനും കളിച്ചിരുന്നു.
എവിടേക്കോ പോയൊരാ ബാല്യത്തെയോർത്തു ഞാൻ
പതറും ,മിഴിയോടെ കാത്തു നിൽപ്പൂ..
ഒരു നേരമെങ്കിലും പിരിയാത്തൊരോർമ്മകൾ
പിടയുന്ന പ്രാണനിൽ തന്നെ കേൾക്കാം.