ഞാനൊരു കവിയല്ല,
കഥാകാരിയുമല്ല,
പിന്നെഞാനാരാണ്.?

ചിന്തകളെന്നെ
തടവറയിലാക്കുമ്പോൾ
അതുതുറക്കുന്ന
,പൂട്ടും താക്കോലുമാണെന്റെ
പുസ്തകവും പേനയും.

വിഷാദമെന്നിൽ
അലതല്ലിയെത്തുമ്പോൾ
അതണക്കാനെന്റെ
പേനയെടുക്കുംഞാൻ!

നിരാശയെന്നെ
തളർത്തിടുമ്പോൾ
ഒരുണർത്തുപാട്ടായും,
വിരഹമെന്നെ
വീർപ്പുമുട്ടിക്കുമ്പോൾ
കവിതയായുമെന്റെ
വരികൾ കുറിക്കും ഞാൻ!

മോഹങ്ങളോരൊന്ന്
മനതാരിൽ നിറയുമ്പോൾ
ഒരാവേശത്തോടെ
ഞാനെന്റെ ഹൃദയം കുറിക്കും.

അങ്ങനെയങ്ങനെ ,
കുത്തിക്കുറിച്ചുകൊണ്ട്
കാലങ്ങളെത്രയോ ഞാൻ
തളളിനീക്കീ…

ഞാനൊരു കവിയല്ല.
എഴുത്തുകാരിയല്ല,
എനിക്കറിയാം….
ഞാനിപ്പൊഴുമൊരു
പാവം അടുക്കളക്കാരിമാത്രമാണെന്ന്.

*********സിന്ധുമനോജ്

By ivayana